Monday, 3 December 2007

HIV പ്രതിരോധവും ചില ധാരണകളും: കമന്റിനു കമന്‍റ്

ജോസഫ് മാഷിന്‍റെ സ്വവര്‍ഗ പ്രേമികളെ HIV വേട്ടയാടുന്നു എന്ന പോസ്റ്റില്‍ നടന്ന ചര്‍ച്ചയ്ക്ക് ശ്രീ അനിവറിന്‍റെ മറുപടികള്‍: ആണ്‍ ലൈംഗികത്തൊഴിലാളികള്‍ ഫണ്ടിങ്ങ് ടാര്‍ഗറ്റ് ആകുമ്പോള്‍ എന്ന പോസ്റ്റിലെ ചില തെറ്റിദ്ധാരണകള്‍ ചൂണ്ടിക്കാണിക്കുകയാണിവിടെ.

ശ്രീ അനിവറിന്‍റെ പോസ്റ്റ് നന്നായി. ഇങ്ങനെ ഒരു ചര്‍ച്ച വളരെ നല്ലതാണ്. സദാചാര പോലീസിന് പിടികൊടുക്കാതെ സൂക്ഷിക്കുക. തലക്കെട്ട് വളരെ ഇഷ്ടപ്പെട്ടു. കാരണം ആണായാലും പെണ്ണായാലും 'target' ആകുന്നതു ശരിയല്ല.

1. "ഡാം പ്രൊജക്റ്റുകള്‍ കൊണ്ടുമാത്രം 1947നു ശേഷം ഇന്ത്യയില്‍ 50 മില്ലൃണ്‍ പേര്‍ കുടിയൊഴിക്കപ്പെട്ടു എന്ന് അരുന്ധതി റോയ്, (The Greater Common Good). ചേരി നിര്‍മ്മാര്‍ജ്ജനങ്ങളും നന്ദിഗ്രാമും ഗുജറാത്തിലേതുപോലുള്ള വംശഹത്യകളും ഈ കൂട്ടത്തില്‍ എത്ര സംഭാവന ചെയ്തിട്ടുണ്ടോ എന്തോ? മനസ്സില്‍ തികട്ടിവന്ന ഈ ചോദ്യം ഒരു അബദ്ധത്തില്‍ ഞാനവിടെ ചോദിച്ചു. "

അത് കലക്കി. അതുപോലെയുള്ള പല പല ചോദ്യങ്ങളും അവിടെ മാത്രമല്ല ചോദിക്കേണ്ടത്‌. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെ മീറ്റിങ്ങുകളിലും, യുദ്ധപ്പടക്കൊപ്പുകള്‍ വാങ്ങിക്കു‌ട്ടുന്ന രാജ്യങ്ങളിലും എല്ലാം ചോദിക്കാവുന്ന വളരെ പ്രസക്തമായ ചോദ്യം. HIV യും പട്ടിണിയും, സ്ത്രീ ശാക്തീകരണവും, കുടിയൊഴിപ്പിക്കലും എല്ലാം തമ്മില്‍ ബന്ധമുണ്ടെന്നുള്ളതില്‍ യാതൊരു തര്‍ക്കവും ഇല്ല.

ഇനി ചില അബദ്ധ ധാരണകളിലേക്ക്:

2. "ആണ്‍ ലൈംഗികത്തൊഴിലാളികള്‍ MSM (മെയില്‍ ഹാവിങ്ങ് സെക്സ് വിത്ത് മെന്‍) എന്ന ചെല്ലപ്പേരില്‍ അറിയപ്പെടുന്നു"

ഈ പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്ന concepts പലതും വളരെ തെറ്റായ ധാരണയോടു കു‌ടി ആണ് എന്ന് ചൂണ്ടിക്കാണിക്കണമെന്നു തോന്നി. ഗേ (gay) എന്നത് sexual ഐഡന്റിറ്റി ആണ്. ഇതിനെ കുറിച്ചു ആധികാരികമായി പറയണമെങ്കില്‍ ഏതെങ്കിലും gay ഗ്രൂപ്സിന്‍റെ വെബ് സൈറ്റ് സന്ദര്ശിച്ചാല്‍ മതിയാകും. http://www.humsafar.org/about.htm . ഇതു ബോംബയിലുള്ള ഒരു ഗ്രൂപ്പിന്‍റെ വെബ് സൈറ്റ് ആണ്.
മറ്റൊരെണ്ണം: http://www.evergreeninternational.org/gay_identity.htm

