Wednesday, 6 August 2008

ജനപ്പെരുപ്പത്തിന്‍റെ വര്‍ഗീയ മാനങ്ങള്‍ - 2

കുറിപ്പ്:

1. 1996 ഫെബ്രുവരി 24 -ആം തീയതി മാധ്യമം ദിനപ്പത്രത്തില്‍ പ്രസിദ്ധീകരിച്ചത്. 23 -ആം തീയതി പ്രസിദ്ധീകരിച്ച ഒന്നാം ഭാഗം ഇവിടെ. അന്ന് പ്രസിദ്ധീകരിച്ച ലേഖനം അതുപോലെ തന്നെ ഇടുകയാണ്. കണക്കുകള്‍ വളരെ പഴയതാണെങ്കിലും
ഇപ്പോഴും പ്രസക്തം എന്ന് വിശ്വസിക്കുന്നു. ഇതൊരു documentation purpose ആയി കരുതിയാല്‍ മതി.

2.കഴിഞ്ഞ ലേഖനത്തില്‍ അനോണികള്‍ സൂചിപ്പിച്ചതിനാല്‍ പുതിയ കണക്കുകള്‍ തിരഞ്ഞു. സമയം ലഭിക്കുമെങ്കില്‍ ഇതിന് തുടര്‍ച്ചയായി മറ്റൊരു ലേഖനം എഴുതണമെന്നുണ്ട്.
**********

(തുടര്‍ച്ച)

ആഭ്യന്തര മന്ത്രാലയത്തിന്‍റെ 1976 -ലെ കണക്കു പ്രകാരം വിവിധ മതവിഭാഗങ്ങളില്‍ പെട്ടവരുടെ ഉര്‍വരത നിരക്ക് (fertility) നഗരപ്രദേശങ്ങളെ അപേക്ഷിച്ച് ഗ്രാമപ്രദേശങ്ങളില്‍ വളരെ കൂടുതല്‍ ആയിരുന്നു. ഹിന്ദുക്കളില്‍ ഇത് ഗ്രാമപ്രദേശങ്ങളില്‍ 5.7 ഉം, മുസ്ലിംങ്ങളില്‍ 6.2 ഉം, ക്രിസ്ത്യാനികളില്‍ 4.4 ഉം ആയിരുന്നു. നഗരപ്രദേശങ്ങളില്‍ ഹിന്ദുക്കളുടെ ഉര്‍വരത നിരക്ക് 4.2 ആയിരുന്നപ്പോള്‍ മുസ്ലിംങ്ങളില്‍ 4.9 ഉം, ക്രിസ്ത്യാനികളില്‍ 4 ഉം ആയിരുന്നു. എല്ലാ മതവിഭാഗങ്ങളില്‍പ്പെട്ടവരുടെയും ശരാശരി ഉര്‍വരത നിരക്ക് ഗ്രാമപ്രദേശങ്ങളില്‍ 5.8 ആയിരുന്നപ്പോള്‍ നഗരപ്രദേശങ്ങളില്‍ 4.3 ആയിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്‍റെ തന്നെ മറ്റൊരു കണക്കു പ്രകാരം (1976) പ്രതിമാസ ആളോഹരി ചെലവ് കൂടുന്നതനുസരിച്ച് (monthly per capita expenses) ഉര്‍വരത നിരക്ക് കുറയുന്നതായ് കാണുന്നു. ഈ കണക്കുകള്‍ എല്ലാം തന്നെ ജനങ്ങളുടെ വിദ്യാഭ്യാസം, ജീവിത നിലവാരം എന്നിവയടങ്ങുന്ന സാമൂഹ്യ- സാമ്പത്തിക പശ്ചാത്തലങ്ങളും ജനസംഖ്യാ വര്‍ദ്ധനവും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്നു. അതിനാല്‍ ഇന്ത്യയില്‍ മുസ്ലിംങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ പിന്നോക്കാവസ്ഥയല്ലേ അവരുടെ ഇടയില്‍ ഹിന്ദുക്കളുടേതിനേക്കാള്‍ അല്പം കൂടുതല്‍ ജനസംഖ്യാ വര്‍ദ്ധനവിനു കാരണം എന്ന് സംശയിക്കുന്നത് തികച്ചും യുക്തിസഹമാണ്.

നാഷണല്‍ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്‍ 1973- 74 -ല്‍ നഗര പ്രദേശങ്ങളില്‍ നടത്തിയ ഒരു സര്‍വേ റിപ്പോര്‍ട്ടില്‍ ഇങ്ങനെ സൂചിപ്പിക്കുന്നു: 'ഇന്ത്യയില്‍ നഗര പ്രദേശങ്ങളിലെ മുസ്ലിംങ്ങളുടെ ശരാശരി പ്രതിമാസ ആളോഹരി ചെലവ് ദേശീയ ശരാശരിയെക്കാള്‍ 20 ശതമാനം കുറവായതിനാല്‍ അവര്‍ പട്ടിക ജാതി- വര്‍ഗ സമുദായങ്ങളൊടൊപ്പം തന്നെ സാമ്പത്തികമായ് പിന്നോക്കം നില്‍ക്കുന്നവര്‍ ആണ്. അതെ സമയം മറ്റു മത വിഭാഗക്കാരുടെ (ജൈനമതക്കാര്‍, പാര്‍സികള്‍, ക്രിസ്ത്യാനികള്‍, സിഖുകാര്‍ മുതലായവര്‍) ശരാശരി പ്രതിമാസ ആളോഹരി ചെലവ് ദേശീയ ശരാശരിയെക്കാള്‍ 18 ശതമാനം കൂടുതലും ആണ്. '

'ഇന്ത്യയിലെ വിവിധ സമുദായങ്ങളിലെ ജനസംഖ്യാ വര്‍ദ്ധനവ് : മിത്തും സത്യാവസ്ഥയും' എന്ന ഗവേഷണ പഠനത്തില്‍ പി എസ് ഭാട്ടിയ ഇപ്പോഴത്തെ വര്‍ദ്ധനനിരക്കനുസരിച്ച് മുസ്ലിംങ്ങലുടെയും ഹിന്ദുക്കളുടെയും വര്‍ദ്ധനനിരക്ക് കണക്കാക്കിയിട്ടുണ്ട്. 1961-71 ല്‍ ഹിന്ദുക്കളുടെ വളര്‍ച്ചാ നിരക്ക് 23.71 ആയിരുന്നതി 1971-81 ല്‍ 24.42 ശതമാനമായി കൂടി. അതായത് രണ്ടു ദശകങ്ങളിലെയും വളര്‍ച്ചാ നിരക്ക് തമ്മിലുള്ള വ്യത്യാസം 0.71. അതേസമയം മുസ്ലിംങ്ങളുടെ ജനസംഖ്യാ വര്‍ദ്ധനവ് 1961-71 ല്‍ 30.85 ശതമാനം ആയിരുന്നത് 1971-81 ല്‍ 30.90 ശതമാനം ആയി കൂടി. രണ്ടു ദശകങ്ങളിലെയും വളര്‍ച്ചാ നിരക്ക് തമ്മിലുള്ള വ്യത്യാസം 0.05. ഇതു ഹിന്ദുക്കളുടെ ജനസംഖ്യാ വളര്‍ച്ചാ നിരക്കിന്‍റെ രണ്ടു ദശകങ്ങളിലെയും വ്യത്യാസത്തെക്കാളും കുറവും. ഈ നിരക്ക് കണക്കിലെടുത്തുകൊണ്ട് ഭാട്ടിയ അനുമാനിക്കുന്നത് 2081 -ല്‍ (അതായത് നൂറു വര്‍ഷങ്ങള്‍ക്കു ശേഷം) ഹിന്ദുക്കളുടെ ഒരു ദശകത്തിലെ വളര്‍ച്ചാ നിരക്ക് 30.71 ശതമാനവും, മുസ്ലിംങ്ങളുടേത് 30.55 ശതമാനവും ആയിരിക്കും എന്നാണ്. ചുരുക്കത്തില്‍ ഇന്ത്യയിലെ മുസ്ലിംങ്ങള്‍ ഒരിക്കലും ജനസംഖ്യയുടെയും ജനസംഖ്യാവളര്‍ച്ചാ നിരക്കിന്റ്റെയും കാര്യത്തില്‍ ഹിന്ദുക്കാളെക്കാള്‍ കൂടുതലാകുകയില്ല. (ആയാലെന്ത് എന്ന ചോദ്യവും ഇവിടെ പ്രസക്തമാണ്).

1991-ല്‍ ഇന്ത്യയിലെ ജനസംഖ്യയുടെ 36 ശതമാനത്തിലധികം 15 വയസ്സിനു താഴെയുള്ള കുട്ടികളാണ്. ഇവരെല്ലാം തന്നെ തങ്ങള്‍ക്കു രണ്ടു കുട്ടികളില്‍ കൂടുതല്‍ വേണ്ട എന്ന് തീരുമാനിച്ചാല്‍ പോലും ജനസംഖ്യ അടുത്ത കുറെ വര്‍ഷങ്ങള്‍ കൂടി വര്‍ദ്ധിക്കാനാണ് സാദ്ധ്യത. കൂടാതെ ഹിന്ദുക്കളോ മുസ്ലിംങ്ങളോ സജാതീയങ്ങള്‍ (homogenous) അല്ലെന്നതും എടുത്തു പറയേണ്ടതാണ്. അവരുടെ ഇടയില്‍ തന്നെ പാവപ്പെട്ടവരും, ഇടത്തരക്കാരും പണക്കാരും ഉണ്ട്. നമുക്കു അവരെ താരതമ്യം ചെയ്യാന്‍ തക്ക കണക്കുകള്‍ ഒന്നും തന്നെയില്ല എന്നതാണ് സത്യം. അത് കൊണ്ട് തന്നെ ജനപ്പെരുപ്പത്തിന് മതത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുന്നത് ജാതി-മത സ്പര്‍ധ വര്‍ദ്ധിപ്പിക്കുന്നതിനല്ലാതെ മറ്റൊന്നിനും സഹായകമല്ല.

കേരളത്തിന്‍റെ പ്രസക്തി

പൊതുജനാരോഗ്യ രംഗത്തും ജനസംഖ്യാ നിയന്ത്രണ രംഗത്തും ഇന്ത്യയിലെ തന്നെ മറ്റു സംസ്ഥാനങ്ങളേക്കാള്‍ വളരെ മുന്‍പന്തിയിലും അതുപോലെ മറ്റു വികസിത രാജ്യങ്ങളോട് കിടപിടിക്കത്തക്ക രീതിയിലുള്ള കണക്കുകളാണ് കേരളത്തിനുള്ളത്. സാക്ഷരത, പ്രത്യകിച്ചും സ്ത്രീ സാക്ഷരത, വിദ്യാഭ്യാസ നിലവാരം, സാമൂഹിക ഭദ്രത, ജീവിത നിലവാരവും ജീവിത രീതികളും, പുരോഗമന പ്രസ്ഥാനങ്ങളുടെ വളര്‍ച്ച എന്നിവയെല്ലാം ഇതിന് അനുകൂലങ്ങളായ ഘടകങ്ങളാണ്. കേരളത്തിലെ തന്നെ പല ജില്ലകള്‍ തമ്മില്‍ ജനസംഖ്യാ വര്‍ദ്ധന നിരക്കിന്‍റെ കാര്യത്തില്‍ വലിയ അന്തരം കാണുന്നുണ്ട്. പത്തനംതിട്ട (5.6 %), ആലപ്പുഴ (7.28 %), കോട്ടയം (7.71 %) എന്നീ ജില്ലകള്‍ ജനസംഖ്യാ വളര്‍ച്ചാ നിരക്ക് ഏറ്റവും കുറവുള്ളവയും, മലപ്പുറം ( 28.87 %), കാസര്‍ഗോഡ്‌ (22.78 %), വയനാട് (21.32 %) എന്നീ ജില്ലകള്‍ വളര്‍ച്ചാ നിരക്ക് ഏറ്റവും കൂടുതലുള്ളവയും ആണ്.

