Tuesday, 18 March 2008
തങ്കമണി- ഒരോര്‍മ്മ
**************
തിരുവനന്തപുരത്തെ ജവഹര്‍നഗറിലുള്ള ഓഫീസിലേക്ക് 1999ല്‍ ഒരു ദിവസം ഉച്ചയ്ക്ക് ഊണ് കഴിഞ്ഞു ചെന്നപ്പോള്‍ പുറത്തു നിന്നു തന്നെ ചെറിയ ബഹളം കേള്‍ക്കാം. അങ്ങനെ സാധാരണ സംഭവിക്കാറില്ലാത്തത് കൊണ്ട് സ്കൂട്ടര്‍ ഒരു സൈഡിലേക്ക് മാറ്റി വച്ചു കൊണ്ട്, ശബ്ദം ശ്രദ്ധിച്ചു. പരിചയമുള്ള ശബ്ദം തന്നെ, പക്ഷെ സാധാരണ ഓഫീസില്‍ കേള്‍ക്കുന്നതല്ല. ഗ്ലാസ് പിടിപ്പിച്ച വാതിലിനുള്ളിലേക്ക് നോക്കിയപ്പോള്‍ ആളെ മനസ്സിലായി.
തങ്കമണി ആകെ ചൂടിലാണ്. റിസപ്ഷനിസ്റ്റിനോട് വര്‍ത്തമാനം പറയുകയാണ്. കണ്ടാല്‍ വഴക്കിടുകയാണെന്നേ തോന്നൂ. ഉയര്‍ന്ന ശബ്ദത്തിലാണ് മിക്കവാറും തങ്കമണി സംസാരിക്കുക. തിരുവനന്തപുരം നഗരത്തിലെ ഒരു ലൈംഗികതൊഴിലാളി ആയിരുന്നു നാല്‍പ്പതിലധികം പ്രായമുണ്ടായിരുന്ന തങ്കമണി.
ഓഫീസില്‍ അധികം പേരും യാത്രയില്‍ ആണ്. അവിടെയുള്ളവര്‍ക്ക് എന്ത് ചെയ്യണം എന്ന് അറിയാതെ വിഷമിക്കുകയാണെന്ന് എല്ലാരുടെയും മുഖം പറയുന്നു. ആരും പ്രതീക്ഷിച്ചതല്ല തങ്കമണിയുടെ വരവ്.
"എന്തൊക്കെയുണ്ട് തങ്കമണീ വിശേഷങ്ങള്‍?" ചിരിച്ചു കൊണ്ട് ഞാന്‍ ചോദിച്ചു.
" ഓ എന്തോ പറയാനാ സാറേ. സാറിനെ കണ്ടിട്ടു കുറെ നാളായല്ലോ. ഞങ്ങടെ ഓഫീസിലേക്കൊന്നും വരാറില്ലല്ലോ." തങ്കമണി ദേഷ്യം എല്ലാം മുഖത്ത് നിന്നു മാറ്റി.
"കുറച്ചു നാളായ് പത്തനംതിട്ടയും കോട്ടയോം ഒക്കെയാ യാത്ര." ഞാന്‍ പറഞ്ഞു.
" സാററിഞ്ഞില്ലേ. എന്റെ ജോലിയൊക്കെ പോയി."
കേരള സ്റ്റേറ്റ് എയിഡ്സ് കണ്ട്രോള്‍ സൊസൈറ്റിയുടെ (ആരോഗ്യ വകുപ്പ്) സഹായത്തോടെ ലൈംഗിക തൊഴിലാളികളുടെ ഇടയില്‍ എച്ച് ഐ വി/ എയിഡ്സ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് തിരുവനന്തപുരത്തെ 'സോമ' എന്ന സന്നദ്ധ സംഘടനയില്‍ പിയര്‍ എഡ്യൂക്കേറ്റര്‍ ആയി 1997 മുതല്‍ ജോലി ചെയ്യുകയായിരുന്നു തങ്കമണി.