ഇതില്‍ പറയുന്നതു ശ്രദ്ധിക്കൂ: "The personal conflict over homosexual feelings creates a difficult internal struggle. After years of trying to find answers and no success at trying to change their feelings, some people become convinced that their homosexual feelings are inborn and unchangeable and they accept a gay identity which finally ends the internal struggle that has caused them so much frustration and pain. Accepting a gay identity has far-reaching implications because being "gay" includes not only personal feelings, but also describes a social and political identity. As they associate with other gay people, they find a great deal of acceptance and feel—perhaps for the first time in their life—that they fit in. Since they often feel that the world has let them down or they feel rejected by the world, they turn to each other for support. There they feel safe, comfortable, and at home."

ഇതാണ് ഐഡന്റിറ്റി. MSM എന്നുള്ളത് ഇങ്ങനെ ഐഡന്റിറ്റി തോന്നത്തവരെയും ഉള്‍പ്പെടുത്തി അവരുടെ behavioural risk കുറക്കുവാന്‍ വേണ്ട interventions (HIV യെക്കുറിച്ചുള്ള അറിവ് പകരല്‍, ഉറ അഥവാ condom ഉപയോഗിക്കുന്ന രീതി പഠിപ്പിക്കുക, ലൈംഗിക രോഗങ്ങള്‍ സമയത്ത് ചികിത്സിക്കുക) നടത്താനുള്ള എളുപ്പത്തിനായി കണ്ടുപിടിച്ചിരിക്കുന്ന ഒരു ചുരുക്കപ്പേര് മാത്രം. അതില്‍ ഐഡന്റിറ്റി തോന്നുന്നവരും അല്ലാത്തവരും ഉള്‍പ്പെടും.

MSM (male having sex with male) - അതായത് ആണും ആണും തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന എല്ലാവരും അതില്‍ ഉള്‍പ്പെടും. അല്ലാതെ താങ്കള്‍ ഉദ്ദേശിക്കുന്നത് പോലെ MSM എന്നാല്‍ ആണ്‍ ലൈംഗിക തൊഴിലാളികള്‍ എന്നല്ല. അതില്‍ കുറെ പേര്‍ ലൈംഗിക തൊഴില്‍ ചെയ്യുന്നവരാണെങ്കിലും. MSMല്‍ ഞാനും താങ്കളും ഉള്‍പെടുന്ന നല്ല കുടുംബമായി ജീവിക്കുന്ന പലരും അല്ലാത്തവരും ഉള്‍പ്പെടാം. gay എന്നുള്ളത് പലര്‍ക്കും മാറ്റാന്‍ പറ്റാത്ത ഒരു ഐഡന്റിറ്റി ആണ്. അത് കൂടുതലും ഒരു പടിഞ്ഞാറന്‍ (വെസ്റ്റേണ്‍)concept ആയിരുന്നെങ്കിലും ഇപ്പോള്‍ ഇന്ത്യയില പല സിറ്റികളിലും കാണാമെന്നാണ് എനിക്ക് തോന്നുന്നത്.

3."ഗേ -ലെസ്ബിയന്‍ ഗ്രൂപ്പുകള്‍ക്കിടയിലെ HIV/AIDS കുറവാണെന്നും അവരാണ് ഈ വിഷയത്തില്‍ ഏറ്റവും വിവരം സ്വായത്തമാക്കിയിട്ടുള്ളതുമെന്നുള്ള നിരവധി സ്റ്റഡികള്‍ വന്നിട്ടുണ്ട്. (ലിങ്ക് വേണേല്‍ തെരഞ്ഞെടുത്ത് തരാം)"

"gay- ലെസ്ബിയന്‍ ആള്ക്കാരുടെയിടയില്‍് HIV കുറവാണെന്നുള്ള" വാചകം തെറ്റിധാരണ പരത്തും. ലെസ്ബിയന്‍സിന് (സ്ത്രീയും സ്ത്രീയും തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍) HIV ലൈംഗിക ബന്ധത്തിലുടെ വരാനുള്ള സാധ്യത വളരെ വളരെ കുറവാണ്.