തൃശ്ശൂരിനു വടക്കോട്ടുള്ള എല്ലാ ജില്ലകളിലെയും വളര്‍ച്ചാ നിരക്ക് കേരളത്തിന്‍റെ ശരാശരി വളര്‍ച്ചാ നിരക്കിനെക്കാള്‍ (14.32 %) അധികമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ മുസ്ലിംങ്ങള്‍ അധികമില്ലാത്ത വയനാടും ഉള്‍പ്പെടും. ഈ ജില്ലകള്‍ തന്നെയാണ് സാമ്പത്തിക പിന്നോക്കാവസ്ഥ കൊണ്ടും സമ്പത്തിന്‍റെ ആനുപാതികമല്ലാത്ത കേന്ദ്രീകരണം കൊണ്ടും വിദ്യാഭ്യാസ, സാമൂഹിക, ആരോഗ്യ സൌകര്യങ്ങളുടെ അപര്യാപ്തത കൊണ്ടും ശ്രദ്ധേയമായിരിക്കുന്നത്. 1991 ലെ സെന്‍സസ് പരിശോധിച്ചാല്‍ ഭാരതത്തിലെ ജനസംഖ്യാ വളര്‍ച്ചാനിരക്ക് ഏറ്റവും കുറവുള്ള ജില്ലകളില്‍ സാക്ഷരത, പ്രത്യേകിച്ചും സ്ത്രീ സാക്ഷരത ഏറ്റവും കൂടുതലും, ജനസംഖ്യാ വളര്‍ച്ചാനിരക്ക് ഏറ്റവും കുറവുള്ള ജില്ലകളില്‍ സാക്ഷരതയും അതോടൊപ്പം സ്ത്രീ സാക്ഷരതയും താരതമ്യേന കുറവുമാണ്.

ഭാരതത്തിലെ ആനുകാലിക സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ സാമൂഹിക പഠനത്തിന്‍റെ എല്ലാ മേഖലകളിലേക്കും മതത്തെ സ്ഥാനത്തും അസ്ഥാനത്തും വലിച്ചിഴയ്ക്കുന്നത് അപകടകരമായ ഫാസിസ്റ്റ് പ്രവണതകള്‍ക്ക് വഴി വയ്ക്കുമെന്ന് ചരിത്രാനുഭവങ്ങളുടെ വെളിച്ചത്തില്‍ പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ജഖ്‌നപ്പെരുപ്പ നിയന്ത്രണത്തിലും മറ്റു സാമൂഹിക, സാമ്പത്തിക, പൊതുജനാരോഗ്യ രംഗങ്ങളിലും കേരളം ആര്‍ജിച്ച നേട്ടങ്ങള്‍ ഏതെങ്കിലും ഒരു മതത്തിനോ ഒരു പ്രദേശത്തിനൊ കര്‍ത്തൃത്വം അവകാശപ്പെടാനാവില്ല.
സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളും പുരോഗമന പ്രസ്ഥാനങ്ങളും വിദ്യാഭ്യാസ സാഹചര്യങ്ങളും എല്ലാം ചേര്‍ന്ന് രൂപപ്പെടുത്തിയ ഒരു ജീവന അവബോധവും അവകാശബോധവും നിറഞ്ഞ രാഷ്ട്രീയ കേരളത്തിന് വേണം ഇതിന്‍റെ ബഹുമതി സമ്മാനിക്കാന്‍ (ഇന്നു ഈ രംഗങ്ങളില്‍ നേരിടുന്ന പ്രശ്നങ്ങള്‍ അവഗണിക്കുന്നില്ല). സാമ്പത്തിക അസന്തുലിതാവസ്ഥയും സാമൂഹിക പിന്നോക്കാവസ്ഥയുമെല്ലാം നിര്‍മാര്‍ജനം ചെയ്തുകൊണ്ട് വികസനത്തിന്‍റെ ഫലങ്ങള്‍ എല്ലാവരിലും കഴിവതും തുല്യമായ് എത്തിക്കുകയാണ് ജനപ്പെരുപ്പവും അതിനോടനുബന്ധിച്ച പ്രശ്നങ്ങള്‍ക്കും ഒരേയൊരു പ്രതിവിധി.

(അവസാനിച്ചു)

Thursday, 31 July 2008

ജനപ്പെരുപ്പത്തിന്‍റെ വര്‍ഗീയ മാനങ്ങള്‍

ജനപ്പെരുപ്പത്തെ മുന്‍ധാരണയോടെയാണ് പലരും വിശകലനം ചെയ്യാറ്. മതത്തിന്‍റെയും ജാതിയുടെയും മാത്രം അടിസ്ഥാനത്തിലുള്ള വിശകലനം പൂര്‍ണ ചിത്രം നല്‍കില്ല. ജനപ്പെരുപ്പത്തിന്‍റെ സാമൂഹിക- സാമ്പത്തിക പശ്ചാത്തലങ്ങള്‍ വിസ്മരിക്കപ്പെടുകയും ചെയ്യും. ഇന്ത്യയിലെ വര്‍ഗീയ ലഹളകള്‍ക്കു പുറമെ, സാമൂഹിക സാംസ്കാരിക രംഗങ്ങളിലെല്ലാം തന്നെ ഒരു സമൂഹത്തെ ഒറ്റപ്പെടുത്താനും, ' അപരസ്വത്വം' (the other) എന്ന് മുദ്രകുത്താനും ഒരു വിഭാഗം നടത്തുന്നശ്രമങ്ങളുടെ പശ്ചാത്തലത്തില്‍ വേണം ഇത്തരം പ്രവണതകളെ വിലയിരുത്താന്‍.

മതാനുശാസനങ്ങള്‍ക്ക് ജനപ്പെരുപ്പത്തിന്‍റെ മേല്‍ പ്രഥമഗണനീയമായ സ്ഥാനം ഉണ്ടെന്ന ഒരു സങ്കല്‍പ്പത്തിന്‍റെ അടിസ്ഥാനത്തില്‍ ജനസാമാന്യത്തിന്‍റെ ഇടയില്‍ അനേകം 'മിത്തുകള്‍' രൂപം കൊണ്ടിട്ടുണ്ട്. 'ഹിന്ദുക്കള്‍ക്ക് ഏക ഭാര്യാത്വമാണ് നിയമം അനുശാസിക്കുന്നത്, എന്നാല്‍ മുസ്ലിങ്ങള്‍ക്ക്‌ ബഹുഭാര്യാത്വം അനുവദനീയമാണ്'; 'ഹിന്ദുമതത്തില്‍ കുടുംബാസൂത്രണത്തെ വിലക്കുന്ന ഒന്നും തന്നെയില്ല, എന്നാല്‍ ഇസ്ലാം കുടുംബാസൂത്രണത്തെ വിലക്കുന്നു, തന്‍മൂലം മുസ്ലിംങ്ങളുടെ ഇടയില്‍ ക്രമാതീതമായ ജനസംഖ്യവര്‍ദ്ധനവ് ഉണ്ട്'; ' അത് കൊണ്ട് ജനസംഖ്യയുടെ കാര്യത്തില്‍ ഹിന്ദുക്കളെ മറികടന്ന് രാജ്യത്തിന്‍റെ ജനസംഖ്യാപരമായ ഇപ്പോഴത്തെ ക്രമം തന്നെ തകരാറിലാക്കും' ഇത്തരത്തിലുള്ള അടിസ്ഥാനരഹിതമായ പ്രചാരണങ്ങളുടെ നിജസ്ഥിതി ലഭ്യമായ കണക്കുകളുടെയും, പരക്കെ അംഗീകൃതമായ ചില നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തില്‍ വിലയിരുത്തുകയാണ് ഈ ലേഖനത്തിന്റെ ലക്ഷൃം.

1971 ലെ സെന്‍സസ് പ്രകാരം ബഹുഭാര്യാത്വം മുസ്ലീങ്ങളെക്കാളധികം ഹിന്ദുക്കളിലാണുള്ളത് (Polygamous marriages in India- A Survey, Series1, Monograph No. 4). ഈ കണക്കുകളനുസരിച്ച് ബഹുഭാര്യാത്വം ഗോത്രവര്‍ഗക്കാരില്‍ 15.25 ശതമാനവും, ബുദ്ധമതക്കാരില്‍ 7.97 ശതമാനവും, ജൈനമതക്കാരില്‍ 6.72 ശതമാനവും ഹിന്ദുക്കളില്‍ 5.80 ശതമാനവും, മുസ്ലിംങ്ങളില്‍ 5.23 ശതമാനവുമാണ്. ബഹുഭാര്യാത്വം മതാനുശാസനങ്ങളേക്കാളുപരി ചില പ്രത്യേക സാമൂഹിക ഘടനകളുടെയും, സാംസ്കാരിക സാഹചര്യങ്ങളുടെയും പ്രതിഫലനമാണെന്ന് അനുമാനിക്കാവുന്നതാണ്. അതുപോലെ, കണക്കുകള്‍ എന്ത് തന്നെയായാലും, ബഹുഭാര്യാത്വം പ്രത്യുല്‍പ്പാദനനിരക്ക് വര്‍ദ്ധിപ്പിക്കാന്‍ സഹായകമാനെന്നതിനു വ്യക്തമായ തെളിവുകള്‍ ഒന്നും തന്നെയില്ല. ഹിന്ദുക്കളിലും മുസ്ലിംങ്ങളിലും സ്ത്രീപുരുഷ അനുപാതം സ്ത്രീകള്‍ക്ക് അനുകൂലമല്ലാത്തതിനാല്‍ (1981 സെന്‍സസ് പ്രകാരം 1000 പുരുഷന്മാര്‍ക്ക് യഥാക്രമം 933 ഉം, 937 ഉം), ഒരു പുരുഷന്‍ ഒന്നിലധികം വിവാഹം ചെയ്‌താല്‍ പ്രത്യുല്‍പ്പാദന നിരക്ക് വര്‍ദ്ധിക്കാനല്ല സാദ്ധ്യത.

മുസ്ലിം ഭൂരിപക്ഷമുള്ള തുര്‍ക്കി, ഇന്തോനേഷ്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ കുടുംബാസൂത്രണ മാര്‍ഗങ്ങള്‍ സ്വീകരിച്ച ദമ്പതിമാര്‍ യഥാക്രമം 63, 48, 38 ശതമാനമായിരുന്നു (Operations Research Group, Family Planning Practices in India, Second All India Survey, 1981). ഹിന്ദുക്കള്‍ ഭൂരിപക്ഷമുള്ള ഇന്ത്യയില്‍ ഇന്ത്യയില്‍ 1981 ല്‍ കുടുംബാസൂത്രണ മാര്‍ഗങ്ങള്‍ സ്വീകരിച്ച ദമ്പതിമാര്‍ വെറും 23 ശതമാനവും. 1991 ല്‍ അത് 44 ശതമാനമായി വര്‍ദ്ധിച്ചുവെങ്കിലും, കുടുംബാസൂത്രണ ശസ്ത്രക്രിയകള്‍, പ്രത്യേകിച്ച് പുരുഷന്‍മാരിലെ വന്ധ്യംകരണ ശസ്ത്രക്രിയകള്‍ വളരെ കുറഞ്ഞു വരുന്നതായാണ് കണക്കുകള്‍ കാണിക്കുന്നത്.