ലൈംഗിക തൊഴിലാളികളെ കാണുകയും അവരുടെയിടയില്‍ എച്ച് ഐ വിയെ കുറിച്ചും മറ്റ് ലൈംഗികരോഗങ്ങളെ കുറിച്ചും ബോധവല്‍ക്കരണം നടത്തുക, ഉറ (condom) ഉപയോഗിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് പറഞ്ഞു മനസ്സിലാക്കുകയും ഉറ വിതരണം ചെയ്യുകയും ചെയ്യുക, ലൈംഗിക രോഗ പരിശോധനയ്ക്കും ചികിത്സക്കും പ്രേരിപ്പിക്കുക, അവരുടെ പ്രശ്നങ്ങളെ കുറിച്ച് മനസ്സിലാക്കി പ്രോജക്ടിന്റ്റെ ഓഫീസില്‍ അറിയ്ക്കുകയും പരമാവധി അവരെ പീഢനങ്ങളില്‍ നിന്നും രക്ഷിക്കാന്‍ സഹായിക്കുക, പുതുതായ് നഗരത്തില്‍ ലൈംഗിക തൊഴിലിനായ് വരുന്ന സ്ത്രീകളെ പ്രോജക്ടിന്റെ ഓഫീസില്‍ കൊണ്ട് ചെന്ന് പ്രത്യേക ആരോഗ്യ ക്ലാസ്സുകള്‍ നടത്തുക, എന്നിങ്ങനെ പോകുന്നു ഒരു പിയര്‍ എഡ്യൂക്കേറ്ററിന്റ്റെ പ്രധാന ജോലികള്‍. ആ പ്രോജെക്ടില്‍ തന്നെ പത്തോളം പിയര്‍ എഡ്യൂക്കേറ്റേഴ്സ് ഉണ്ടായിരുന്നെന്കിലും, പുതിയ കുറെ സ്ത്രീകളെ കൂടെ പിയര്‍ എഡ്യൂക്കേറ്റേഴ്സ് ആയി കൊണ്ടുവരുന്നതിന്റെ ഭാഗമായി പഴയ ആള്‍ക്കാരെ മാറ്റാന്‍ പ്രൊജക്റ്റ് തീരുമാനിക്കുകയായിരുന്നു. അങ്ങിനെ ചെയ്യുമ്പോള്‍ അവര്‍ക്കേറ്റെടുക്കേണ്ട ഉത്തരവാദിത്തവും അതിലൂടെ അവരിലുണ്ടാകുന്ന ശാക്തീകരണവും എല്ലാം ഈ തീരുമാനത്തിന്‍റ്റെ പിന്നില്‍ ഉണ്ടായിരുന്നു. മാസത്തില്‍ എണ്ണൂറോ ആയിരമോ രൂപ അതിന്‍റെ പ്രതിഫലമായി അവര്‍ക്ക് ലഭിച്ചിരുന്നു.
"ഞാനറിഞ്ഞില്ലല്ലോ." അറിഞ്ഞിരുന്നെങ്കിലും തങ്കമണിയുടെ അഭിപ്രായം മനസ്സിലാക്കാന്‍ ഞാന്‍ പറഞ്ഞു.
" ഞാന്‍ ജോസന്‍ സാറിനെ കണ്ടിട്ടേ ഇവിടുന്നു പോകൂ" തിരുവനന്തപുരം ജില്ലയുടെ ചുമതലയുള്ള സഹപ്രവര്‍ത്തകന്‍ വരാതെ അവിടുന്നു പോകില്ല എന്നുറച്ച മട്ടാണ് തങ്കമണി.
ജോസന്‍ എവിടെയോ യാത്രയില്‍ ആയതു കൊണ്ട് തങ്കമണി അവിടെ നിന്നാല്‍ യാതൊരു കാര്യവുമില്ല എന്ന് മനസ്സിലായി. ഓഫീസില്‍ അധികം പേരും യാത്രയിലാണ്. എങ്ങിനെ എങ്കിലും തങ്കമണിയെ തത്കാലം സമാധാനിപ്പിച്ചു നിര്‍ത്തുന്നത് നല്ലതാണെന്ന് തോന്നി.
" പിന്നെ എങ്ങനുണ്ട് തങ്കമണീ കച്ചവടം ഒക്കെ?" ലൈംഗിക തൊഴില്‍ നിര്‍ത്തി തിരുവനന്തപുരം സിറ്റിയില്‍ കരിക്ക് കച്ചവടം നടത്താന്‍ തങ്കമണിയും മറ്റൊരു സ്ത്രീയും തീരുമാനിച്ചിരുന്ന വിവരം അറിയാവുന്നത് കൊണ്ട് ചോദിച്ചു.
"എന്തോ പറയാനാ സാറേ. അവന്‍മാര് സമ്മതിക്കുകേല. ഞാനതങ്ങു നിര്‍ത്തി"
"ആരുടെ കാര്യമാ?"
" പൊലീസുകാര്. കഴിഞ്ഞയാഴ്ച ഞങ്ങടെ കരിക്ക് മൊത്തം ജീപ്പിലിട്ടോണ്ട് ഒരേമാനങ്ങു പോയി. സാറേ എടുത്തോണ്ട് പോകല്ലേന്ന് മാന്യമായിട്ടു പറഞ്ഞു നോക്കി. ഞാനും വിട്ടു കൊടുത്തില്ല"
"എന്ത് ചെയ്തു? "
" ഞാന്‍ ഓട്ടോ പിടിച്ചു നേരെ സറ്റേഷനില്‍ ചെന്നു. എസ് ഐ സാറിനോട് എല്ലാം തുറന്നു പറഞ്ഞു. ഞാന്‍ പ്രോജെക്ടില്‍ ജോലി ചെയ്യുവാണെന്നും എല്ലാം നിര്‍ത്തി കരിക്ക് കച്ചവടം തുടങ്ങിയതാന്നും പറഞ്ഞു."
"എന്നിട്ട് ?"