Gay എന്നുള്ളതും ഒരു sexual ഐഡന്റിറ്റി ആയതിനാല്‍ HIV യുടെ കണക്ക് അവരുടെ ഇടയില്‍ മാത്രം അല്ല എടുക്കുന്നത്. നേരത്തെ സുചിപ്പിച്ചത് പോലെ MSM ന്‍റെ ഇടയിലാണ്. അതില്‍ ലൈംഗിക തൊഴിലാളികളും അല്ലാത്തവരും ഉള്‍പ്പെടും.

ഇനി HIV കണക്കുകളിലേക്ക്: ഇന്ത്യയില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ ഇടയില്‍ (injecting drug users/ IDU) കഴിഞ്ഞാല്‍ ഏറ്റവും കു‌ടുതല്‍ HIV, MSM ന്‍റെ ഇടയിലാണ്. 2006-ലെ സര്‍ക്കാര്‍ കണക്കു പ്രകാരം (ഇന്ത്യയിലെ ശരാശരി) injecting drug users 6.92% പേര്‍ HIV ബാധിതരാണെങ്കില്‍ MSM 6.42% ആള്‍ക്കാര്‍ HIV പോസിറ്റീവ് ആണ്. സ്ത്രീ ലൈംഗിക തൊഴിലാളികളുടെയിടയില്‍് ഇതു 4.9% ആണ്. ഇതില്‍ തന്നെ കര്‍ണാടകയില്‍ MSM 19% ആള്‍ക്കാര്‍ HIV പോസിറ്റീവ് ആണ്. (സ്ത്രീ ലൈംഗിക തൊഴിലാളികള്‍ 9% പേരും).

ഡല്‍ഹിയില്‍ ഇതു യഥാക്രമം 12.27% , 1.4% , മഹാരാഷ്ട്രയില്‍ 15.6%, 12.8% എന്നിങ്ങനെ MSM, സ്ത്രീ ലൈംഗിക തൊഴിലാളികള്‍ എന്നിവരുടെയിടെയില്‍ കാണുന്നു. സര്‍ക്കാരിന്‍റെ കണക്കു പ്രകാരം വെസ്റ്റ് ബംഗാളിലും മണിപ്പൂരിലും ആണ് സ്ത്രീ ലൈംഗിക തൊഴിലാളികളുടെ ഇടയില്‍ HIV അല്പമെങ്കിലും കു‌ടുതല്‍ (വെസ്റ്റ് ബംഗാള്‍ 6.6%- MSM & 7.58% FSW; മണിപ്പൂര്‍് 10.6%, 11.4%)). മഹാരാഷ്ട്ര, തമിള്‍ നാട്, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ injecting drug users ന്‍റെ ഇടയില്‍ 20% ലധികം പേര്‍ക്ക് HIV യുണ്ട്.
ചില ശരിക്കുള്ള sources താങ്കള്‍ വായിച്ചിരുന്നെങ്കില്‍ ഈ ഒരു വാദഗതി കൊണ്ടു വരില്ലായിരുന്നു. ഈ കണക്കുകളെല്ലാം സര്‍ക്കാര്‍ ആശുപത്രികള്‍ വഴി ഉണ്ടാക്കുന്നതാണ്. അല്ലാതെ NGO- കള്‍ അല്ല. താഴെകൊടുത്തിരിക്കുന്ന ലിങ്ക് ശ്രദ്ധിക്കുക. എല്ലാ വിവരങ്ങളും അതിലുണ്ട്. അത് ജോസഫ് മാഷിന്റെ പോസ്റ്റിലും ഇട്ടിരുന്നു. http://164.100.12.21/upload/Documents/HIV%20Sentinel%20Surveillance%20and%20HIV%20Estimation,%202006.pdf

HIV യെക്കുറിച്ചുള്ള അവബോധം MSM ന്‍റെ ഇടയില്‍ കൂടുതലാണെന്നുല്ലതും ശരിയാനെന്നു തോന്നുന്നില്ല. അതിനും സര്‍ക്കാരിന്‍റെ behaviour surveillance survey (BSS) എന്ന സര്‍വേയില്‍ വിവരങ്ങള്‍ കിട്ടാന്‍ സാധ്യതയുണ്ട്. ഇപ്പോള്‍ നോക്കിയിട്ട് കാണുന്നില്ല. പിന്നീട് കിട്ടുമ്പോള്‍ ഇടാം. അതില്‍ പല ഗ്രൂപ്പുകളെ കുറിച്ചുള്ള വിശദമായ കണക്കുകള്‍ ഉണ്ട്. താങ്കള്‍ക്കു മറ്റു വിവരങ്ങള്‍ കിട്ടിയാല്‍ ലിങ്ക് ഇടുമല്ലോ.
എന്ന് വിചാരിച്ച് MSM ന്‍റെ ഇടയില്‍ മാത്രം HIV പ്രവര്‍ത്തനം നടത്തിയാല്‍ മതിയെന്ന് പറയാന്‍ സാധിക്കുകയില്ല. പല റിസ്ക് ഗ്രൂപ്സിനും കൂടാതെ സമൂഹത്തിലും ഇതിന്‍റെ പ്രവര്‍ത്തനം കൊണ്ടു വരേണ്ടതുണ്ട്.