ഓപ്പറേഷന്‍സ് റിസര്‍ച്ച് ഗ്രൂപ്പ് 1983 -ലും 1990 -ലും ഇന്ത്യയില്‍ നടത്തിയ സാമ്പിള്‍ സര്‍വേകള്‍ പ്രകാരം ഏതെങ്കിലും ഒരു രീതിയിലുള്ള കുടുംബാസൂത്രണ മാര്‍ഗങ്ങള്‍ സ്വീകരിച്ച ഹിന്ദുക്കള്‍ 1980 -ല്‍ 36 ശതമാനം ആയിരുന്നത് 1989 -ല്‍ 46 ശതമാനം ആയി ഉയര്‍ന്നു. (+10 %). ഇതു മുസ്ലിംങ്ങളില്‍ 23 ശതമാനം എന്നത് 34 ശതമാനം ആയി ഉയര്‍ന്നു (+11%). അതായത് കുടുംബാസൂത്രണ മാര്‍ഗങ്ങള്‍ സ്വീകരിച്ച ദമ്പതികളുടെ ശതമാനത്തിന്‍റെ വര്‍ദ്ധനവില്‍ അല്‍പ്പം കൂടുതല്‍ മുസ്ലിംങ്ങളിലാണ്. അതുപോലെ പട്ടികജാതിക്കാരുടെ ഇടയില്‍ കുടുംബാസൂത്രണ മാര്‍ഗങ്ങള്‍ സ്വീകരിച്ച ദമ്പതിമാര്‍ 1980 -ല്‍ 28 ശതമാനമായിരുന്നത് 1989 -ല്‍ 39 ശതമാനമായപ്പോള്‍ പട്ടികവര്‍ഗ്ഗക്കാരുടെ ഇടയില്‍ ഇതു രണ്ടു വര്‍ഷങ്ങളിലും മാറ്റമില്ലാതെ തുടര്‍ന്നു (33%). സ്ത്രീകളുടെ വിദ്യാഭ്യാസം, വയസ്സ്, ജീവിച്ചിരിക്കുന്ന കുട്ടികളുടെ എണ്ണം, ജീവിച്ചിരിക്കുന്ന ആണ്‍കുട്ടികളുടെ എണ്ണം എന്നിവ കൂടുന്നതനുസരിച്ച് കുടുംബാസൂത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്ന ദമ്പതിമാരുടെ എണ്ണവും കൂടുമെന്ന് ഈ സര്‍വേകള്‍ തെളിയിച്ചു. വിദ്യാഭ്യാസപരമായ ഉന്നതി ഉണ്ടായാല്‍ മുസ്ലിങ്ങളും കുടുംബാസൂത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കും എന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം.

'നിങ്ങള്‍ ദാരിദ്ര്യത്തെ ഭയന്ന് നിങ്ങളുടെ സന്താനങ്ങളെ കൊല്ലരുത്; നാമാണ് നിങ്ങള്‍ക്കും അവര്‍ക്കും നല്കുന്നത്' (ഖുര്‍ആന്‍ 6.15.1) എന്ന വചനം ആണ് ഇസ്ലാം മതത്തില്‍ കുടുംബാസൂത്രണം നിഷിദ്ധമാണ് എന്ന് വാദിക്കുന്നവര്‍ നിരത്താറ്. എന്നാല്‍ ഇതു ഒരിക്കലും കുടുംബാസൂത്രണത്തെ വിലക്കിക്കൊണ്ടുള്ളതല്ലെന്നും ഇസ്ലാം മതത്തിന് മുന്‍പുള്ള അറേബ്യന്‍ അറേബ്യന്‍ സമൂഹത്തില്‍ നിലനിന്നിരുന്ന പെണ്‍ശിശു വധത്തെ ആസ്പദമാക്കിയുള്ളതാണെന്നും ആണ് ഖുര്‍ആന്‍റെ മിക്ക വ്യാഖ്യാതാക്കളും അഭിപ്രായപ്പെട്ടിടുള്ളത്. അക്കാലത്ത് പെണ്‍കുട്ടികള്‍ സമൂഹത്തില്‍ ഒരു ഭാരമായി കരുതപ്പെട്ടിരുന്നതിനു പുറമെ പട്ടിണിയും മാനക്കേടും ഭയന്ന് അവരെ ജനിച്ച ഉടന്‍ തന്നെ വധിക്കുകയും ചെയ്തിരുന്നത് ഒരു പതിവായിരുന്നു. അതിനാല്‍ ഇസ്ലാം മതത്തെ സംബന്ധിച്ചിടത്തോളം കുടുംബാസൂത്രണത്തോടുള്ള എതിര്‍പ്പിനെക്കാളുപരി ഗര്‍ഭച്ഛിദ്രത്തോടും ലൈംഗികതയെ സംബന്ധിച്ച പടിഞ്ഞാറന്‍ രാജ്യങ്ങളുടെ നയത്തോടുമുള്ള രാഷ്ട്രീയവും സാംസ്കാരികവുമായ എതിര്‍പ്പുകള്‍ക്കാണ് പ്രാധാന്യം.

കൃത്രിമ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ വഴിയുള്ള കുടുംബാസൂത്രണത്തോടുള്ള കാതോലിക്കാ സഭയുടെ യാഥാസ്ഥിതിക സമീപനവും സമീപകാലത്ത് ലോക ശ്രദ്ധയാകര്‍ഷിക്കുകയുണ്ടായല്ലൊ. എങ്കിലും കാതോലിക്കാ ഭൂരിപക്ഷമുള്ള ഫ്രാന്‍സ്, ഇറ്റലി, അയര്‍ലാന്‍റ് എന്നിവിടങ്ങളില്‍ ജനപ്പെരുപ്പമോ, അതിന്‍റെ വളര്‍ച്ചാനിരക്കോ ഒരു പ്രശ്നമേ അല്ല. ഇന്ത്യയിലെ തന്നെ കാതോലിക്കാ ഭൂരിപക്ഷമുള്ള ഗോവ ജനനനിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ്. അതുപോലെ ആകെ ജനസംഖ്യയില്‍ വളരെക്കുറച്ചുമാത്രം (7.8%) മുസ്ലിംങ്ങള്‍ അധിവസിക്കുന്ന രാജസ്ഥാനില്‍ ജനസംഖ്യാ വളര്‍ച്ചാനിരക്ക് 28.4 ശതമാനം ആണ്. ഇത് ജനസംഖ്യയില്‍ മുസ്ലിം ഭൂരിപക്ഷമുള്ള മലപ്പുറത്തെ വളര്‍ച്ചാനിരക്കുമായി (28.87%) താരതമ്യം ചെയ്യുമ്പോള്‍ മതവും ജനപ്പെരുപ്പവുമായ് നേരിട്ടു ബന്ധപ്പെടുത്തുന്ന വാദഗതിയുടെ പൊള്ളത്തരം വ്യക്തമാകും.

ജനസംഖ്യാ 'വിസ്ഫോടനത്തെ' ജാതി-മത വിഭാഗീയതയുമായി ബന്ധപ്പെടുത്തുന്ന ഇത്തരം പ്രവണതയെ ജനസംഖ്യയെയും വികസനത്തെയും പറ്റി ലോക വ്യാപകമായി നടന്നു വരുന്ന വാദവിവാദങ്ങളുടെ ഭാഗമായ് കാണുന്നതില്‍ തെറ്റുണ്ടെന്നു തോന്നുന്നില്ല. 'വികസനമാണ് ഏറ്റവും നല്ല കുടുംബാസൂത്രണ ഉപാധി' എന്ന 1974-ലെ ബുക്കാറസ്റ്റ് ജനസംഖ്യാ കൊണ്‍ഫറന്‍സിലെ പ്രഖ്യാപനത്തിന് ശേഷം 'മു‌ന്നാം ലോക രാഷ്ട്രങ്ങളിലെ ജനപ്പെരുപ്പമാണ് വര്‍ത്തമാന- ഭാവി തലമുറകളിലെ എല്ലാ ആഗോള പ്രശ്നങ്ങള്‍ക്കും കാരണം' എന്ന് പറഞ്ഞുവെക്കുന്ന 1994-ലെ കെയ്റോ കൊണ്‍ഫറന്‍സിലെത്തി നില്‍ക്കുമ്പോള്‍ വികസിത രാജ്യങ്ങളും വികസ്വര രാജ്യങ്ങളിലെ അവരുടെ പിണിയാളുകളും തങ്ങള്‍ക്കനുകൂലമായ ലോകാഭിപ്രായത്തെ രൂപപ്പെടുത്താന്‍ ശ്രമിച്ചതിന്‍റെ ചിത്രമാണ് നാം കാണുന്നത്.

ഇന്നു മിക്ക വികസിത രാജ്യങ്ങളിലും വികസിത-വികസ്വര രാജ്യങ്ങളിലെ ചില ബുദ്ധിജീവികളുടെയും വിജ്ഞാനത്തിന്റെയും നയരൂപീകരണത്തിന്റ്റെയും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെയും ഇടയില്‍ പ്രചുര-പ്രചാരമാര്‍ജിച്ച 'നവമാല്‍ത്തൂസിയന്‍' ചിന്താഗതി പ്രകാരം മൂന്നാംലോക രാജ്യങ്ങളിലെ അനിയന്ത്രിതമായ ജനപ്പെരുപ്പം ലോകമെമ്പാടുമുള്ള ദാരിദ്ര്യം, പാരിസ്ഥിതിക പ്രശ്നങ്ങള്‍, തൊഴിലില്ലായ്മ, പോഷകാഹാരക്കുറവ്, മറ്റ് ആരോഗ്യപ്രശ്നങ്ങള്‍- ഇവയ്ക്കെല്ലാം ഹേതുവെന്നും, അതുകൊണ്ട് ജനപ്പെരുപ്പം അതിശീഘ്രം കുറയ്ക്കുകയാണ് ഇതിന് പ്രതിവിധിയെന്നും നിര്‍ദ്ദേശിച്ചു കാണുന്നു. അന്താരാഷ്ട്ര നാണയനിധിയുടെ 'സ്ട്രക്ചറല്‍ അഡ്ജസ്റ്റ്മെന്റ്റ്' പദ്ധതിയിലും മറ്റ് അന്താരാഷ്ട്ര സംഘടനകള്‍ സ്പോണ്‍സര്‍ ചെയ്യുന്ന പദ്ധതികളിലും നിറഞ്ഞു നില്ക്കുന്ന തികഞ്ഞ സാങ്കേതിക-കേന്ദ്രീകൃത സ്വഭാവം ഇഇയൊരു വീക്ഷണത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. ജനപ്പെരുപ്പം തടയുന്നതിന് ആധുനിക ഗര്‍ഭനിരോധന മാര്‍ഗങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒരു കാര്യ പരിപാടിയില്‍ ആണ് മിക്ക മൂന്നാംലോക രാഷ്ട്രങ്ങളും ഇന്ന് അവലംബിച്ച് കാണുന്നത്. ചില മതവിഭാഗങ്ങളെ, പ്രത്യേകിച്ച് മുസ്ലിംങ്ങളെ അതിവേഗം പെരുകുന്ന സമൂഹങ്ങളായി മുദ്രകുത്തുന്നതും അതില്‍ ഭീഷണിയുടെ നിറം കലര്‍ത്തി രാഷ്ട്രീയമായ് ഉപയോഗപ്പെടുത്തുന്നതും ഇത്തരം ആഗോള വ്യാപകമായ പദ്ധതികളുടെ ഫലമായിട്ടാണെന്ന് നിസ്സംശയം പറയാം.