"സാറിനെല്ലാം മനസ്സിലായി. ഉടനെ കരിക്ക് കൊടുത്തേക്കാന്‍ പറഞ്ഞു. ഇനീം തെരക്കില്ലാത്ത സ്ഥലത്ത് റോഡിന്റ്റെ സൈഡിലേക്ക് മാറി നിന്നു കച്ചവടം ചെയ്തോളാന്‍ പറഞ്ഞു"
"അപ്പം പ്രശ്നമില്ലല്ലോ"
" എന്ത് പ്രശ്നമില്ലല്ലോന്ന്? സാറേ, തിരക്കുള്ളിടത്തു നിന്നാലെ ഞങ്ങടെ കയ്യീന്ന് ആരെങ്കിലും കരിക്ക് മേടിക്കൂ. അല്ലാതെ വണ്ടി നിര്‍ത്താത്തിടത്ത് നിന്നാ ആരാ ഇതൊക്കെ മേടിക്കുക?. എല്ലാ അവന്‍മാരും അവിടെ നിന്നു പഴോം പച്ചക്കറീം ഒക്കെ കച്ചവടം ചെയ്യുന്നുണ്ടല്ലോ. അതിനൊന്നും ഇവന്‍മാര്‍ക്ക് ഒരു കുഴപ്പോമില്ല" അല്‍പം ചൂടിലാണ് തങ്കമണി.
" അത് ശരിയാ. അപ്പം പിന്നെ എന്തോ ചെയ്തു?"
" ഞങ്ങള് അവിടെ തന്നെ നിന്നു കച്ചവടം ചെയ്തു. പിന്നേം മറ്റേ ഏമാന്‍ വന്ന് എല്ലാം കൂടി മുന്നാല് ദിവസം മുന്നേ വാരി കെട്ടി കൊണ്ടു പോയി. അവനോടു മര്യാദക്ക് പറഞ്ഞു നോക്കി. ഒരു രക്ഷേമില്ല. ഇന്നലെ ഞാനവനെ പിടികുടി നല്ല നാലെണ്ണം അങ്ങ് പറഞ്ഞു കൊടുത്തു."
" അയ്യയ്യോ. അപ്പം ഇനി കരിക്ക് വില്‍ക്കാന്‍ പറ്റുമോ"
" അത് പോട്ടെ സാറേ. അവന്‍ പാന്‍റ്റും ഷര്‍ട്ടും ഇട്ട് ഉടുത്തൊരുങ്ങി ബസ്സ് കേറാന്‍ വന്ന പരുവത്തിന് ഞാന്‍ അവനോടു ചോദിച്ചു എടാ ---- മോനേ നീ ഇനി ഞങ്ങടെ കരിക്കെടുത്തോണ്ട് പോകുമോടാ? പിന്നെ അറിയാവുന്ന എല്ലാ തെറിം വിളിച്ചു. അവിടെ കൂടി നിന്ന പെണ്ണുങ്ങളും ആണുങ്ങളും എല്ലാം നോക്കി. അവന്‍റെ മുഖം ഒന്നു കാണണമാരുന്നു. എന്നാലും ഇനീം അവന്‍ ഒരു പെണ്ണിന്‍റ്റേം അടുത്ത് ഇതുപോലൊരു പണി ചെയ്യില്ല."
"അത് കലക്കി." വെറുതെ ലൈസെന്‍സ് പോക്കറ്റില്‍ ഇല്ലാത്തപ്പോള്‍ ഒരു പൊലീസുകാരനെ കണ്ടാല്‍ അനാവശ്യമായ് മുട്ടു കൂട്ടി മുട്ടുന്ന എനിക്ക് അവരുടെ ധൈര്യത്തെ അഭിനന്ദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
പിന്നേം കുറെ എന്തൊക്കെയോ വര്‍ത്തമാനം പറഞ്ഞു. പിന്നെ ഒന്‍പതാം ക്ലാസ്സില്‍ പഠിയ്ക്കുന്ന മോളുടെ കാര്യവും. ആലപ്പുഴയില്‍ എവിടെയോ ഹോസ്റ്റലില്‍ നിര്‍ത്തി പഠിപ്പിക്കുകയാണ്. പഠിയ്ക്കാന്‍ മിടുക്കിയാണ്.
"അവക്ക് വേണ്ടിയാ സാറേ ഞാനീ കഷ്ടപ്പെടുന്നതൊക്കെ" മോളെ കുറിച്ചു പറയുമ്പോള്‍ തങ്കമണിയുടെ മുഖം വീണ്ടും പ്രസന്നമായി.
***************
" ജോസന്‍ സാര്‍ എപ്പോഴാ വരുന്നേ?"
" മറ്റന്നാള്‍ പ്രോജെക്ടില്‍ വരും. അപ്പൊ തങ്കമണി എല്ലാം പറഞ്ഞാല്‍ മതി. ഞാനും പറഞ്ഞേക്കാം."
" അല്ലേല്‍ തങ്കമണീടെ വിധം മാറുമേ. അതും കൂടൊന്ന് സാറിനോട് പറഞ്ഞേക്ക്. മുഖ്യമന്ത്രിയെ കാണണേലും ഞാന്‍ പോയ് കാണും"
"ശരി ശരി. അതൊന്നും വേണ്ടി വരില്ലെന്നെ."
" നിങ്ങളൊക്കെ ഈ എസി മുറീല്‍ ഇരിക്കുന്നതേ ഞങ്ങടെ പൈസ കൊണ്ടാ. അപ്പം ഞങ്ങടെ ജോലീം കളഞ്ഞിട്ടു അങ്ങനാരേം വെറുതെ വിടില്ല."