4. "ആദ്യകാല ഫണ്ടിങ്ങുകളും ടാര്‍ഗറ്റ് ഗ്രൂപ്പുകളുമെല്ലാം സ്ത്രീ ലൈംഗികത്തൊഴിലാളികളെ കേന്ദ്രീകരിച്ചായിരുന്നു. അതിന്റെ ബോധവല്‍ക്കരണത്തിന്‍റെ ഒരു പരമാവധി കാലഘട്ടം പിന്നിട്ടിരിക്കുന്നു. ഇനി തുടര്‍ബോധവല്‍ക്കരണമേ വേണ്ടൂ."

ആദ്യത്തേതു ശരി. രണ്ടാമത്തെ ഭാഗം വളരെ തെറ്റായ ധാരണ.

ആദ്യ കാലങ്ങളില്‍ എന്ത് കൊണ്ടു സ്ത്രീ ലൈംഗിക തൊഴിലാളികളുടെയിടെയില്‍ മാത്രം HIV പ്രവര്‍ത്തനം ഒതുങ്ങി നിന്നു?

പ്രധാന കാരണം ഇന്ത്യയില്‍ ഇങ്ങനെ ഒരു സംഭവം (MSM) ഉണ്ടെന്നു സമ്മതിക്കാന്‍ നമ്മുടെ കപട സദാചാര ബോധം അനുവദിച്ചിരുന്നില്ല എന്നതാണ്. അതുകൊണ്ടു തന്നെ ഇതിന് വളരെ സമയം എടുത്തു. സ്ത്രീ ലൈംഗിക തൊഴിലാളികളും ഈ ഭൂമീയിലെങ്ങും ഉണ്ടെന്നു അംഗീകരിക്കാന്‍ പ്രയാസമായിരുന്നെങ്കിലും പതിനായിരങ്ങള്‍ ഉള്ള സോണഗാച്ചിയും (കല്‍ക്കട്ട) അതുപോലെ കമാത്തിപുരയും (ബോംബെ) നമ്മുടെ സദാചാരങ്ങളെ മു‌ടിവയ്ക്കാന്‍ ബുദ്ധിമുട്ടുള്ളതാക്കി. പലയിടത്തും MSM ന്‍റെ ഇടയില്‍ പദ്ധതി തുടങ്ങാന്‍ താമസിക്കുന്നതിനു പ്രധാന കാരണം, തുടങ്ങിയാല്‍ നമ്മുടെ സദാചാരം പോകുമോയെന്നുള്ള തോന്നലുകളും അജ്ഞതകളും കൊണ്ടാണ്.

മറ്റൊരു കാരണം സ്ത്രീ ലൈംഗിക തൊഴിലാളികളെ കണ്ടു പിടിക്കാനും അവരുടെ ഇടയില്‍ പ്രവര്‍ത്തനം നടത്താനും താരതമ്യേന എളുപ്പമായിരുന്നു എന്നതാണ്. MSM ന്‍റെ ഇടയില്‍ അങ്ങിനെ ഇത്രയും പേരെ ഒന്നിച്ചുള്ള സ്ഥലങ്ങള്‍ പെട്ടന്ന് കണ്ടുപിടിക്കാന്‍ സാധ്യമല്ല. കുട്ടായ്മകള്‍ വളരെ അനൌപചാരികം (informal) ആയിരുന്നതിനാല്‍ അവരില്‍ എത്തിച്ചേരാനും ബുദ്ധിമുട്ടായിരുന്നു.