ജനപ്പെരുപ്പമാണോ ദാരിദ്ര്യത്തിന് കാരണം അതോ ദാരിദ്ര്യം ജനപ്പെരുപ്പത്തിനു വഴിവെയ്ക്കുന്നുവൊ എന്ന പഴയ ചോദ്യത്തിലേക്ക് നാം മടങ്ങിപ്പോകേണ്ടിയിരിക്കുന്നു. ചരിത്രപരമായ് നോക്കുമ്പോള്‍ ഇന്നത്തെ വികസിത രാജ്യങ്ങളെല്ലാം തന്നെ വികസനത്തിന്‍റെ ചില പ്രത്യേക ഘട്ടങ്ങളില്‍ മരണനിരക്കിനേക്കാള്‍ ഉയര്ന്ന ജനനനിരക്കും തന്‍മൂലം ഉയര്‍ന്ന ജനസംഖ്യാ വളര്‍ച്ചാ നിരക്കും അഭിമുഖീകരിച്ചിരുന്നു. സാമ്പത്തിക-സാമൂഹിക സാഹചര്യങ്ങളില്‍ വന്ന മാറ്റവും പൊതുജനവിദ്യാഭ്യാസത്തിന്‍റെ വളര്‍ച്ചയുമെല്ലാം ചേര്‍ന്ന് ജനപ്പെരുപ്പത്തിനെ സ്വാഭാവികമായിത്തന്നെ നിയന്ത്രിക്കാനും, മരണനിരക്കിനോടൊപ്പം തന്നെ ജനനനിരക്കിനേയും കുറച്ചു കൊണ്ടുവരാനും അവയെ സഹായിച്ചു. അതുകൊണ്ട് തന്നെ വികസ്വര രാഷ്ട്രങ്ങളിലെ സാമ്പത്തിക -സാമൂഹിക സാഹചര്യങ്ങളില്‍ ഗണ്യമായ മാറ്റമുണ്ടാക്കാന്‍ കൂട്ടായി പരിശ്രമിക്കാതെ സാങ്കേതിക-കേന്ദ്രീകൃതമായ കുറുക്കുവഴികള്‍ നിര്‍ദ്ദേശിക്കുന്നതും അവ സ്വീകരിക്കാന്‍ രാഷ്ട്രീയ സമ്മര്‍ദ്ദം ചെലുത്തുന്നതും മിക്കപ്പോഴും വിപരീത ഫലമുളവാക്കും. ഇന്ത്യയില്‍ അടിയന്തിരാവസ്ഥക്കാലത്ത് നിര്‍ബന്ധപൂര്‍വ്വം കുടുംബാസൂത്രണം നടത്തിയത് രാഷ്ട്രീയമായ് സ്വീകാര്യമാല്ലാതായതും ആണ്‍കുട്ടികള്‍ക്ക് പരമ്പരാഗതമായിത്തന്നെ മുന്‍ഗണന നല്‍കിയിരുന്ന ചൈനയില്‍ 'ഒരു കുട്ടി- ഒരു കുടുംബത്തിന്' എന്ന നയം നടപ്പാക്കിയതോടെ കുട്ടിയുടെ ലിംഗ നിര്‍ണയം ഭ്രൂണാവസ്ഥയില്‍ തന്നെ നടത്തി, പെണ്‍കുട്ടിയാണെങ്കില്‍ നശിപ്പിച്ചു കളയുന്നത് വളരെ അധികം കൂടിയതുമെല്ലാം ഇതിന് ഉത്തമോദാഹരണങ്ങളാണ്.

(അവസാനിച്ചില്ല)

കുറിപ്പ്:
ഇത് 1995 ആദ്യം എഴുതി, 1996 ഫെബ്രുവരി 23/24 തീയതികളില്‍ മാധ്യമം ദിനപ്പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനമാണ്. അതിനാല്‍ കണക്കുകള്‍ക്ക് പഴക്കമുണ്ട്. പക്ഷെ എന്‍റെ വീക്ഷണത്തില്‍ കാര്യമായ മാറ്റം വന്നിട്ടില്ല. ഈയിടെ ജനപ്പെരുപ്പവുമായ് ബന്ധപ്പെട്ട ചില ലേഖനങ്ങളും അതുപോലെ കമന്റുകളും കണ്ടത് കൊണ്ട് ഇത് രണ്ടു പോസ്റ്റായി ഇടാം എന്ന് വിചാരിച്ചു.

പല ലേഖനങ്ങളും റെഫര്‍ ചെയ്തിരുന്നു. ഓര്‍മ്മയിലുള്ളത് Dr. അസ്‌ഗര്‍ അലി എന്‍ജിനീയറിന്‍റെ ഒന്നോ രണ്ടോ ലേഖനങ്ങള്‍ (പ്രത്യകിച്ചും ഖുര്‍ആനുമായ് ബന്ധപ്പെട്ട അഭിപ്രായങ്ങള്‍), Dr. മോഹന്‍ റാവു എഴുതിയ ലേഖനം എന്നിവ ഓര്‍മയില്‍ തങ്ങി നില്‍ക്കുന്നു. വര്‍ഷങ്ങള്‍ കുറെ കഴിഞ്ഞതിനാല്‍ ഒന്നും കരുതി വച്ചിട്ടില്ല. ദയവായ് ലിങ്ക് ചോദിക്കരുത് :-)

ഇതിലെ ഭാഷ വളരെ അധികം തിരുത്തി തന്ന ജോര്‍ജ് ജോസഫ് എന്ന സുഹൃത്തിനെയും നന്ദിപൂര്‍വ്വം സ്മരിക്കുന്നു.

Tuesday, 18 March 2008

തങ്കമണി- ഒരോര്‍മ്മ

താഴേക്കിടയില്‍ പ്രവര്‍ത്തിച്ചെങ്കിലും, വൈറ്റ് കോളര്‍ ജോലിയിലേക്ക് മാറിക്കഴിയുമ്പോള്‍ കുറച്ചു പ്രാവശ്യം കണ്ടവരെ കുറിച്ച് വലിച്ചു നീട്ടി എഴുതുന്നത് അല്പത്തരം ആണെന്നറിയാം. എങ്കിലും ചില മുഖങ്ങളും, ചിലരുടെ ജീവിത യാഥാര്‍ത്ഥ്യങ്ങളും, നിശ്ചയ ദാര്‍ഢ്യവും എടുത്തെഴുതുന്നതില്‍ തെറ്റില്ലെന്നു തോന്നുന്നു.
**************

തിരുവനന്തപുരത്തെ ജവഹര്‍നഗറിലുള്ള ഓഫീസിലേക്ക് 1999ല്‍ ഒരു ദിവസം ഉച്ചയ്ക്ക് ഊണ് കഴിഞ്ഞു ചെന്നപ്പോള്‍ പുറത്തു നിന്നു തന്നെ ചെറിയ ബഹളം കേള്‍ക്കാം. അങ്ങനെ സാധാരണ സംഭവിക്കാറില്ലാത്തത് കൊണ്ട് സ്കൂട്ടര്‍ ഒരു സൈഡിലേക്ക് മാറ്റി വച്ചു കൊണ്ട്, ശബ്ദം ശ്രദ്ധിച്ചു. പരിചയമുള്ള ശബ്ദം തന്നെ, പക്ഷെ സാധാരണ ഓഫീസില്‍ കേള്‍ക്കുന്നതല്ല. ഗ്ലാസ് പിടിപ്പിച്ച വാതിലിനുള്ളിലേക്ക് നോക്കിയപ്പോള്‍ ആളെ മനസ്സിലായി.

തങ്കമണി ആകെ ചൂടിലാണ്. റിസപ്ഷനിസ്റ്റിനോട് വര്‍ത്തമാനം പറയുകയാണ്‌. കണ്ടാല്‍ വഴക്കിടുകയാണെന്നേ തോന്നൂ. ഉയര്‍ന്ന ശബ്ദത്തിലാണ് മിക്കവാറും തങ്കമണി സംസാരിക്കുക. തിരുവനന്തപുരം നഗരത്തിലെ ഒരു ലൈംഗികതൊഴിലാളി ആയിരുന്നു നാല്‍പ്പതിലധികം പ്രായമുണ്ടായിരുന്ന തങ്കമണി.

ഓഫീസില്‍ അധികം പേരും യാത്രയില്‍ ആണ്. അവിടെയുള്ളവര്‍ക്ക് എന്ത് ചെയ്യണം എന്ന് അറിയാതെ വിഷമിക്കുകയാണെന്ന് എല്ലാരുടെയും മുഖം പറയുന്നു. ആരും പ്രതീക്ഷിച്ചതല്ല തങ്കമണിയുടെ വരവ്.

"എന്തൊക്കെയുണ്ട് തങ്കമണീ വിശേഷങ്ങള്‍?" ചിരിച്ചു കൊണ്ട് ഞാന്‍ ചോദിച്ചു.

" ഓ എന്തോ പറയാനാ സാറേ. സാറിനെ കണ്ടിട്ടു കുറെ നാളായല്ലോ. ഞങ്ങടെ ഓഫീസിലേക്കൊന്നും വരാറില്ലല്ലോ." തങ്കമണി ദേഷ്യം എല്ലാം മുഖത്ത് നിന്നു മാറ്റി.

"കുറച്ചു നാളായ്‌ പത്തനംതിട്ടയും കോട്ടയോം ഒക്കെയാ യാത്ര." ഞാന്‍ പറഞ്ഞു.

" സാററിഞ്ഞില്ലേ. എന്റെ ജോലിയൊക്കെ പോയി."

കേരള സ്റ്റേറ്റ് എയിഡ്സ് കണ്ട്രോള്‍ സൊസൈറ്റിയുടെ (ആരോഗ്യ വകുപ്പ്) സഹായത്തോടെ ലൈംഗിക തൊഴിലാളികളുടെ ഇടയില്‍ എച്ച് ഐ വി/ എയിഡ്സ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് തിരുവനന്തപുരത്തെ 'സോമ' എന്ന സന്നദ്ധ സംഘടനയില്‍ പിയര്‍ എഡ്യൂക്കേറ്റര്‍ ആയി 1997 മുതല്‍ ജോലി ചെയ്യുകയായിരുന്നു തങ്കമണി.

ലൈംഗിക തൊഴിലാളികളെ കാണുകയും അവരുടെയിടയില്‍ എച്ച് ഐ വിയെ കുറിച്ചും മറ്റ് ലൈംഗികരോഗങ്ങളെ കുറിച്ചും ബോധവല്‍ക്കരണം നടത്തുക, ഉറ (condom) ഉപയോഗിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് പറഞ്ഞു മനസ്സിലാക്കുകയും ഉറ വിതരണം ചെയ്യുകയും ചെയ്യുക, ലൈംഗിക രോഗ പരിശോധനയ്ക്കും ചികിത്സക്കും പ്രേരിപ്പിക്കുക, അവരുടെ പ്രശ്നങ്ങളെ കുറിച്ച് മനസ്സിലാക്കി പ്രോജക്ടിന്റ്റെ ഓഫീസില്‍ അറിയ്ക്കുകയും പരമാവധി അവരെ പീഢനങ്ങളില്‍ നിന്നും രക്ഷിക്കാന്‍ സഹായിക്കുക, പുതുതായ് നഗരത്തില്‍ ലൈംഗിക തൊഴിലിനായ് വരുന്ന സ്ത്രീകളെ പ്രോജക്ടിന്റെ ഓഫീസില്‍ കൊണ്ട് ചെന്ന് പ്രത്യേക ആരോഗ്യ ക്ലാസ്സുകള്‍ നടത്തുക, എന്നിങ്ങനെ പോകുന്നു ഒരു പിയര്‍ എഡ്യൂക്കേറ്ററിന്റ്റെ പ്രധാന ജോലികള്‍. ആ പ്രോജെക്ടില്‍ തന്നെ പത്തോളം പിയര്‍ എഡ്യൂക്കേറ്റേഴ്സ് ഉണ്ടായിരുന്നെന്കിലും, പുതിയ കുറെ സ്ത്രീകളെ കൂടെ പിയര്‍ എഡ്യൂക്കേറ്റേഴ്സ് ആയി കൊണ്ടുവരുന്നതിന്റെ ഭാഗമായി പഴയ ആള്‍ക്കാരെ മാറ്റാന്‍ പ്രൊജക്റ്റ് തീരുമാനിക്കുകയായിരുന്നു. അങ്ങിനെ ചെയ്യുമ്പോള്‍ അവര്‍ക്കേറ്റെടുക്കേണ്ട ഉത്തരവാദിത്തവും അതിലൂടെ അവരിലുണ്ടാകുന്ന ശാക്തീകരണവും എല്ലാം ഈ തീരുമാനത്തിന്‍റ്റെ പിന്നില്‍ ഉണ്ടായിരുന്നു. മാസത്തില്‍ എണ്ണൂറോ ആയിരമോ രൂപ അതിന്‍റെ പ്രതിഫലമായി അവര്‍ക്ക് ലഭിച്ചിരുന്നു.