പറയുന്ന സത്യം അംഗീകരിക്കാതെ നിവൃത്തിയില്ല. ഒരു വിധത്തില്‍ തങ്കമണിയെ പറഞ്ഞു വിട്ടു കഴിഞ്ഞാണ് അവിടെയിരുന്ന കുറച്ചു പേര്‍ക്കെങ്കിലും ശ്വാസം നേരെ വീണത്. എച്ച് ഐ വി പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട സന്നദ്ധ സംഘടനകളെ ഏകോപിപ്പിക്കാനുള്ള ഒരു മാനേജ്മെന്റ് ഏജന്‍സിയില്‍ ആയിരുന്നു ഞങ്ങള്‍ ജോലി ചെയ്തിരുന്നത്. ഓഫീസിലെ സാമൂഹ്യ പ്രവര്‍ത്തനവും ആയ് ബന്ധപ്പെട്ട ആള്‍ക്കാര്‍ക്ക് മാത്രമെ പ്രോജക്ടുകള്‍ സന്ദര്‍ശിക്കുകയും ലൈംഗിക തൊഴിലാളികളുമായ് പരിചയപ്പെടുകയും അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുകയും ചെയ്യേണ്ടതുള്ളായിരുന്നു. ലൈംഗിക തൊഴിലാളികള്‍ ആരും തന്നെ ഞങ്ങളുടെ ഓഫീസില്‍ അന്ന് വരെ വന്നിരുന്നില്ല. അതിനാല്‍ പലര്‍ക്കും തങ്കമണി ഓഫീസില്‍ ദേഷ്യത്തില്‍ വന്നപ്പോള്‍ എന്ത് ചെയ്യണമെന്ന് ഒരു നിശ്ചയവും ഇല്ലായിരുന്നു.
***************
പിന്നീട് കുറെ വര്‍ഷങ്ങള്‍ കൂടി തങ്കമണി 'സോമ'യില്‍ ജോലി ചെയ്തു. തങ്കമണിയെ പിന്നീട് പലപ്പോഴും കണ്ടിരുന്നു.
രണ്ടായിരത്തി ഏഴില്‍ 'സോമ'സന്ദര്‍ശിച്ചപ്പോള്‍ തങ്കമണിയുടെ ആകസ്മിക മരണത്തെ കുറിച്ച് അറിഞ്ഞു. തീപ്പോള്ളലേറ്റ് മരിക്കുകയായിരുന്നു അത്രേ. വളരെ യാദൃശ്ചികമായ് വീട്ടില്‍ വച്ച് സാരിയില്‍ മണ്ണെണ്ണ വിളക്കില്‍ നിന്നും തീപടര്‍ന്നു. മകളെ ഒറ്റയ്ക്കാക്കി ആ അമ്മ യാത്രയായ്.
സന്നദ്ധ സംഘടനയില്‍ നിന്നും അവസാന നിമിഷം വരെയും അവരെ സഹായിച്ചിരുന്നതായ് മനസ്സിലാക്കി.
പല ലൈംഗിക തൊഴിലാളികളെ പോലെതന്നെ ധൈര്യശാലിയായ തങ്കമണിയുടെ ഓര്‍മ്മയ്ക്ക് മുന്‍പില്‍ എന്‍റെ പ്രണാമം.
Saturday, 8 March 2008
ലോകം സുനില്‍ മേനോന്‍റെ കാഴ്ചപ്പാടില്‍
ശോഭാ വാര്യര്‍ റീഡിഫ് ഡോട്ട് കോമിനു വേണ്ടി സുനില്‍ മേനോനുമായി നടത്തിയ ഇന്റ്റര്‍വ്യൂവിലെ പ്രസക്ത ഭാഗങ്ങളുടെ അന്തസത്ത മാറാതെ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്താന്‍ ഒരു ശ്രമം. പദാനുപദ തര്‍ജ്ജമ അല്ല ഉദ്ദേശിച്ചിരിക്കുന്നത്.
കുട്ടിക്കാലം:
ആദ്യമായ് ഒരു ആണിനോട് താത്പര്യം തോന്നിയത് എനിക്ക് ഏഴ് വയസ്സുള്ളപ്പോഴാണ്. ആണുങ്ങള്‍ ഉടുപ്പ് ഊരുമ്പോള്‍ ഞാന്‍ തുറിച്ചു നോക്കുമായിരുന്നു. അതുപോലെ വീട്ടിലെ വേലക്കാരനെ ഒരിക്കല്‍ തുറിച്ചു നോക്കിയപ്പോള്‍ ചീത്തക്കാര്യം ആണെന്നും അതിനാല്‍ അങ്ങനെ നോക്കരുതെന്നും അയാള്‍ ഉപദേശിച്ചു. പിന്നീട് പഠിത്തത്തിലും മറ്റ് പാഠ്യേതര വിഷങ്ങളിലുമൊക്കെ വ്യാപൃതനായതിനാല്‍ ഞാന്‍ അക്കാര്യമൊക്കെ മറന്നേ പോയിരുന്നു.