ആദ്യത്തെ ഗ്രൂപ്പില്‍ എല്ലാം ശരിയായി, ഇനി അടുത്ത ഗ്രൂപിലേക്ക് നീങ്ങാം എന്ന് വിചാരിക്കാന്‍ പറ്റിയ ഒരു കാര്യമല്ല HIV എന്നത്. കാരണം ലൈംഗിക പെരുമാറ്റ ( sexual behaviour ) വുമായി ബന്ധപ്പെട്ടിരിക്കുന്നത് കൊണ്ടു അറിവുള്ളത് കൊണ്ടു മാത്രമായില്ല, അത് പ്രാവര്ത്തികമാക്കണമെങ്കില്‍ അതിനുള്ള സാഹചര്യവും വേണം. അതിന് തുടര്‍ച്ചയായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തണം.

5. "ബാല ലൈംഗികപീഡനത്തിന്റെ തടയാനുള്ള മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കലാണ് . ഇന്ത്യയിലോട്ട് അടുത്തവര്‍ഷം വരുന്നത് 8 ബില്ല്യണ്‍ ഡോളര്‍. പക്ഷേ വീടിനുള്ളിലെ പീഡനം തടയല്‍ പോസ്റ്റര്‍ പ്രചരണത്തിലൊതുങ്ങുന്നു. പ്രൊജക്റ്റിന്റെ മെയിന്‍ ടാര്‍ഗറ്റ് ഗ്രൂപ്പ് MSMs ഉം തെരുവുകുട്ടികളും തന്നെ. "

8 billion US$ എന്നാല്‍ 32,000 കോടി രൂപ! ഇന്ത്യയിലെ AIDS നുള്ള അടുത്ത 5 വര്‍ഷത്തേക്കുള്ള ബഡ്ജറ്റ് വിദേശ പണം ഉള്‍പ്പെടെ 8700 കോടി രൂ‌പയാണ്. അപ്പോള്‍ 32,000 കോടി അതിശയോക്തി തന്നെ. ആരും അങ്ങിനെ വാരി കൊടുക്കില്ലെന്നേ.

താങ്കളുടെ രണ്ടാമത്തെ വാചകം ഇഷ്ടപ്പെട്ടു. വീട്ടിനുള്ളിലാണ് കൂടുതലും ബാല ലൈംഗിക പീഠനം നടക്കുന്നത്(ആണായാലും പെണ്ണായാലും). അത് കൊണ്ടു തന്നെ അത് നേരിടാന്‍ പ്രയാസമാണ്. പല കുട്ടികളെയും കടത്തികൊണ്ടു പോയി ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടുത്തുന്നതിന് വലിയ ഒരു ശൃംഘല തന്നെയുണ്ട്. അത് കൂടുതലും ഞാന്‍ കണ്ടിരിക്കുന്നത് ആന്ധ്രാ, തമിഴ്നാട്, വെസ്റ്റ് ബംഗാള്‍ എന്നിവിടങ്ങളില്‍ ആണ്. അത് തടയാന്‍ ആയിരിക്കണം താങ്കള്‍ ഉദ്ദേശിച്ച പദ്ധതി. അത്രയും പൈസയില്ലെന്കിലും! അത് HIV യുമായി ബന്ധപ്പെടുത്തി ആയിരിക്കാനും സാധ്യതയില്ല.

ഇത് ഇത്രയും വലിയ കമന്റ് ആയത് കൊണ്ടു പോസ്റ്റ് ആയി ഇടുന്നു.

ജോസഫ് മാഷിന്റെ ചര്‍ച്ചയുടെ ലിങ്ക് എടുക്കാന്‍ പറ്റുന്നില്ല. അതിനാല്‍ താഴെ കൊടുത്തിരിക്കുന്നത് ശ്രദ്ധിക്കുക. http://kurinjionline.blogspot.com/2007/12/blog-post.html

Saturday, 1 December 2007

പെദ്ദാപുരത്തെ പെണ്‍കുട്ടി

ഉമ്മറത്തെത്തിയ അതിഥികളെ
സ്നേഹപൂര്‍വം സ്വീകരിച്ചിരുത്തിയപ്പോള്‍‍
അവളുടെ കണ്ണുകളിലെ വിഷാദം
ഒരായിരം കഥകള്‍ പറഞ്ഞു

പത്ത് വയസ്സിന്‍റെ കുട്ടിത്തത്തില്‍ നിന്നും
അന്‍പതു വയസ്സിന്‍റെ പക്വതയിലേയ്ക്കുള്ള
അവളുടെ പ്രയാണം
അതിവേഗമാണെന്നു തോന്നി