"ഞാനറിഞ്ഞില്ലല്ലോ." അറിഞ്ഞിരുന്നെങ്കിലും തങ്കമണിയുടെ അഭിപ്രായം മനസ്സിലാക്കാന്‍ ഞാന്‍ പറഞ്ഞു.

" ഞാന്‍ ജോസന്‍ സാറിനെ കണ്ടിട്ടേ ഇവിടുന്നു പോകൂ" തിരുവനന്തപുരം ജില്ലയുടെ ചുമതലയുള്ള സഹപ്രവര്‍ത്തകന്‍ വരാതെ അവിടുന്നു പോകില്ല എന്നുറച്ച മട്ടാണ് തങ്കമണി.

ജോസന്‍ എവിടെയോ യാത്രയില്‍ ആയതു കൊണ്ട് തങ്കമണി അവിടെ നിന്നാല്‍ യാതൊരു കാര്യവുമില്ല എന്ന് മനസ്സിലായി. ഓഫീസില്‍ അധികം പേരും യാത്രയിലാണ്. എങ്ങിനെ എങ്കിലും തങ്കമണിയെ തത്കാലം സമാധാനിപ്പിച്ചു നിര്‍ത്തുന്നത് നല്ലതാണെന്ന് തോന്നി.

" പിന്നെ എങ്ങനുണ്ട് തങ്കമണീ കച്ചവടം ഒക്കെ?" ലൈംഗിക തൊഴില്‍ നിര്‍ത്തി തിരുവനന്തപുരം സിറ്റിയില്‍ കരിക്ക് കച്ചവടം നടത്താന്‍ തങ്കമണിയും മറ്റൊരു സ്ത്രീയും തീരുമാനിച്ചിരുന്ന വിവരം അറിയാവുന്നത് കൊണ്ട് ചോദിച്ചു.

"എന്തോ പറയാനാ സാറേ. അവന്‍മാര് സമ്മതിക്കുകേല. ഞാനതങ്ങു നിര്‍ത്തി"

"ആരുടെ കാര്യമാ?"

" പൊലീസുകാര്. കഴിഞ്ഞയാഴ്ച ഞങ്ങടെ കരിക്ക് മൊത്തം ജീപ്പിലിട്ടോണ്ട് ഒരേമാനങ്ങു പോയി. സാറേ എടുത്തോണ്ട് പോകല്ലേന്ന് മാന്യമായിട്ടു പറഞ്ഞു നോക്കി. ഞാനും വിട്ടു കൊടുത്തില്ല"

"എന്ത് ചെയ്തു? "

" ഞാന്‍ ഓട്ടോ പിടിച്ചു നേരെ സറ്റേഷനില്‍ ചെന്നു. എസ് ഐ സാറിനോട് എല്ലാം തുറന്നു പറഞ്ഞു. ഞാന്‍ പ്രോജെക്ടില്‍ ജോലി ചെയ്യുവാണെന്നും എല്ലാം നിര്‍ത്തി കരിക്ക് കച്ചവടം തുടങ്ങിയതാന്നും പറഞ്ഞു."

"എന്നിട്ട് ?"

"സാറിനെല്ലാം മനസ്സിലായി. ഉടനെ കരിക്ക് കൊടുത്തേക്കാന്‍ പറഞ്ഞു. ഇനീം തെരക്കില്ലാത്ത സ്ഥലത്ത് റോഡിന്റ്റെ സൈഡിലേക്ക് മാറി നിന്നു കച്ചവടം ചെയ്തോളാന്‍ പറഞ്ഞു"

"അപ്പം പ്രശ്നമില്ലല്ലോ"

" എന്ത് പ്രശ്നമില്ലല്ലോന്ന്? സാറേ, തിരക്കുള്ളിടത്തു നിന്നാലെ ഞങ്ങടെ കയ്യീന്ന് ആരെങ്കിലും കരിക്ക് മേടിക്കൂ. അല്ലാതെ വണ്ടി നിര്‍ത്താത്തിടത്ത് നിന്നാ ആരാ ഇതൊക്കെ മേടിക്കുക?. എല്ലാ അവന്‍മാരും അവിടെ നിന്നു പഴോം പച്ചക്കറീം ഒക്കെ കച്ചവടം ചെയ്യുന്നുണ്ടല്ലോ. അതിനൊന്നും ഇവന്‍മാര്‍ക്ക് ഒരു കുഴപ്പോമില്ല" അല്‍പം ചൂടിലാണ് തങ്കമണി.

" അത് ശരിയാ. അപ്പം പിന്നെ എന്തോ ചെയ്തു?"

" ഞങ്ങള് അവിടെ തന്നെ നിന്നു കച്ചവടം ചെയ്തു. പിന്നേം മറ്റേ ഏമാന്‍ വന്ന് എല്ലാം കൂടി മു‌ന്നാല് ദിവസം മുന്നേ വാരി കെട്ടി കൊണ്ടു പോയി. അവനോടു മര്യാദക്ക് പറഞ്ഞു നോക്കി. ഒരു രക്ഷേമില്ല. ഇന്നലെ ഞാനവനെ പിടികു‌ടി നല്ല നാലെണ്ണം അങ്ങ് പറഞ്ഞു കൊടുത്തു."

" അയ്യയ്യോ. അപ്പം ഇനി കരിക്ക് വില്‍ക്കാന്‍ പറ്റുമോ"

" അത് പോട്ടെ സാറേ. അവന്‍ പാന്‍റ്റും ഷര്‍ട്ടും ഇട്ട് ഉടുത്തൊരുങ്ങി ബസ്സ് കേറാന്‍ വന്ന പരുവത്തിന് ഞാന്‍ അവനോടു ചോദിച്ചു എടാ ---- മോനേ നീ ഇനി ഞങ്ങടെ കരിക്കെടുത്തോണ്ട് പോകുമോടാ? പിന്നെ അറിയാവുന്ന എല്ലാ തെറിം വിളിച്ചു. അവിടെ കൂടി നിന്ന പെണ്ണുങ്ങളും ആണുങ്ങളും എല്ലാം നോക്കി. അവന്‍റെ മുഖം ഒന്നു കാണണമാരുന്നു. എന്നാലും ഇനീം അവന്‍ ഒരു പെണ്ണിന്‍റ്റേം അടുത്ത് ഇതുപോലൊരു പണി ചെയ്യില്ല."

"അത് കലക്കി." വെറുതെ ലൈസെന്‍സ്‌ പോക്കറ്റില്‍ ഇല്ലാത്തപ്പോള്‍ ഒരു പൊലീസുകാരനെ കണ്ടാല്‍ അനാവശ്യമായ് മുട്ടു കൂട്ടി മുട്ടുന്ന എനിക്ക് അവരുടെ ധൈര്യത്തെ അഭിനന്ദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

പിന്നേം കുറെ എന്തൊക്കെയോ വര്‍ത്തമാനം പറഞ്ഞു. പിന്നെ ഒന്‍പതാം ക്ലാസ്സില്‍ പഠിയ്ക്കുന്ന മോളുടെ കാര്യവും. ആലപ്പുഴയില്‍ എവിടെയോ ഹോസ്റ്റലില്‍ നിര്‍ത്തി പഠിപ്പിക്കുകയാണ്. പഠിയ്ക്കാന്‍ മിടുക്കിയാണ്.

"അവക്ക് വേണ്ടിയാ സാറേ ഞാനീ കഷ്ടപ്പെടുന്നതൊക്കെ" മോളെ കുറിച്ചു പറയുമ്പോള്‍ തങ്കമണിയുടെ മുഖം വീണ്ടും പ്രസന്നമായി.

***************

" ജോസന്‍ സാര്‍ എപ്പോഴാ വരുന്നേ?"

" മറ്റന്നാള്‍ പ്രോജെക്ടില്‍ വരും. അപ്പൊ തങ്കമണി എല്ലാം പറഞ്ഞാല്‍ മതി. ഞാനും പറഞ്ഞേക്കാം."

" അല്ലേല്‍ തങ്കമണീടെ വിധം മാറുമേ. അതും കൂടൊന്ന് സാറിനോട് പറഞ്ഞേക്ക്‌. മുഖ്യമന്ത്രിയെ കാണണേലും ഞാന്‍ പോയ് കാണും"

"ശരി ശരി. അതൊന്നും വേണ്ടി വരില്ലെന്നെ."

" നിങ്ങളൊക്കെ ഈ എസി മുറീല്‍ ഇരിക്കുന്നതേ ഞങ്ങടെ പൈസ കൊണ്ടാ. അപ്പം ഞങ്ങടെ ജോലീം കളഞ്ഞിട്ടു അങ്ങനാരേം വെറുതെ വിടില്ല."

പറയുന്ന സത്യം അംഗീകരിക്കാതെ നിവൃത്തിയില്ല. ഒരു വിധത്തില്‍ തങ്കമണിയെ പറഞ്ഞു വിട്ടു കഴിഞ്ഞാണ് അവിടെയിരുന്ന കുറച്ചു പേര്‍ക്കെങ്കിലും ശ്വാസം നേരെ വീണത്. എച്ച് ഐ വി പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട സന്നദ്ധ സംഘടനകളെ ഏകോപിപ്പിക്കാനുള്ള ഒരു മാനേജ്മെന്റ് ഏജന്‍സിയില്‍ ആയിരുന്നു ഞങ്ങള്‍ ജോലി ചെയ്തിരുന്നത്. ഓഫീസിലെ സാമൂഹ്യ പ്രവര്‍ത്തനവും ആയ്‌ ബന്ധപ്പെട്ട ആള്‍ക്കാര്‍ക്ക് മാത്രമെ പ്രോജക്ടുകള്‍ സന്ദര്‍ശിക്കുകയും ലൈംഗിക തൊഴിലാളികളുമായ് പരിചയപ്പെടുകയും അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുകയും ചെയ്യേണ്ടതുള്ളായിരുന്നു. ലൈംഗിക തൊഴിലാളികള്‍ ആരും തന്നെ ഞങ്ങളുടെ ഓഫീസില്‍ അന്ന് വരെ വന്നിരുന്നില്ല. അതിനാല്‍ പലര്‍ക്കും തങ്കമണി ഓഫീസില്‍ ദേഷ്യത്തില്‍ വന്നപ്പോള്‍ എന്ത് ചെയ്യണമെന്ന് ഒരു നിശ്ചയവും ഇല്ലായിരുന്നു.
***************

പിന്നീട് കുറെ വര്‍ഷങ്ങള്‍ കൂടി തങ്കമണി 'സോമ'യില്‍ ജോലി ചെയ്തു. തങ്കമണിയെ പിന്നീട് പലപ്പോഴും കണ്ടിരുന്നു.