പതിമൂന്നു വയസ്സുള്ളപ്പോള്‍ ഒരു ഇരുപത്തൊന്നുകാരനുമായ് ഞാന്‍ ചങ്ങാത്തത്തിലായ്. മറ്റുള്ളവര്‍ അറിഞ്ഞാല്‍ പ്രശ്നമാകുമെന്നും, സമൂഹം ഞങ്ങളെപ്പോലുള്ളവരെ അംഗീകരിക്കില്ലെന്നും അവനില്‍ നിന്നും ഞാന്‍ മനസ്സിലാക്കി. അതൊരു സ്വകാര്യമായ് അവശേഷിച്ചു. എനിക്ക് ആണുങ്ങളോട് മാത്രമാണ് ആകര്‍ഷണം തോന്നുന്നെന്നും, സ്ത്രീകളോട് ആകര്‍ഷണം തോന്നുന്നില്ലെന്നും, ഞാന്‍ മറ്റുള്ള ആണുങ്ങളില്‍ നിന്നും വ്യത്യസ്ഥനാണെന്നും മനസ്സിലാക്കിയപ്പോള്‍, മനസ്സു വല്ലാതെ അസ്വസ്ഥമായി. ആദ്യമായ് മനസ്സില്‍ തോന്നിയത് 'എന്തുകൊണ്ട് ഞാന്‍ ഇങ്ങനെ' എന്നാണ്. എനിക്ക് മറ്റുള്ള ആണുങ്ങളെ പോലെ, 'സ്ത്രീ' ആണെന്നുള്ള കളിയാക്കലില്‍ നിന്നും ഒഴിവായ് സാധാരണ ജീവിതം നയിക്കണം. ഡാന്‍സും മറ്റു പെര്‍ഫോമിംഗ് ആര്‍ട്സും എനിക്ക് ഇഷ്ടമായിരുന്നു. ആള്‍ക്കാര്‍ കളിയാക്കുമ്പോള്‍ വളരെ വിഷമം തോന്നിയിരുന്നു. എനിക്കും ഒരു സാധാരണ ആണിനെപ്പോലെ ആയാല്‍ മതിയെന്നും തോന്നിയിരുന്നു.
എന്‍റെ ലൈംഗികതയെ കുറിച്ച് അധികം ചിന്തിക്കാതെ ഞാന്‍ പഠിത്തത്തില്‍ വളരെയധികം ശ്രദ്ധ കേന്ദ്രീകരിച്ചു. എണ്‍പതുകളില്‍ ലൈംഗികതയെ കുറിച്ച് ആരും സംസാരിക്കുന്നത് തന്നെ വളരെ കുറവായിരുന്നു.
ആന്ത്രപ്പോളജിയില്‍ ബിരുദാനന്തരബിരുദത്തില്‍ സ്വര്‍ണ മെഡലോടെ മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്നും പാസ്സായ ശേഷം ഞാന്‍ പിഎച്ച്. ഡി ചെയ്യാന്‍ തുടങ്ങി.
ജീവിതത്തെ മാറ്റി മറിച്ച സംഭവം:
ഞാന്‍ 1992 ഇല്‍ പിഎച്ച്.ഡി ചെയ്തുകൊണ്ടിരുന്നപ്പോള്‍ ലോകാരോഗ്യ സംഘടനയിലെ ഒരു ആന്ത്രപ്പോളജിസ്റ്റ് (നരവംശശാസ്ത്രജ്ഞന്‍) വിളിച്ചിട്ട് എച്ച് ഐ വി/ എയിഡ്സുമായ് ബന്ധപ്പെട്ട് കുറച്ചു ജോലി ചെയ്യാമോ എന്ന് ചോദിച്ചു. എന്‍റെ പിഎച്ച്. ഡിയുടെ വിഷയവും hidden ആയിരിക്കുന്ന സ്വവര്‍ഗാനുരാഗികളായ ആണുങ്ങളുടെ വലയത്തെ കുറിച്ചായിരുന്നു. അവരെ കാണുകയും സംസാരിക്കുകയും ചെയ്തപ്പോള്‍ ഞാന്‍ മാത്രമല്ല ഇങ്ങനെ എന്ന് എനിക്ക് മനസ്സിലായ്. അതുവരെ ഞാന്‍ വേറെ സ്വവര്‍ഗ സ്നേഹികളുമായ് അടുത്ത് അറിഞ്ഞിരുന്നില്ല.അവരുടെ കൂടെയുള്ള പ്രവര്‍ത്തനം എന്‍റെ ജീവിതത്തെ മാറ്റിമറിച്ചു. എന്‍റെ ലൈംഗികതയുമായ് പോരുത്തപ്പെടാനുള്ള കരുത്ത് അതിലൂടെ ഞാന്‍ നേടി. ലൈംഗിക തൊഴിലാളികളും സ്വവര്‍ഗാനുരാഗികളും എപ്പോഴും ജീവിതവുമായ് തന്നെ മല്ലിടുന്നതും, ജീവിതത്തില്‍ എല്ലാ ആശകളും നശിച്ചിട്ടും ചെറു പുഞ്ചിരിയോടെ നില്‍ക്കുന്നതും ഞാന്‍ കണ്ടു. അവരുടെ ജീവിതം കാണുമ്പോള്‍ എനിക്ക് സ്വയം സഹതാപിക്കാനുള്ള അവകാശം ഇല്ലെന്നും മനസ്സിലായി. അതിനുശേഷം സ്വയം സഹതപിച്ച് ജീവിക്കുന്നതില്‍ നിന്നും ഞാന്‍ പിന്‍മാറി.