അഞ്ചു പേരെയും
ഒരുമിച്ചു സ്വീകരിക്കാന്‍‍
അക്കയ്ക്ക് സമ്മതമില്ലെന്നു പറയുമ്പോള്‍
‍അവളുടെ കണ്ണുകളിലൂറിയ വേദന,
എന്‍റെ ആത്മാവിലെ
മായ്ക്കാനാവാത്ത നൊമ്പരമായി മാറി

അവളുടെ മനസ്സിലപ്പോള്‍ എന്തായിരുന്നു?
അക്കയോടൊപ്പം രമിക്കാനെത്തുന്ന
പുരുഷ വര്‍ഗ്ഗത്തോടുള്ള അടങ്ങാത്ത വിദ്വേഷമോ?
അതോ, സ്വജീവിതത്തില്‍
വരാനിരിക്കുന്ന ദുരന്തങ്ങളെയോര്‍ത്തുള്ള
കുഞ്ഞു മനസ്സിന്‍റെ താളം തെറ്റിയ ചിന്തകളോ?

പേരറിയില്ലെന്നാകിലും
വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണ്ട മുഖം
എന്‍റെ മകളിലൂടെ ഞാന്‍ നിത്യവും കാണുന്നു
ഇപ്പോള്‍ നീ കൌമാരത്തില്‍ നിന്നു
യൌവനത്തിലേയ്ക്ക് കാലൂന്നുമ്പോള്‍,
പെദ്ദാപുരത്തെ ചുവന്ന കഴുകന്‍മാര്‍
കൊത്തിക്കൊണ്ടു പറന്നിരിക്കയില്ലെന്ന്
ആത്മാര്‍ത്ഥമായ് ആഗ്രഹിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു.
-----------------------------------------
ആന്ധ്രപ്രദേശിലെ പെദ്ദാപുരത്ത് AIDS പ്രതിരോധ പ്രവര്‍ത്തനവും, സഹായങ്ങളും നല്‍കുന്ന ഒരു സന്നദ്ധ സംഘടനയിലെ നാലു പ്രവര്‍ത്തകരോടൊപ്പം 2002 -ല്‍ സഞ്ചരിച്ചപ്പോള്‍ കണ്ടുമുട്ടിയ 10 വയസ്സുകാരി പെണ്‍കുട്ടിയെക്കുറിച്ച്......പെദ്ദാപുരം- രാജമുണ്ട്രിക്കടുത്തുള്ള ഒരു വേശ്യാ ഗ്രാമം.

ഡിസംബര്‍ 1, ലോക എയ്ഡ്സ് ദിനം

ഡിസംബര്‍ 1-ആം തീയതി എല്ലാ വര്‍ഷവും ലോക എയ്ഡ്സ് ദിനമായി ആചരിക്കുന്നു.

2007ല്‍ ലോകത്താകമാനം 33 ദശലക്ഷം (3.3 കോടി) ജനങ്ങളിലധികം HIV ബാധിതരുണ്ടെന്ന് ലോകാരോഗ്യ സംഘടന (WHO), UNAIDS (http://www.unaids.org/) എന്നീ സംഘടനകള്‍, രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ നല്കുന്ന കണക്കുകളുടെ വെളിച്ചത്തില്‍ അനുമാനിക്കുന്നു. 21 ലക്ഷം ആള്‍ക്കാര്‍ 2007-ല്‍ എയ്ഡ്സ് മൂലം മരിച്ചതായും,2007-ല്‍ മാത്രം പുതുതായ് 23 ലക്ഷം ആള്‍ക്കാര്‍ HIV ബാധിതരായതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഭാരതത്തില്‍ 25 ലക്ഷം ആള്‍ക്കാര്‍ HIV ബാധിതരാനെന്നാണ് 1100-ല്‍ പരം 'സൈറ്റ്'കളില്‍ നിന്നും ഗര്‍ഭിണികള്‍, ലൈംഗിക രോഗമുള്ളവര്‍ (പുരുഷന്‍മാരും സ്ത്രീകളും), ലൈംഗിക തൊഴിലാളികള്‍, സ്വവര്‍ഗ്ഗസ്നേഹികള്‍ , മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ എന്നിവരുടെ ഇടയില്‍ നടത്തിയ പരിശോധന പ്രകാരം സര്‍ക്കാറും ഐക്യരാഷ്ട്ര സംഘടനകളും അനുമാനിക്കുന്നത്. കു‌ടുതല്‍ വിവരങ്ങള്‍ക്ക് http://www.nacoonline.org/NACO എന്ന government വെബ്സൈറ്റ് സന്ദര്‍ശിക്കുക.