രണ്ടായിരത്തി ഏഴില്‍ 'സോമ'സന്ദര്‍ശിച്ചപ്പോള്‍ തങ്കമണിയുടെ ആകസ്മിക മരണത്തെ കുറിച്ച് അറിഞ്ഞു. തീപ്പോള്ളലേറ്റ് മരിക്കുകയായിരുന്നു അത്രേ. വളരെ യാദൃശ്ചികമായ് വീട്ടില്‍ വച്ച് സാരിയില്‍ മണ്ണെണ്ണ വിളക്കില്‍ നിന്നും തീപടര്‍ന്നു. മകളെ ഒറ്റയ്ക്കാക്കി ആ അമ്മ യാത്രയായ്.

സന്നദ്ധ സംഘടനയില്‍ നിന്നും അവസാന നിമിഷം വരെയും അവരെ സഹായിച്ചിരുന്നതായ് മനസ്സിലാക്കി.

പല ലൈംഗിക തൊഴിലാളികളെ പോലെതന്നെ ധൈര്യശാലിയായ തങ്കമണിയുടെ ഓര്‍മ്മയ്ക്ക്‌ മുന്‍പില്‍ എന്‍റെ പ്രണാമം.

Saturday, 8 March 2008

ലോകം സുനില്‍ മേനോന്‍റെ കാഴ്ചപ്പാടില്‍

ഫാഷന്‍ ഡിസൈനര്‍, എച്ച് ഐ വി/ എയിഡ്സ് activist എന്നീ നിലകളില്‍ അറിയപ്പെടുന്ന സുനില്‍ മേനോന്‍, ഒരു സ്വവര്‍ഗാനുരാഗിയും ആണ്. സുനിലിനെ ഞാന്‍ പരിചയപ്പെടുന്നത് രണ്ടായിരാം ആണ്ടില്‍ ആലുവയില്‍ വച്ച് കേരളത്തിലെ എച്ച് ഐ വി പ്രതിരോധപ്രവര്‍ത്തകരെ സ്വവര്‍ഗാനുരാഗികളുടെ പ്രശ്നങ്ങളെക്കുറിച്ച് മനസ്സിലാക്കിക്കുവാനും അവരുടെ ഇടയില്‍ ഫലവത്തായ എച്ച് ഐ വി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനുമുള്ള ഒരു പരിശീലന പരിപാടിയില്‍ വച്ചാണ്. വളരെയധികം കഴിവുകളുള്ള സുനില്‍ അന്ന് പരിശീലകനായാണ് എത്തിയത്. 'സഹോദരന്‍' എന്ന സര്‍ക്കാരിതര സ്ഥാപനവും നടത്തുന്നു. പേരു സൂചിപ്പിക്കുന്നത് പോലെ സുനില്‍ മേനോന്‍ മലയാളി ആണ്.

ശോഭാ വാര്യര്‍ റീഡിഫ് ഡോട്ട് കോമിനു വേണ്ടി സുനില്‍ മേനോനുമായി നടത്തിയ ഇന്റ്റര്‍വ്യൂവിലെ പ്രസക്ത ഭാഗങ്ങളുടെ അന്തസത്ത മാറാതെ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്താന്‍ ഒരു ശ്രമം. പദാനുപദ തര്‍ജ്ജമ അല്ല ഉദ്ദേശിച്ചിരിക്കുന്നത്.

കുട്ടിക്കാലം:
ആദ്യമായ് ഒരു ആണിനോട് താത്പര്യം തോന്നിയത് എനിക്ക് ഏഴ് വയസ്സുള്ളപ്പോഴാണ്‌. ആണുങ്ങള്‍ ഉടുപ്പ്‌ ഊരുമ്പോള്‍ ഞാന്‍ തുറിച്ചു നോക്കുമായിരുന്നു. അതുപോലെ വീട്ടിലെ വേലക്കാരനെ ഒരിക്കല്‍ തുറിച്ചു നോക്കിയപ്പോള്‍ ചീത്തക്കാര്യം ആണെന്നും അതിനാല്‍ അങ്ങനെ നോക്കരുതെന്നും അയാള്‍ ഉപദേശിച്ചു. പിന്നീട് പഠിത്തത്തിലും മറ്റ് പാഠ്യേതര വിഷങ്ങളിലുമൊക്കെ വ്യാപൃതനായതിനാല്‍ ഞാന്‍ അക്കാര്യമൊക്കെ മറന്നേ പോയിരുന്നു.

പതിമൂന്നു വയസ്സുള്ളപ്പോള്‍ ഒരു ഇരുപത്തൊന്നുകാരനുമായ് ഞാന്‍ ചങ്ങാത്തത്തിലായ്. മറ്റുള്ളവര്‍ അറിഞ്ഞാല്‍ പ്രശ്നമാകുമെന്നും, സമൂഹം ഞങ്ങളെപ്പോലുള്ളവരെ അംഗീകരിക്കില്ലെന്നും അവനില്‍ നിന്നും ഞാന്‍ മനസ്സിലാക്കി. അതൊരു സ്വകാര്യമായ് അവശേഷിച്ചു. എനിക്ക് ആണുങ്ങളോട് മാത്രമാണ് ആകര്‍ഷണം തോന്നുന്നെന്നും, സ്ത്രീകളോട് ആകര്‍ഷണം തോന്നുന്നില്ലെന്നും, ഞാന്‍ മറ്റുള്ള ആണുങ്ങളില്‍ നിന്നും വ്യത്യസ്ഥനാണെന്നും മനസ്സിലാക്കിയപ്പോള്‍, മനസ്സു വല്ലാതെ അസ്വസ്ഥമായി. ആദ്യമായ് മനസ്സില്‍ തോന്നിയത് 'എന്തുകൊണ്ട് ഞാന്‍ ഇങ്ങനെ' എന്നാണ്. എനിക്ക് മറ്റുള്ള ആണുങ്ങളെ പോലെ, 'സ്ത്രീ' ആണെന്നുള്ള കളിയാക്കലില്‍ നിന്നും ഒഴിവായ് സാധാരണ ജീവിതം നയിക്കണം. ഡാന്‍സും മറ്റു പെര്‍ഫോമിംഗ് ആര്‍ട്സും എനിക്ക് ഇഷ്ടമായിരുന്നു. ആള്‍ക്കാര്‍ കളിയാക്കുമ്പോള്‍ വളരെ വിഷമം തോന്നിയിരുന്നു. എനിക്കും ഒരു സാധാരണ ആണിനെപ്പോലെ ആയാല്‍ മതിയെന്നും തോന്നിയിരുന്നു.

എന്‍റെ ലൈംഗികതയെ കുറിച്ച് അധികം ചിന്തിക്കാതെ ഞാന്‍ പഠിത്തത്തില്‍ വളരെയധികം ശ്രദ്ധ കേന്ദ്രീകരിച്ചു. എണ്‍പതുകളില്‍ ലൈംഗികതയെ കുറിച്ച് ആരും സംസാരിക്കുന്നത് തന്നെ വളരെ കുറവായിരുന്നു.
ആന്ത്രപ്പോളജിയില്‍ ബിരുദാനന്തരബിരുദത്തില്‍ സ്വര്‍ണ മെഡലോടെ മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്നും പാസ്സായ ശേഷം ഞാന്‍ പിഎച്ച്. ഡി ചെയ്യാന്‍ തുടങ്ങി.

ജീവിതത്തെ മാറ്റി മറിച്ച സംഭവം:
ഞാന്‍ 1992 ഇല്‍ പിഎച്ച്.ഡി ചെയ്തുകൊണ്ടിരുന്നപ്പോള്‍ ലോകാരോഗ്യ സംഘടനയിലെ ഒരു ആന്ത്രപ്പോളജിസ്റ്റ് (നരവംശശാസ്ത്രജ്ഞന്‍) വിളിച്ചിട്ട് എച്ച് ഐ വി/ എയിഡ്സുമായ് ബന്ധപ്പെട്ട് കുറച്ചു ജോലി ചെയ്യാമോ എന്ന് ചോദിച്ചു. എന്‍റെ പിഎച്ച്. ഡിയുടെ വിഷയവും hidden ആയിരിക്കുന്ന സ്വവര്‍ഗാനുരാഗികളായ ആണുങ്ങളുടെ വലയത്തെ കുറിച്ചായിരുന്നു. അവരെ കാണുകയും സംസാരിക്കുകയും ചെയ്തപ്പോള്‍ ഞാന്‍ മാത്രമല്ല ഇങ്ങനെ എന്ന് എനിക്ക് മനസ്സിലായ്‌. അതുവരെ ഞാന്‍ വേറെ സ്വവര്‍ഗ സ്നേഹികളുമായ് അടുത്ത് അറിഞ്ഞിരുന്നില്ല.അവരുടെ കൂടെയുള്ള പ്രവര്‍ത്തനം എന്‍റെ ജീവിതത്തെ മാറ്റിമറിച്ചു. എന്‍റെ ലൈംഗികതയുമായ് പോരുത്തപ്പെടാനുള്ള കരുത്ത് അതിലൂടെ ഞാന്‍ നേടി. ലൈംഗിക തൊഴിലാളികളും സ്വവര്‍ഗാനുരാഗികളും എപ്പോഴും ജീവിതവുമായ് തന്നെ മല്ലിടുന്നതും, ജീവിതത്തില്‍ എല്ലാ ആശകളും നശിച്ചിട്ടും ചെറു പുഞ്ചിരിയോടെ നില്‍ക്കുന്നതും ഞാന്‍ കണ്ടു. അവരുടെ ജീവിതം കാണുമ്പോള്‍ എനിക്ക് സ്വയം സഹതാപിക്കാനുള്ള അവകാശം ഇല്ലെന്നും മനസ്സിലായി. അതിനുശേഷം സ്വയം സഹതപിച്ച് ജീവിക്കുന്നതില്‍ നിന്നും ഞാന്‍ പിന്‍മാറി.

വീട്ടിലെ സപ്പോര്‍ട്ട്:
എന്‍റെ ലൈംഗികതയെ കുറിച്ച് അച്ഛന്‍ മനസ്സിലാക്കിയത്‌ കേരളത്തിലെ ഒരു ബന്ധു അദ്ദേഹത്തെ ബ്ലാക്മെയ്ല്‍ ചെയ്തപ്പോഴാണ്. അച്ഛന്‍ കരയാന്‍ തുടങ്ങിയപ്പോള്‍ 'ഇതു താങ്കളെ സ്തബ്ധനാക്കുകയും, എന്നെ മനസ്സിലാക്കാതിരിക്കുകയും ചെയ്‌താല്‍ ഞാന്‍ ഇനി വീട്ടിലെക്ക് ഒരിക്കലും മടങ്ങി വരില്ല. ഇങ്ങനെ ആണെങ്കിലും ഞാന്‍ താങ്കളുടെ മകനല്ലാതാവുമോ? ' എന്ന് പറയുകയും ചെയ്തു

അമേരിക്കയിലുള്ള എന്‍റെ സഹോദരി ആണ് എന്‍റെ ഏറ്റവും വലിയ സപ്പോര്‍ട്ട്. ഞാന്‍ അവരെ വിളിക്കുകയും എല്ലാം തുറന്നു പറയുകയും ചെയ്തു. പിന്നീട് ഈ വിഷയം വീട്ടില്‍ ചര്‍ച്ചക്ക് വന്നിട്ടേയില്ല. എന്‍റെ 43 വയസ്സുള്ള സഹോദരി ഇതുവരെയും വിവാഹം കഴിക്കാത്തത് കൊണ്ട് എനിക്ക് കുറ്റ ബോധം തോന്നാറുണ്ട്. ഞാന്‍ സ്വവര്‍ഗാനുരാഗിയാണെന്നുള്ളത് പരസ്യമായത് കൊണ്ട്, പല വീട്ടുകാരും അവരേയും സ്വീകരിക്കുന്നില്ല. പക്ഷെ അവരെപ്പോലെയുള്ള സഹോദരിയുള്ളത് കൊണ്ട്, ഞാനേറ്റവും ഭാഗ്യവാനായ് കരുതുന്നു. അവര്‍ ഒരിക്കല്‍ എന്നോടു പറഞ്ഞു ' എന്‍റെ സഹോദരനെ സ്വീകരിക്കാത്ത ഒരു ഭര്‍ത്താവിനെ എനിക്ക് ആവശ്യമില്ല' . ആ നിമിഷം, ഞാനേറ്റവും അനുഗ്രഹീതനായ് തോന്നി.