വീട്ടിലെ സപ്പോര്‍ട്ട്:
എന്‍റെ ലൈംഗികതയെ കുറിച്ച് അച്ഛന്‍ മനസ്സിലാക്കിയത് കേരളത്തിലെ ഒരു ബന്ധു അദ്ദേഹത്തെ ബ്ലാക്മെയ്ല്‍ ചെയ്തപ്പോഴാണ്. അച്ഛന്‍ കരയാന്‍ തുടങ്ങിയപ്പോള്‍ 'ഇതു താങ്കളെ സ്തബ്ധനാക്കുകയും, എന്നെ മനസ്സിലാക്കാതിരിക്കുകയും ചെയ്‌താല്‍ ഞാന്‍ ഇനി വീട്ടിലെക്ക് ഒരിക്കലും മടങ്ങി വരില്ല. ഇങ്ങനെ ആണെങ്കിലും ഞാന്‍ താങ്കളുടെ മകനല്ലാതാവുമോ? ' എന്ന് പറയുകയും ചെയ്തു
അമേരിക്കയിലുള്ള എന്‍റെ സഹോദരി ആണ് എന്‍റെ ഏറ്റവും വലിയ സപ്പോര്‍ട്ട്. ഞാന്‍ അവരെ വിളിക്കുകയും എല്ലാം തുറന്നു പറയുകയും ചെയ്തു. പിന്നീട് ഈ വിഷയം വീട്ടില്‍ ചര്‍ച്ചക്ക് വന്നിട്ടേയില്ല. എന്‍റെ 43 വയസ്സുള്ള സഹോദരി ഇതുവരെയും വിവാഹം കഴിക്കാത്തത് കൊണ്ട് എനിക്ക് കുറ്റ ബോധം തോന്നാറുണ്ട്. ഞാന്‍ സ്വവര്‍ഗാനുരാഗിയാണെന്നുള്ളത് പരസ്യമായത് കൊണ്ട്, പല വീട്ടുകാരും അവരേയും സ്വീകരിക്കുന്നില്ല. പക്ഷെ അവരെപ്പോലെയുള്ള സഹോദരിയുള്ളത് കൊണ്ട്, ഞാനേറ്റവും ഭാഗ്യവാനായ് കരുതുന്നു. അവര്‍ ഒരിക്കല്‍ എന്നോടു പറഞ്ഞു ' എന്‍റെ സഹോദരനെ സ്വീകരിക്കാത്ത ഒരു ഭര്‍ത്താവിനെ എനിക്ക് ആവശ്യമില്ല' . ആ നിമിഷം, ഞാനേറ്റവും അനുഗ്രഹീതനായ് തോന്നി.
സഹോദരന്‍റെ തുടക്കം :
ഗവേഷണം 1992 ഇല്‍ തുടങ്ങിയെങ്കിലും ലോകാരോഗ്യ സംഘടനയിലെ പ്രവര്‍ത്തകരുമായ് അഭിപ്രായ വ്യത്യാസം ഉണ്ടായതിനെ തുടര്‍ന്ന് ഇടക്ക് വച്ച് നിര്‍ത്തി. അപ്പോഴേക്കും ഞാന്‍ വളരെ നിരാശനായിരുന്നു (disillusioned).
1992 ഇല്‍ ഞാന്‍ സ്വവര്‍ഗാനുരാഗികളുടെ ഇടയില്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ അതുവരെ ആരും ചെയ്തിരുന്നില്ല. 1993 ഇല്‍ ബെര്‍ലിന്‍ ഇന്റര്‍നാഷണല്‍ എയിഡ്സ് കോണ്ഫെറന്സില്‍ എന്‍റെ പേപ്പര്‍ പ്രസന്റ്റ് ചെയ്തപ്പോള്‍ പലര്‍ക്കും അത് ആദ്യത്തെ അറിവായിരുന്നു.
എച്ച് ഐ.വി/ എയിഡ്സ് പ്രതിരോധം ഫലപ്രദമായ് നടത്തണമെങ്കില്‍ സ്വവര്‍ഗാനുരാഗികളുടെ ഇടയില്‍ പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണെന്ന് ഇപ്പോഴാണ് പലര്‍ക്കും മനസ്സിലായ് തുടങ്ങിയത്. ലോകാരോഗ്യ സംഘടനയുടെ അടുത്ത സമയത്തെ റിപ്പോര്‍ട്ടില്‍ മയക്കുമരുന്ന് കുത്തിവയ്ക്കുന്നവരും സ്വവര്‍ഗാനുരാഗികളും ആണ് എച്ച്.ഐ. വി പകരാന്‍ ഏറ്റവും സാധ്യതയുള്ള ഗ്രൂപ്പുകള്‍ എന്ന് കാണുന്നു.
1994-98 ഇല്‍ ഞാന്‍ ഫാഷനോടുള്ള എന്‍റെ താത്പര്യം മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. പക്ഷെ ബ്രിട്ടനിലെ നാസ് ഫൌണ്ടേഷനില്‍ ജോലി ചെയ്യുന്ന ഒരു സുഹൃത്ത് പ്രവൃത്തി പരിചയം ഉണ്ടായിട്ടും എച്ച്.ഐ.വിയുമായ് ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാതെ എന്തിന് ഫാഷനില്‍ പ്രവര്‍ത്തിച്ച് സമയം കളയുന്നു എന്ന് ചോദിക്കുകയും സ്വവര്‍ഗാനുരാഗികളുടെ ഇടയില്‍ എന്‍റെ ഇഷ്ട പ്രകാരം ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. അങ്ങിനെ ആണ് 'സഹോദരന്‍' തുടങ്ങിയത്.