HIV ബാധിച്ച എല്ലാ വ്യക്തികള്‍ക്കും ദിവസേനെയുള്ള നിങ്ങളുടെ ജീവിത യുദ്ധത്തില്‍ ഈ ഒരു പോസ്റ്റ് കൊണ്ട് വലിയ പ്രയോജനമൊന്നും ഇല്ലെന്നറിയാം. എങ്കിലും ഈ എളിയ പോസ്റ്റിന് ഒരാള്‍ക്കെങ്കിലും പുതിയ അറിവ് പകര്‍ന്നു കൊടുക്കാന്‍ സാധിച്ചെങ്കില്‍, എന്ന് ഞാന്‍ ആശിക്കുന്നു.

നിങ്ങള്‍ക്ക് സഹതാപമല്ല സഹകരണമാണ് വേണ്ടതെന്നും മനസ്സിലാക്കുന്നു.

------------------------------------------------------------

HIV ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരുന്നത് പ്രധാനമായും നാല് രീതികളിലാണ്:

1. മുന്‍കരുതലുകള്‍ എടുക്കാതെ (ഉറ -condom ഉപയോഗിക്കാതെയുള്ള) penetrative സെക്സ്‌ (പുരുഷനും സ്ത്രീയും തമ്മിലും, പുരുഷനും പുരുഷനും തമ്മിലും)

2. രക്തം, രക്തത്തിന്‍റെ മറ്റു പ്രോഡക്ടുകള്‍ വഴി

3. സൂചിയും സിറിന്ജും പങ്കുവയ്ക്കുക (പ്രധാനമായും മയക്കു മരുന്നു ഉപയോഗിക്കുന്നവരുടെ ഇടയില്‍)

4. അമ്മയില്‍ നിന്നും കുഞ്ഞിലേക്ക് (ഗര്‍ഭിണിയായിരിക്കുമ്പോഴോ, പ്രസവ സമയത്തോ, അതിന് ശേഷം മുലപ്പാലിലൂടെയൊ).

ഇതില്‍ അമ്മയില്‍ നിന്നും കുഞ്ഞിലേയ്ക്ക് HIV പകരുന്നത് ഏതാണ്ട് പു‌ര്‍ണമായി തന്നെ തടയാനുള്ള മാര്‍ഗം പൈസ കൊടുക്കാതെ തന്നെ പല സര്‍ക്കാര്‍ ആശുപത്രികളിലും ലഭ്യമാണ്.

മുലപ്പാലിലൂടെ HIV പകരാന്‍ സാധ്യത വളരെ ചെറിയ അംശം മാത്രമെയുള്ളെങ്കിലും HIV ബാധിതരായ അമ്മമാര്‍ കുഞ്ഞുങ്ങള്‍ക്ക്‌ മുലപ്പാല്‍ കഴിവതും കൊടുക്കരുതെന്ന് ഡോക്ടര്‍മാര്‍ ഉപദേശിക്കാറുണ്ട്.

HIV ബാധിതരായവരെ തൊടുന്നതു കൊണ്ടോ, കൈകൊടുക്കുന്നത് കൊണ്ടോ, കെട്ടിപ്പിടിക്കുന്നത് കൊണ്ടോ, ആഹാരം പങ്കു വയ്ക്കുന്നത് കൊണ്ടോ ഒന്നും പകരില്ലെന്നു സാരം. ഇന്ത്യയില്‍ ഏകദേശം 85% HIV ബാധിതരിലും HIV വന്നിരിക്കുന്നത് ലൈംഗിക ബന്ധത്തിലൂടെയാണ്.

ഏത് രോഗങ്ങളും എന്നത് പോലെ തന്നെ പ്രതിരോധമാണ് ഏറ്റവും ഉത്തമം.

സ്ഥിരമായ ഒരു പങ്കാളിയോടൊപ്പം മാത്രം ലൈംഗിക ബന്ധത്തിലേര്‍പ്പെടുക, ആ പങ്കാളിക്ക് വേറെ പങ്കാളികളുണ്ടെങ്കിലോ (അതറിയാന്‍ പലപ്പോഴും ആര്‍ക്കും കഴിയാറില്ല), അഥവാ നമുക്കു വേറെ പങ്കാളികാളുണ്ടെങ്കിലോ ഉറ ഉപയോഗിക്കുന്നത് നിര്‍ബന്ധമാക്കുക എന്നിവ HIV തടയാന്‍ വളരെ നല്ല മാര്‍ഗ്ഗമാണ്.