സഹോദരന്‍റെ തുടക്കം :
ഗവേഷണം 1992 ഇല്‍ തുടങ്ങിയെങ്കിലും ലോകാരോഗ്യ സംഘടനയിലെ പ്രവര്‍ത്തകരുമായ് അഭിപ്രായ വ്യത്യാസം ഉണ്ടായതിനെ തുടര്‍ന്ന് ഇടക്ക് വച്ച് നിര്‍ത്തി. അപ്പോഴേക്കും ഞാന്‍ വളരെ നിരാശനായിരുന്നു (disillusioned).

1992 ഇല്‍ ഞാന്‍ സ്വവര്‍ഗാനുരാഗികളുടെ ഇടയില്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ അതുവരെ ആരും ചെയ്തിരുന്നില്ല. 1993 ഇല്‍ ബെര്‍ലിന്‍ ഇന്റര്‍നാഷണല്‍ എയിഡ്സ് കോണ്ഫെറന്സില്‍ എന്‍റെ പേപ്പര്‍ പ്രസന്റ്റ് ചെയ്തപ്പോള്‍ പലര്‍ക്കും അത് ആദ്യത്തെ അറിവായിരുന്നു.

എച്ച് ഐ.വി/ എയിഡ്സ് പ്രതിരോധം ഫലപ്രദമായ് നടത്തണമെങ്കില്‍ സ്വവര്‍ഗാനുരാഗികളുടെ ഇടയില്‍ പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണെന്ന് ഇപ്പോഴാണ് പലര്‍ക്കും മനസ്സിലായ് തുടങ്ങിയത്. ലോകാരോഗ്യ സംഘടനയുടെ അടുത്ത സമയത്തെ റിപ്പോര്‍ട്ടില്‍ മയക്കുമരുന്ന് കുത്തിവയ്ക്കുന്നവരും സ്വവര്‍ഗാനുരാഗികളും ആണ് എച്ച്.ഐ. വി പകരാന്‍ ഏറ്റവും സാധ്യതയുള്ള ഗ്രൂപ്പുകള്‍ എന്ന് കാണുന്നു.

1994-98 ഇല്‍ ഞാന്‍ ഫാഷനോടുള്ള എന്‍റെ താത്പര്യം മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. പക്ഷെ ബ്രിട്ടനിലെ നാസ് ഫൌണ്ടേഷനില്‍ ജോലി ചെയ്യുന്ന ഒരു സുഹൃത്ത് പ്രവൃത്തി പരിചയം ഉണ്ടായിട്ടും എച്ച്.ഐ.വിയുമായ് ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാതെ എന്തിന് ഫാഷനില്‍ പ്രവര്‍ത്തിച്ച് സമയം കളയുന്നു എന്ന് ചോദിക്കുകയും സ്വവര്‍ഗാനുരാഗികളുടെ ഇടയില്‍ എന്‍റെ ഇഷ്ട പ്രകാരം ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. അങ്ങിനെ ആണ് 'സഹോദരന്‍' തുടങ്ങിയത്.

ഞങ്ങള്‍ എല്ലാവരും ഒറ്റപ്പെട്ടു ജീവിക്കുന്നവര്‍ ആയതിനാല്‍ ആണ് സഹോദരന്‍ എന്ന പേരു സ്ഥാപനത്തിന് ഇട്ടത്. 'സഹോദരന്‍' സ്വവര്‍ഗാനുരാഗികളുടെ ഒരു സുഹൃത്ത് മാത്രമല്ല, അവരുടെ ആവശ്യങ്ങള്‍ക്കായ് സമീപിക്കാവുന്ന സ്ഥാപനം കൂടി ആണ്. അവരുടെ സുരക്ഷ ഉറപ്പു വരുതിയിട്ടുള്ള ഒരു സ്ഥാപനം കു‌ടിയാണ് സഹോദരന്‍. അവിടെ അവര്‍ സുരക്ഷിതരാണ്. അതൊരു ലൈംഗിക ആരോഗ്യ കേന്ദ്രവും ആണ്. കൂടാതെ മാനസികാരോഗ്യവും, മറ്റ് ആരോഗ്യ പ്രശ്നങ്ങളും അവിടെ കൈകാര്യം ചെയ്യുന്നു.

ബോംബെയിലെ 'ഹംസഫര്‍' എന്ന സ്ഥാപനവും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നെങ്കിലും അത് കൂടുതലും വരേണ്യ വര്‍ഗത്തിലുള്ള സ്വവര്ഗാനുരാഗികള്‍ക്ക് വേണ്ടി ആയിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. സഹോദരനില്‍ ഞങ്ങള്‍ കൂടുതലും പാവപ്പെട്ട, പാര്‍ശ്വവത്കരിക്കപ്പെട്ട, 'കോത്തികള്‍' എന്നറിയപ്പെടുന്ന, സ്ത്രീ പ്രകൃതമുള്ള പുരുഷന്മാരുടെ കു‌റെ ആണ്. അതില്‍ മിക്കവരും ലൈംഗിക തൊഴിലാളികളും ആണ്. എച്ച് ഐ വി പകരാന്‍ ഏറ്റവും കു‌ടുതല്‍ സാധ്യത ഇവരില്‍ ആണ്.

ഭാരതത്തിലെ ഒരു സ്വവര്‍ഗാനുരാഗിയുടെ ജീവിതം:
ഭാരതത്തില്‍ സ്വവര്‍ഗാനുരാഗിയായ് ജീവിക്കുക എന്നത് ഏറ്റവും ദുഷ്കരം പിടിച്ച ഒന്നാണ്. ഭാരതത്തിനു പുറത്തു പോയ് ജീവിക്കണം എന്ന് മോഹം ഉണ്ടായിരുന്നു. അത് സാധിച്ചില്ല. ഒരു പക്ഷെ ദൈവത്തിനു വേറെ പ്ലാനുകള്‍ ഉണ്ടായിരുന്നിരിക്കണം. സഹോദരന്‍ തുടങ്ങിയതിനു ശേഷം ഇവിടുന്നു മാറി നില്ക്കാന്‍ സാധിക്കുമായിരുന്നില്ല. പലര്‍ക്കും എന്‍റെ സാന്നിധ്യം ആവശ്യമായിരുന്നു. ഞാനും പുറത്തുപോയാല്‍ ആരാണ് ഇവിടെ എന്‍റെ രാജ്യത്ത് മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ പ്രയത്നിക്കുക എന്നും തോന്നിയിരുന്നു.

റോസിനു ഭാഗ്യം ഉണ്ട്. കാരണം റോസ് ഇപ്പോഴാണ് ആക്റ്റിവിസം തുടങ്ങുന്നത്, ഞാന്‍ 1990 കളിലും. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്പ് എനിക്കും ഇതിനെ കുറിച്ച് ഇങ്ങനെ നിങ്ങളോട് ചര്‍ച്ച ചെയ്യാന്‍ സാധിക്കുമായിരുന്നില്ല. ലൈംഗികതയെ കുറിച്ചും ഞങ്ങളുടെ പ്രശ്നങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്യാന്‍ മാധ്യമങ്ങളെ ഞാന്‍ ഉപയോഗിച്ചിട്ടുണ്ട്. ഞങ്ങളും സാധാരണ മനുഷ്യര്‍ തന്നെ ആണെന്ന് സമൂഹത്തെ വ്യക്തമായ് മനസ്സിലാക്കിക്കാന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കും. എന്‍റെ ലൈംഗിക താത്പര്യങ്ങള്‍ വ്യത്യസ്ഥമാണെന്നത് കൊണ്ട് ഞാന്‍ ഒരു ചീത്ത മനുഷ്യന്‍ ആകുന്നില്ല. ഇപ്പോള്‍ സമൂഹം കുറച്ചുകൂടി സഹിഷ്ണുത കാണിക്കാറുണ്ട്. പതുക്കെ സ്വീകാര്യതയും (acceptance) ഉണ്ടാവും. കുറച്ചു സമയം എടുക്കും എന്ന് മാത്രം. പക്ഷെ പീഢനങ്ങള്‍ (harrassment) നിര്‍ത്തേണ്ടത് അത്യാവശ്യം ആണ്. ചെറുപ്പം മുതല്‍ സ്ത്രീ പ്രകൃതം ഉള്ളതിനാല്‍ കളിയാക്കലുകള്‍ സഹിക്കേണ്ടി വന്നു. അത് വളരെ വേദനാജനകമാണ്. അന്ന് എന്തിനാണ് എന്നെ പല പേരുകള്‍ വിളിക്കുന്നതെന്ന് മനസ്സിലായിരുന്നില്ല.

മറ്റ് വ്യത്യസ്തമായ കഴിവുകള്‍ (differently- abled) ഉള്ള കുട്ടികളെ പരിപാലിക്കുന്നത്‌ പോലെ ചെറുപ്പത്തിലെ തന്നെ ഞങ്ങളേയും പരിപാലിക്കേണ്ടതാണ്. എനിക്ക് തോന്നുന്നത് അമ്മമാരാണ് ഇങ്ങനെയുള്ള കുട്ടികളെ സ്വീകരിക്കാന്‍ മടി കാണിക്കാത്തത് എന്നാണ്. തങ്ങളുടെ പുരുഷത്വത്തിനും ഈഗോയ്ക്കും ക്ഷതമേല്‍പ്പിക്കുന്നുവെന്ന തോന്നല്‍ ഉള്ളത് കൊണ്ട് അച്ഛന്‍മാര്‍ക്ക് ഇവരെ സ്വീകരിക്കാന്‍ ബുദ്ധിമുട്ട് വരുന്നു.

ഭാഗ്യം കൊണ്ട് ഞാന്‍ ഒരു ഫാഷന്‍ ഡിസൈനര്‍ എന്ന നിലയിലും choreographer എന്ന നിലയിലും പേരെടുത്തു. അതിനാല്‍ ഞാന്‍ ഫാഷന്‍ choreographer ആയ സുനില്‍ മേനോന്‍ എന്ന പേരില്‍ ആണ് അറിയപ്പെടുന്നത്. എന്നെ അറിയാത്തവര്‍ക്ക് ഇപ്പോഴും ഞാന്‍ ഒരു സ്വവര്‍ഗാനുരാഗി മാത്രവും. ഞാന്‍ ഫാഷന്‍ ഉപയോഗിച്ച് എച്ച് ഐ വി ആക്ടിവിസത്തിനു വേണ്ടിയും പ്രവര്‍ത്തിക്കുന്നു.