ഞങ്ങള്‍ എല്ലാവരും ഒറ്റപ്പെട്ടു ജീവിക്കുന്നവര്‍ ആയതിനാല്‍ ആണ് സഹോദരന്‍ എന്ന പേരു സ്ഥാപനത്തിന് ഇട്ടത്. 'സഹോദരന്‍' സ്വവര്‍ഗാനുരാഗികളുടെ ഒരു സുഹൃത്ത് മാത്രമല്ല, അവരുടെ ആവശ്യങ്ങള്‍ക്കായ് സമീപിക്കാവുന്ന സ്ഥാപനം കൂടി ആണ്. അവരുടെ സുരക്ഷ ഉറപ്പു വരുതിയിട്ടുള്ള ഒരു സ്ഥാപനം കുടിയാണ് സഹോദരന്‍. അവിടെ അവര്‍ സുരക്ഷിതരാണ്. അതൊരു ലൈംഗിക ആരോഗ്യ കേന്ദ്രവും ആണ്. കൂടാതെ മാനസികാരോഗ്യവും, മറ്റ് ആരോഗ്യ പ്രശ്നങ്ങളും അവിടെ കൈകാര്യം ചെയ്യുന്നു.
ബോംബെയിലെ 'ഹംസഫര്‍' എന്ന സ്ഥാപനവും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നെങ്കിലും അത് കൂടുതലും വരേണ്യ വര്‍ഗത്തിലുള്ള സ്വവര്ഗാനുരാഗികള്‍ക്ക് വേണ്ടി ആയിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. സഹോദരനില്‍ ഞങ്ങള്‍ കൂടുതലും പാവപ്പെട്ട, പാര്‍ശ്വവത്കരിക്കപ്പെട്ട, 'കോത്തികള്‍' എന്നറിയപ്പെടുന്ന, സ്ത്രീ പ്രകൃതമുള്ള പുരുഷന്മാരുടെ കുറെ ആണ്. അതില്‍ മിക്കവരും ലൈംഗിക തൊഴിലാളികളും ആണ്. എച്ച് ഐ വി പകരാന്‍ ഏറ്റവും കുടുതല്‍ സാധ്യത ഇവരില്‍ ആണ്.
ഭാരതത്തിലെ ഒരു സ്വവര്‍ഗാനുരാഗിയുടെ ജീവിതം:
ഭാരതത്തില്‍ സ്വവര്‍ഗാനുരാഗിയായ് ജീവിക്കുക എന്നത് ഏറ്റവും ദുഷ്കരം പിടിച്ച ഒന്നാണ്. ഭാരതത്തിനു പുറത്തു പോയ് ജീവിക്കണം എന്ന് മോഹം ഉണ്ടായിരുന്നു. അത് സാധിച്ചില്ല. ഒരു പക്ഷെ ദൈവത്തിനു വേറെ പ്ലാനുകള്‍ ഉണ്ടായിരുന്നിരിക്കണം. സഹോദരന്‍ തുടങ്ങിയതിനു ശേഷം ഇവിടുന്നു മാറി നില്ക്കാന്‍ സാധിക്കുമായിരുന്നില്ല. പലര്‍ക്കും എന്‍റെ സാന്നിധ്യം ആവശ്യമായിരുന്നു. ഞാനും പുറത്തുപോയാല്‍ ആരാണ് ഇവിടെ എന്‍റെ രാജ്യത്ത് മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ പ്രയത്നിക്കുക എന്നും തോന്നിയിരുന്നു.
റോസിനു ഭാഗ്യം ഉണ്ട്. കാരണം റോസ് ഇപ്പോഴാണ് ആക്റ്റിവിസം തുടങ്ങുന്നത്, ഞാന്‍ 1990 കളിലും. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്പ് എനിക്കും ഇതിനെ കുറിച്ച് ഇങ്ങനെ നിങ്ങളോട് ചര്‍ച്ച ചെയ്യാന്‍ സാധിക്കുമായിരുന്നില്ല. ലൈംഗികതയെ കുറിച്ചും ഞങ്ങളുടെ പ്രശ്നങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്യാന്‍ മാധ്യമങ്ങളെ ഞാന്‍ ഉപയോഗിച്ചിട്ടുണ്ട്. ഞങ്ങളും സാധാരണ മനുഷ്യര്‍ തന്നെ ആണെന്ന് സമൂഹത്തെ വ്യക്തമായ് മനസ്സിലാക്കിക്കാന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കും. എന്‍റെ ലൈംഗിക താത്പര്യങ്ങള്‍ വ്യത്യസ്ഥമാണെന്നത് കൊണ്ട് ഞാന്‍ ഒരു ചീത്ത മനുഷ്യന്‍ ആകുന്നില്ല. ഇപ്പോള്‍ സമൂഹം കുറച്ചുകൂടി സഹിഷ്ണുത കാണിക്കാറുണ്ട്. പതുക്കെ സ്വീകാര്യതയും (acceptance) ഉണ്ടാവും. കുറച്ചു സമയം എടുക്കും എന്ന് മാത്രം. പക്ഷെ പീഢനങ്ങള്‍ (harrassment) നിര്‍ത്തേണ്ടത് അത്യാവശ്യം ആണ്. ചെറുപ്പം മുതല്‍ സ്ത്രീ പ്രകൃതം ഉള്ളതിനാല്‍ കളിയാക്കലുകള്‍ സഹിക്കേണ്ടി വന്നു. അത് വളരെ വേദനാജനകമാണ്. അന്ന് എന്തിനാണ് എന്നെ പല പേരുകള്‍ വിളിക്കുന്നതെന്ന് മനസ്സിലായിരുന്നില്ല.