മയക്കു മരുന്നുപയോഗിക്കുന്നവര്‍ പ്രത്യേകിച്ചും സിറിഞ്ജ്, സൂചി മുതലായവ പങ്കുവയ്ക്കുന്നത് സാധാരണയാണ്. അത് HIV വളരെ പെട്ടന്ന് പകരാന്‍ കാരണമാകും. രക്തം സ്വീകരിക്കുന്നവര്‍ അത് ലൈസന്സ് ഉള്ള ബ്ലഡ്‌ ബാങ്കില്‍ നിന്നാണെന്ന് ഉറപ്പു വരുത്തണം. ഇപ്പോള്‍ കേരളത്തിലെ ബ്ലഡ്‌ ബാങ്കുകള്‍ എല്ലാം തന്നെ HIV,hepatitis എന്നീ വൈറസ് ടെസ്റ്റ് നടത്തി ഇല്ലെന്നുറപ്പ് വരുത്തിയ ശേഷമേ രോഗികള്‍ക്ക്‌ കൊടുക്കാവുള്ളു. അങ്ങനെയാണ് നിയമം.

HIV ടെസ്റ്റിങ്ങ് ഇപ്പോള്‍ സാധാരണ എല്ലാ സര്ക്കാരാശുപത്രികളില് ഫ്രീ ആയിട്ടും, മറ്റു പ്രൈവറ്റ് ലാബ്, ആശുപത്രികളില്‍ അല്ലാതെയും ലഭ്യമാണ്. counselling കൊടുത്തതിനു ശേഷം മാത്രമെ test ആരിലും നടത്താവുള്ളുവെന്നാണ് സര്‍ക്കാര്‍ നിഷ്കര്‍ഷിച്ചിരിക്കുന്നതെങ്കിലും, ചില സര്‍ക്കാര്‍ ആശുപത്രികളിലോഴികെ ഇതൊന്നും നടക്കാറില്ലെന്ന് അനുഭവം.

HIV ബാധിച്ചാല്‍ 6 മാസത്തിനകം അല്ലെങ്കില്‍ ഒരു കൊല്ലത്തിനകം മരിക്കും എന്ന് പേടിച്ച് ആത്മഹത്യ ചെയ്യുന്ന ധാരാളം ആള്‍ക്കാരുണ്ട്. ഇപ്പോള്‍ വില കുറഞ്ഞ മരുന്നുകള്‍ (Anti retroviral തെറാപ്പികള്‍- ART) ലഭ്യമായതിനാല്‍ പലരും 15-20 വര്‍ഷവും അതിലതികവും ജീവിക്കുന്നുണ്ട്. സാവകാശം രോഗപ്രതിരോധശേഷി (immunity) കുറവാകുമെന്നതിനാല്‍ ചിട്ടയായ ജീവിതവും മറ്റു രോഗങ്ങള്‍ വരാതിരിക്കാനുള്ള മുന്‍കരുതല്‍ എടുക്കുകയെന്നതും, ഡോക്ടറെ കാണുകയെന്നതും, ആവശ്യമെങ്കില്‍ മാത്രം ART മരുന്നുകള്‍ ഉപയോഗിക്കുകയെന്നതും HIV ബാധിച്ചു കഴിഞ്ഞാല്‍ ചെയ്യേണ്ടത് വളരെ അത്യാവശ്യ കാര്യങ്ങളാണ്. കേരളത്തിലുള്‍പ്പടെ പല സംസ്ഥാനങ്ങളിലും തിരഞ്ഞെടുത്ത സര്‍ക്കാരാശുപത്രികളില്‍ ART പൈസ കൊടുക്കാതെ തന്നെ കൊടുക്കുന്നുണ്ട്.

കു‌ടുതല്‍ സംശയങ്ങള്‍ക്ക് മറുപടി താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ പോയാല്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. അല്ലെങ്കില്‍ ഇമെയില്‍ (കമന്റില്‍ കൊടുത്തിട്ടുണ്ട്) അയച്ചാല്‍ മറ്റു ലിങ്കുകള്‍ അയച്ചുതരാം.

http://www.unaids.org/en/MediaCentre/References/default.asp