ഒരു ജന്തുശാസ്ത്രജ്ഞനില്‍ നിന്നും നരവംശ ശാസ്ത്രജ്ഞ്നിലേക്കും, പിന്നീട് ഫാഷന്‍ ഡിസൈനര്‍, എച്ച് ഐ വി/ എയിഡ്സ് activist എന്നിവയിലെക്കുമുള്ള മാറ്റം വളരെ സ്വാഭാവികമായിരുന്നു.എഴു വയസ്സില്‍ ആരും എന്നോടു പുരുഷന്‍മാരെ നോക്കാന്‍ പറഞ്ഞിരുന്നില്ല. ഞാന്‍ ജനിച്ചപ്പോള്‍ തന്നെ അങ്ങിനെ ആയിരുന്നിരിക്കണം. എങ്ങിനെ ആണ് ചില മനുഷ്യര്‍ സ്വവര്ഗാനുരാഗികള്‍ ആകുന്നതെന്ന് ഞാന്‍ വളരെ അധികം വായിച്ചിട്ടുണ്ട്. ജനിതകമായുള്ളതോ, ജീവിതപരിസ്ഥിതി കൊണ്ടോ ഒക്കെ ഇങ്ങനെ ആവാം. എനിക്ക് ഇപ്പോള്‍ കാരണങ്ങള്‍ അറിയേണ്ട. ഞങ്ങള്‍ ഇങ്ങനെ ജീവിക്കാന്‍ താത്പര്യം ഉള്ളവര്‍ അല്ലെന്നും, ഞങ്ങള്‍ ഇങ്ങനെ ജനിച്ചവര്‍ ആണെന്നും സമൂഹത്തെയും നിയമത്തെയും മനസ്സിലാക്കിക്കാന്‍ സാധിച്ചാല്‍ തന്നെ ഞങ്ങളുടെ ജീവിതം വളരെ മെച്ചപ്പെടും. ഞങ്ങള്‍ക്ക് മറ്റു മാര്‍ഗങ്ങള്‍ ഒന്നും ഇല്ല. ദൈവത്തിന്റെ മൂശയില്‍ നിന്നും വന്നവര്‍. തമാശയായ് ചിന്തിക്കുമ്പോള്‍ ജനപ്പെരുപ്പം നിയന്ത്രിക്കാനായ് ദൈവത്തിന്റെ ഒരു മാര്‍ഗം ആയിരിക്കും ഇതെന്ന് തോന്നുന്നു.

കടപ്പാട്:

http://in.rediff.com/news/2008/feb/26spec.htm

AIDS-INDIA@yahoogroups.com

Tuesday, 26 February 2008

ജയിലുകളില്‍ ഉറ (condom) വിതരണം ചെയ്യാം

എല്ലാ പ്രധാന ജയിലുകളിലും എച്ച് ഐ വി (HIV) ബാധിതര്‍ക്ക് ഉറ (condom) വിതരണം ചെയ്യാന്‍ കേന്ദ്ര ഗവണ്‍മെന്റ്റ് ജയില്‍ ഡയറക്ടര്‍ ജനറല്‍മാര്ക്ക് നിര്‍ദ്ദേശം കൊടുത്തു. ജയില്‍ വാസികളില്‍ എച്ച് ഐ വി പകരുന്നത് തടയാനായാണ് ഈ നിര്‍ദ്ദേശം കൊടുത്തിട്ടുള്ളത്. അടുത്ത ശാരീരിക സമ്പര്‍ക്കവും സ്വവര്‍ഗ ലൈംഗികതയും ജയില്‍വാസികളില്‍ കാണപ്പെടുന്നത് അവരില്‍ ചിലരെ എച്ച് ഐ വി ബാധിതരാക്കാന്‍ കാരണമാകുന്നു എന്നും ജയില്‍ ഡയറക്ടര്‍ ജനറല്‍മാര്ക്കുള്ള കത്തില്‍ (Number: F.N. 17013/24/2007-PR) കേന്ദ്രം വ്യക്തമാക്കുന്നു.

എച്ച് ഐ വി ബാധ ജയില്‍വാസികളില്‍ സാധാരണ (ജയിലിനു) പുറത്തുള്ള ജനങ്ങളെ അപേക്ഷിച്ച് പല മടങ്ങ് കുടുതലാണെന്നും അതിനാല്‍ ജയിലുകളില്‍ കൌണ്സിലിങ്ങ്, എച്ച് ഐ വി ടെസ്റ്റിങ്ങ് എന്നിവ ഉള്‍പ്പെടെ പ്രതിരോധത്തിനുള്ള മാര്‍ഗങ്ങള്‍ ചെയ്തു കൊടുക്കേണ്ടതാണെന്നും കത്തില്‍ സൂചിപ്പിക്കുന്നു. ജയില്‍ വാസികളില്‍ ഉറകള്‍ വിതരണം ചെയ്യാവുന്നതാണെന്നും കത്തില്‍ പറയുന്നു.

ജയിലുകളില്‍ ലൈംഗിക രോഗങ്ങളും എച്ച് ഐ വിയും പകരാന്‍ പല അനുകു‌ല ഘടകങ്ങളുണ്ട്. ഇവയെ കുറിച്ചുള്ള അറിവ് കുറവ്, പ്രതിരോധ മാര്‍ഗങ്ങളുടെ അഭാവം, കു‌ടുതല്‍ ആള്‍ക്കാര്‍ തിങ്ങിപ്പാര്‍ക്കുന്നത് മൂലം അടുത്ത ശാരീരിക ബന്ധം പുലര്‍ത്താനുള്ള സാഹചര്യം, ശുചിത്വക്കുറവ് എന്നിവയും ഇവ പകരാനുള്ള സാഹചര്യങ്ങള്‍ ഒരുക്കുന്നു. സ്വന്തം കുടുംബങ്ങളില്‍ നിന്നും വളരെ കാലം മാറി നില്‍ക്കുന്നതിനാല്‍ പല ജയില്‍വാസികളും സ്വവര്‍ഗ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതായ് കത്തില്‍ പറയുന്നു.

[സ്റ്റേറ്റ്സ്മാന്‍ ദിനപ്പത്രത്തിലെ വാര്‍ത്ത‍യുടെ ചുരുക്ക വിവര്‍ത്തനം. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.thestatesman.net/page.arcview.php?date=2008-02-24&usrsess=1&clid=1&id=218949 ]
വിവരങ്ങള്‍ക്ക് കടപ്പാട്: AIDS_ASIA@yahoogroups.com
------------------------------
ഇനി ഈ വാര്‍ത്തയുടെ മറ്റു വശങ്ങളിലേക്ക്:

ഈ വാര്‍ത്തക്ക്‌ വളരെ അധികം പൊതുജനാരോഗ്യ പ്രാധാന്യം ഉണ്ടെന്നു പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. പൊതുജനാരോഗ്യ പ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം ഒരു ആശാവഹമായ കത്താണ് ഇത്.
സാധാരണഗതിയില്‍ സ്ത്രീ പുരുഷ ബന്ധത്തില്‍ പോലും ഉറ വാങ്ങാനും ഉപയോഗിക്കാനും വിമുഖതയുള്ളപ്പോള്‍ സ്വവര്‍ഗ രതിയില്‍ ഉപയോഗിക്കാനായ് ഉറ വെറുതെ കൊടുത്താല്‍ പോലും ഉപയോഗിക്കണമെങ്കില്‍ അതിനനുസരിച്ച് അറിവ് പകര്‍ന്നു കൊടുക്കുകയും ചെയ്യേണ്ടതാണ്. സ്വവര്‍ഗ ലൈംഗികത കുറ്റകരമായ് കാണുന്ന ഇപ്പോഴുള്ള നിയമങ്ങളില്‍ കാതലായ മാറ്റം വന്നില്ലെങ്കില്‍, ഇങ്ങനെയുള്ള കത്തുകള്‍ കൊണ്ട് എത്ര പ്രയോജനം ഉണ്ടാകുമെന്നും കണ്ടറിയണം. ജയിലുകളിലെ പരിതാപകരമായ അവസ്ഥ ഇതുപോലുള്ള ചുളുക്ക് വിദ്യകള്‍ കൊണ്ടു മാത്രം മാറ്റാവുന്നതല്ല.

സ്വവര്‍ഗ ലൈംഗികത ഇവിടെയെങ്ങും തന്നെയില്ല എന്നും മറ്റുമുള്ള നമ്മുടെ കപട സദാചാര പ്രഖ്യാപനങ്ങള്‍ക്ക് ഈ കത്ത് ഒരു വെല്ലു വിളി കൂടിയാണ്. ഒരു കണക്കിന് നമ്മുടെ കണ്ണ് തുറപ്പിക്കുന്നതും.

എച്ച് ഐ വി ബാധ ജയില്‍വാസികളില്‍ കൂടി വരുന്നു എന്നത് അധികാരികള്‍ക്ക് മനസ്സിലായിരുന്നെങ്കിലും, വിക്ടോറിയന്‍ മൂല്യങ്ങള്‍ ഇപ്പോഴും ഉയര്‍ത്തിപ്പിടിക്കുന്ന നമ്മുടെ ചില നിയമ വ്യവസ്ഥിതികള്‍ മൂലം ജയിലുകളിലെ എച്ച് ഐ വി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വളരെ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു.ഐ പി സി (ഇന്ത്യന്‍ പീനല്‍ കോഡ്) സെക്ഷന്‍ 377 അനുസരിച്ച് പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തില്‍ എര്‍പ്പെട്ടതായ് (സ്വവര്‍ഗ ലൈംഗികത ഇതില്‍ പെടുന്നതായ് വിവക്ഷിച്ചിരിക്കുന്നു) തെളിഞ്ഞാല്‍ ജീവപര്യന്തമോ പത്തു വര്‍ഷം വരെ തടവും പിഴ ശിക്ഷയും ലഭിക്കാവുന്ന കുറ്റമായതിനാല്‍ (കട: വടവോസ്കി) , ഉറ ജയിലുകളില്‍ വിതരണം ചെയ്‌താല്‍ പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനു പ്രേരിപ്പിക്കുന്നതായ് വിവക്ഷിക്കാവുന്നതിനാല്‍ പല ജയില്‍ അധികൃതരും അതിന് മടിക്കുക ആയിരുന്നു.

പല ജയിലുകളിലും എച്ച് ഐ വി പകരാതിരിക്കാനുള്ള മാര്‍ഗങ്ങള്‍ പറഞ്ഞു കൊടുക്കുക, കൌണ്സിലിംഗ്, എന്നിങ്ങനെ എങ്ങും തൊടാത്ത മട്ടിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളും, ലൈംഗിക രോഗ പരിശോധനകള്‍, ചികിത്സകള്‍ എന്നിവയും പത്തുവര്‍ഷത്തോളമായ് ഉണ്ടായിരുന്നെങ്കിലും, ലൈംഗിക രോഗങ്ങളും എച്ച് ഐ വിയും കുടിക്കൊണ്ടേയിരുന്നു. പല യുറോപ്യന്‍ രാജ്യങ്ങളിലും വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ജയിലുകളില്‍ എച്ച് ഐ വി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വളരെ വിപുലമായ് തുടങ്ങിയിരുന്നു.

ഈ വാര്‍ത്തയിലെ ഒരു വലിയ തെറ്റ്: ആദ്യം പറയുന്നത് ജയിലിലെ എച്ച് ഐ വി ബാധിതര്‍ക്ക് ഉറ വിതരണം ചെയ്യാമെന്നും, പിന്നീട് വിശദമാക്കുന്നത് ജയിലില്‍ ഉറ വിതരണം ചെയ്യാമെന്നും ആണ്. ഏതാണ് ശരിയെന്നും വ്യക്തമല്ല. രണ്ടാമത്തേത് ആകാനാണ് വഴി. പല ജയിലുകളിലും എച്ച് ഐ വി ബാധിച്ചവരെ പ്രത്യേക സെല്ലുകളിലേക്ക് മാറ്റാറുണ്ട്.

കത്തിലെ മറ്റൊരു കുനുഷ്ട് ഇതാണ്: "ജയില്‍വാസികളില്‍ ഉറകള്‍ വിതരണം ചെയ്യാവുന്നതാണ് (may be distributed)". ഇതു പലപ്പോഴും പ്രവൃത്തി തലങ്ങളില്‍ വ്യാഖ്യാനിക്കുക അതാത് ഓഫീസര്‍മാരുടെ യുക്തിയും ഇഷ്ടവും പോലെ ആയിരിക്കും. അത് കൊണ്ട് എത്രത്തോളം പ്രയോജനം ഉണ്ടാകുമെന്നും കാത്തിരുന്നു കാണാം.