മറ്റ് വ്യത്യസ്തമായ കഴിവുകള്‍ (differently- abled) ഉള്ള കുട്ടികളെ പരിപാലിക്കുന്നത് പോലെ ചെറുപ്പത്തിലെ തന്നെ ഞങ്ങളേയും പരിപാലിക്കേണ്ടതാണ്. എനിക്ക് തോന്നുന്നത് അമ്മമാരാണ് ഇങ്ങനെയുള്ള കുട്ടികളെ സ്വീകരിക്കാന്‍ മടി കാണിക്കാത്തത് എന്നാണ്. തങ്ങളുടെ പുരുഷത്വത്തിനും ഈഗോയ്ക്കും ക്ഷതമേല്‍പ്പിക്കുന്നുവെന്ന തോന്നല്‍ ഉള്ളത് കൊണ്ട് അച്ഛന്‍മാര്‍ക്ക് ഇവരെ സ്വീകരിക്കാന്‍ ബുദ്ധിമുട്ട് വരുന്നു.
ഭാഗ്യം കൊണ്ട് ഞാന്‍ ഒരു ഫാഷന്‍ ഡിസൈനര്‍ എന്ന നിലയിലും choreographer എന്ന നിലയിലും പേരെടുത്തു. അതിനാല്‍ ഞാന്‍ ഫാഷന്‍ choreographer ആയ സുനില്‍ മേനോന്‍ എന്ന പേരില്‍ ആണ് അറിയപ്പെടുന്നത്. എന്നെ അറിയാത്തവര്‍ക്ക് ഇപ്പോഴും ഞാന്‍ ഒരു സ്വവര്‍ഗാനുരാഗി മാത്രവും. ഞാന്‍ ഫാഷന്‍ ഉപയോഗിച്ച് എച്ച് ഐ വി ആക്ടിവിസത്തിനു വേണ്ടിയും പ്രവര്‍ത്തിക്കുന്നു.
ഒരു ജന്തുശാസ്ത്രജ്ഞനില്‍ നിന്നും നരവംശ ശാസ്ത്രജ്ഞ്നിലേക്കും, പിന്നീട് ഫാഷന്‍ ഡിസൈനര്‍, എച്ച് ഐ വി/ എയിഡ്സ് activist എന്നിവയിലെക്കുമുള്ള മാറ്റം വളരെ സ്വാഭാവികമായിരുന്നു.എഴു വയസ്സില്‍ ആരും എന്നോടു പുരുഷന്‍മാരെ നോക്കാന്‍ പറഞ്ഞിരുന്നില്ല. ഞാന്‍ ജനിച്ചപ്പോള്‍ തന്നെ അങ്ങിനെ ആയിരുന്നിരിക്കണം. എങ്ങിനെ ആണ് ചില മനുഷ്യര്‍ സ്വവര്ഗാനുരാഗികള്‍ ആകുന്നതെന്ന് ഞാന്‍ വളരെ അധികം വായിച്ചിട്ടുണ്ട്. ജനിതകമായുള്ളതോ, ജീവിതപരിസ്ഥിതി കൊണ്ടോ ഒക്കെ ഇങ്ങനെ ആവാം. എനിക്ക് ഇപ്പോള്‍ കാരണങ്ങള്‍ അറിയേണ്ട. ഞങ്ങള്‍ ഇങ്ങനെ ജീവിക്കാന്‍ താത്പര്യം ഉള്ളവര്‍ അല്ലെന്നും, ഞങ്ങള്‍ ഇങ്ങനെ ജനിച്ചവര്‍ ആണെന്നും സമൂഹത്തെയും നിയമത്തെയും മനസ്സിലാക്കിക്കാന്‍ സാധിച്ചാല്‍ തന്നെ ഞങ്ങളുടെ ജീവിതം വളരെ മെച്ചപ്പെടും. ഞങ്ങള്‍ക്ക് മറ്റു മാര്‍ഗങ്ങള്‍ ഒന്നും ഇല്ല. ദൈവത്തിന്റെ മൂശയില്‍ നിന്നും വന്നവര്‍. തമാശയായ് ചിന്തിക്കുമ്പോള്‍ ജനപ്പെരുപ്പം നിയന്ത്രിക്കാനായ് ദൈവത്തിന്റെ ഒരു മാര്‍ഗം ആയിരിക്കും ഇതെന്ന് തോന്നുന്നു.
കടപ്പാട്: