ജനപ്പെരുപ്പത്തെ മുന്‍ധാരണയോടെയാണ് പലരും വിശകലനം ചെയ്യാറ്. മതത്തിന്‍റെയും ജാതിയുടെയും മാത്രം അടിസ്ഥാനത്തിലുള്ള വിശകലനം പൂര്‍ണ ചിത്രം നല്‍കില്ല. ജനപ്പെരുപ്പത്തിന്‍റെ സാമൂഹിക- സാമ്പത്തിക പശ്ചാത്തലങ്ങള്‍ വിസ്മരിക്കപ്പെടുകയും ചെയ്യും. ഇന്ത്യയിലെ വര്‍ഗീയ ലഹളകള്‍ക്കു പുറമെ, സാമൂഹിക സാംസ്കാരിക രംഗങ്ങളിലെല്ലാം തന്നെ ഒരു സമൂഹത്തെ ഒറ്റപ്പെടുത്താനും, ' അപരസ്വത്വം' (the other) എന്ന് മുദ്രകുത്താനും ഒരു വിഭാഗം നടത്തുന്നശ്രമങ്ങളുടെ പശ്ചാത്തലത്തില്‍ വേണം ഇത്തരം പ്രവണതകളെ വിലയിരുത്താന്‍.
മതാനുശാസനങ്ങള്‍ക്ക് ജനപ്പെരുപ്പത്തിന്‍റെ മേല്‍ പ്രഥമഗണനീയമായ സ്ഥാനം ഉണ്ടെന്ന ഒരു സങ്കല്‍പ്പത്തിന്‍റെ അടിസ്ഥാനത്തില്‍ ജനസാമാന്യത്തിന്‍റെ ഇടയില്‍ അനേകം 'മിത്തുകള്‍' രൂപം കൊണ്ടിട്ടുണ്ട്. 'ഹിന്ദുക്കള്‍ക്ക് ഏക ഭാര്യാത്വമാണ് നിയമം അനുശാസിക്കുന്നത്, എന്നാല്‍ മുസ്ലിങ്ങള്‍ക്ക് ബഹുഭാര്യാത്വം അനുവദനീയമാണ്'; 'ഹിന്ദുമതത്തില്‍ കുടുംബാസൂത്രണത്തെ വിലക്കുന്ന ഒന്നും തന്നെയില്ല, എന്നാല്‍ ഇസ്ലാം കുടുംബാസൂത്രണത്തെ വിലക്കുന്നു, തന്‍മൂലം മുസ്ലിംങ്ങളുടെ ഇടയില്‍ ക്രമാതീതമായ ജനസംഖ്യവര്‍ദ്ധനവ് ഉണ്ട്'; ' അത് കൊണ്ട് ജനസംഖ്യയുടെ കാര്യത്തില്‍ ഹിന്ദുക്കളെ മറികടന്ന് രാജ്യത്തിന്‍റെ ജനസംഖ്യാപരമായ ഇപ്പോഴത്തെ ക്രമം തന്നെ തകരാറിലാക്കും' ഇത്തരത്തിലുള്ള അടിസ്ഥാനരഹിതമായ പ്രചാരണങ്ങളുടെ നിജസ്ഥിതി ലഭ്യമായ കണക്കുകളുടെയും, പരക്കെ അംഗീകൃതമായ ചില നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തില്‍ വിലയിരുത്തുകയാണ് ഈ ലേഖനത്തിന്റെ ലക്ഷൃം.
1971 ലെ സെന്‍സസ് പ്രകാരം ബഹുഭാര്യാത്വം മുസ്ലീങ്ങളെക്കാളധികം ഹിന്ദുക്കളിലാണുള്ളത് (Polygamous marriages in India- A Survey, Series1, Monograph No. 4). ഈ കണക്കുകളനുസരിച്ച് ബഹുഭാര്യാത്വം ഗോത്രവര്‍ഗക്കാരില്‍ 15.25 ശതമാനവും, ബുദ്ധമതക്കാരില്‍ 7.97 ശതമാനവും, ജൈനമതക്കാരില്‍ 6.72 ശതമാനവും ഹിന്ദുക്കളില്‍ 5.80 ശതമാനവും, മുസ്ലിംങ്ങളില്‍ 5.23 ശതമാനവുമാണ്. ബഹുഭാര്യാത്വം മതാനുശാസനങ്ങളേക്കാളുപരി ചില പ്രത്യേക സാമൂഹിക ഘടനകളുടെയും, സാംസ്കാരിക സാഹചര്യങ്ങളുടെയും പ്രതിഫലനമാണെന്ന് അനുമാനിക്കാവുന്നതാണ്. അതുപോലെ, കണക്കുകള്‍ എന്ത് തന്നെയായാലും, ബഹുഭാര്യാത്വം പ്രത്യുല്‍പ്പാദനനിരക്ക് വര്‍ദ്ധിപ്പിക്കാന്‍ സഹായകമാനെന്നതിനു വ്യക്തമായ തെളിവുകള്‍ ഒന്നും തന്നെയില്ല. ഹിന്ദുക്കളിലും മുസ്ലിംങ്ങളിലും സ്ത്രീപുരുഷ അനുപാതം സ്ത്രീകള്‍ക്ക് അനുകൂലമല്ലാത്തതിനാല്‍ (1981 സെന്‍സസ് പ്രകാരം 1000 പുരുഷന്മാര്‍ക്ക് യഥാക്രമം 933 ഉം, 937 ഉം), ഒരു പുരുഷന്‍ ഒന്നിലധികം വിവാഹം ചെയ്‌താല്‍ പ്രത്യുല്‍പ്പാദന നിരക്ക് വര്‍ദ്ധിക്കാനല്ല സാദ്ധ്യത.
മുസ്ലിം ഭൂരിപക്ഷമുള്ള തുര്‍ക്കി, ഇന്തോനേഷ്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ കുടുംബാസൂത്രണ മാര്‍ഗങ്ങള്‍ സ്വീകരിച്ച ദമ്പതിമാര്‍ യഥാക്രമം 63, 48, 38 ശതമാനമായിരുന്നു (Operations Research Group, Family Planning Practices in India, Second All India Survey, 1981). ഹിന്ദുക്കള്‍ ഭൂരിപക്ഷമുള്ള ഇന്ത്യയില്‍ ഇന്ത്യയില്‍ 1981 ല്‍ കുടുംബാസൂത്രണ മാര്‍ഗങ്ങള്‍ സ്വീകരിച്ച ദമ്പതിമാര്‍ വെറും 23 ശതമാനവും. 1991 ല്‍ അത് 44 ശതമാനമായി വര്‍ദ്ധിച്ചുവെങ്കിലും, കുടുംബാസൂത്രണ ശസ്ത്രക്രിയകള്‍, പ്രത്യേകിച്ച് പുരുഷന്‍മാരിലെ വന്ധ്യംകരണ ശസ്ത്രക്രിയകള്‍ വളരെ കുറഞ്ഞു വരുന്നതായാണ് കണക്കുകള്‍ കാണിക്കുന്നത്.
ഓപ്പറേഷന്‍സ് റിസര്‍ച്ച് ഗ്രൂപ്പ് 1983 -ലും 1990 -ലും ഇന്ത്യയില്‍ നടത്തിയ സാമ്പിള്‍ സര്‍വേകള്‍ പ്രകാരം ഏതെങ്കിലും ഒരു രീതിയിലുള്ള കുടുംബാസൂത്രണ മാര്‍ഗങ്ങള്‍ സ്വീകരിച്ച ഹിന്ദുക്കള്‍ 1980 -ല്‍ 36 ശതമാനം ആയിരുന്നത് 1989 -ല്‍ 46 ശതമാനം ആയി ഉയര്‍ന്നു. (+10 %). ഇതു മുസ്ലിംങ്ങളില്‍ 23 ശതമാനം എന്നത് 34 ശതമാനം ആയി ഉയര്‍ന്നു (+11%). അതായത് കുടുംബാസൂത്രണ മാര്‍ഗങ്ങള്‍ സ്വീകരിച്ച ദമ്പതികളുടെ ശതമാനത്തിന്‍റെ വര്‍ദ്ധനവില്‍ അല്‍പ്പം കൂടുതല്‍ മുസ്ലിംങ്ങളിലാണ്. അതുപോലെ പട്ടികജാതിക്കാരുടെ ഇടയില്‍ കുടുംബാസൂത്രണ മാര്‍ഗങ്ങള്‍ സ്വീകരിച്ച ദമ്പതിമാര്‍ 1980 -ല്‍ 28 ശതമാനമായിരുന്നത് 1989 -ല്‍ 39 ശതമാനമായപ്പോള്‍ പട്ടികവര്‍ഗ്ഗക്കാരുടെ ഇടയില്‍ ഇതു രണ്ടു വര്‍ഷങ്ങളിലും മാറ്റമില്ലാതെ തുടര്‍ന്നു (33%). സ്ത്രീകളുടെ വിദ്യാഭ്യാസം, വയസ്സ്, ജീവിച്ചിരിക്കുന്ന കുട്ടികളുടെ എണ്ണം, ജീവിച്ചിരിക്കുന്ന ആണ്‍കുട്ടികളുടെ എണ്ണം എന്നിവ കൂടുന്നതനുസരിച്ച് കുടുംബാസൂത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്ന ദമ്പതിമാരുടെ എണ്ണവും കൂടുമെന്ന് ഈ സര്‍വേകള്‍ തെളിയിച്ചു. വിദ്യാഭ്യാസപരമായ ഉന്നതി ഉണ്ടായാല്‍ മുസ്ലിങ്ങളും കുടുംബാസൂത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കും എന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം.
'നിങ്ങള്‍ ദാരിദ്ര്യത്തെ ഭയന്ന് നിങ്ങളുടെ സന്താനങ്ങളെ കൊല്ലരുത്; നാമാണ് നിങ്ങള്‍ക്കും അവര്‍ക്കും നല്കുന്നത്' (ഖുര്‍ആന്‍ 6.15.1) എന്ന വചനം ആണ് ഇസ്ലാം മതത്തില്‍ കുടുംബാസൂത്രണം നിഷിദ്ധമാണ് എന്ന് വാദിക്കുന്നവര്‍ നിരത്താറ്. എന്നാല്‍ ഇതു ഒരിക്കലും കുടുംബാസൂത്രണത്തെ വിലക്കിക്കൊണ്ടുള്ളതല്ലെന്നും ഇസ്ലാം മതത്തിന് മുന്‍പുള്ള അറേബ്യന്‍ അറേബ്യന്‍ സമൂഹത്തില്‍ നിലനിന്നിരുന്ന പെണ്‍ശിശു വധത്തെ ആസ്പദമാക്കിയുള്ളതാണെന്നും ആണ് ഖുര്‍ആന്‍റെ മിക്ക വ്യാഖ്യാതാക്കളും അഭിപ്രായപ്പെട്ടിടുള്ളത്. അക്കാലത്ത് പെണ്‍കുട്ടികള്‍ സമൂഹത്തില്‍ ഒരു ഭാരമായി കരുതപ്പെട്ടിരുന്നതിനു പുറമെ പട്ടിണിയും മാനക്കേടും ഭയന്ന് അവരെ ജനിച്ച ഉടന്‍ തന്നെ വധിക്കുകയും ചെയ്തിരുന്നത് ഒരു പതിവായിരുന്നു. അതിനാല്‍ ഇസ്ലാം മതത്തെ സംബന്ധിച്ചിടത്തോളം കുടുംബാസൂത്രണത്തോടുള്ള എതിര്‍പ്പിനെക്കാളുപരി ഗര്‍ഭച്ഛിദ്രത്തോടും ലൈംഗികതയെ സംബന്ധിച്ച പടിഞ്ഞാറന്‍ രാജ്യങ്ങളുടെ നയത്തോടുമുള്ള രാഷ്ട്രീയവും സാംസ്കാരികവുമായ എതിര്‍പ്പുകള്‍ക്കാണ് പ്രാധാന്യം.
കൃത്രിമ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ വഴിയുള്ള കുടുംബാസൂത്രണത്തോടുള്ള കാതോലിക്കാ സഭയുടെ യാഥാസ്ഥിതിക സമീപനവും സമീപകാലത്ത് ലോക ശ്രദ്ധയാകര്‍ഷിക്കുകയുണ്ടായല്ലൊ. എങ്കിലും കാതോലിക്കാ ഭൂരിപക്ഷമുള്ള ഫ്രാന്‍സ്, ഇറ്റലി, അയര്‍ലാന്‍റ് എന്നിവിടങ്ങളില്‍ ജനപ്പെരുപ്പമോ, അതിന്‍റെ വളര്‍ച്ചാനിരക്കോ ഒരു പ്രശ്നമേ അല്ല. ഇന്ത്യയിലെ തന്നെ കാതോലിക്കാ ഭൂരിപക്ഷമുള്ള ഗോവ ജനനനിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ്. അതുപോലെ ആകെ ജനസംഖ്യയില്‍ വളരെക്കുറച്ചുമാത്രം (7.8%) മുസ്ലിംങ്ങള്‍ അധിവസിക്കുന്ന രാജസ്ഥാനില്‍ ജനസംഖ്യാ വളര്‍ച്ചാനിരക്ക് 28.4 ശതമാനം ആണ്. ഇത് ജനസംഖ്യയില്‍ മുസ്ലിം ഭൂരിപക്ഷമുള്ള മലപ്പുറത്തെ വളര്‍ച്ചാനിരക്കുമായി (28.87%) താരതമ്യം ചെയ്യുമ്പോള്‍ മതവും ജനപ്പെരുപ്പവുമായ് നേരിട്ടു ബന്ധപ്പെടുത്തുന്ന വാദഗതിയുടെ പൊള്ളത്തരം വ്യക്തമാകും.
ജനസംഖ്യാ 'വിസ്ഫോടനത്തെ' ജാതി-മത വിഭാഗീയതയുമായി ബന്ധപ്പെടുത്തുന്ന ഇത്തരം പ്രവണതയെ ജനസംഖ്യയെയും വികസനത്തെയും പറ്റി ലോക വ്യാപകമായി നടന്നു വരുന്ന വാദവിവാദങ്ങളുടെ ഭാഗമായ് കാണുന്നതില്‍ തെറ്റുണ്ടെന്നു തോന്നുന്നില്ല. 'വികസനമാണ് ഏറ്റവും നല്ല കുടുംബാസൂത്രണ ഉപാധി' എന്ന 1974-ലെ ബുക്കാറസ്റ്റ് ജനസംഖ്യാ കൊണ്‍ഫറന്‍സിലെ പ്രഖ്യാപനത്തിന് ശേഷം 'മുന്നാം ലോക രാഷ്ട്രങ്ങളിലെ ജനപ്പെരുപ്പമാണ് വര്‍ത്തമാന- ഭാവി തലമുറകളിലെ എല്ലാ ആഗോള പ്രശ്നങ്ങള്‍ക്കും കാരണം' എന്ന് പറഞ്ഞുവെക്കുന്ന 1994-ലെ കെയ്റോ കൊണ്‍ഫറന്‍സിലെത്തി നില്‍ക്കുമ്പോള്‍ വികസിത രാജ്യങ്ങളും വികസ്വര രാജ്യങ്ങളിലെ അവരുടെ പിണിയാളുകളും തങ്ങള്‍ക്കനുകൂലമായ ലോകാഭിപ്രായത്തെ രൂപപ്പെടുത്താന്‍ ശ്രമിച്ചതിന്‍റെ ചിത്രമാണ് നാം കാണുന്നത്.
ഇന്നു മിക്ക വികസിത രാജ്യങ്ങളിലും വികസിത-വികസ്വര രാജ്യങ്ങളിലെ ചില ബുദ്ധിജീവികളുടെയും വിജ്ഞാനത്തിന്റെയും നയരൂപീകരണത്തിന്റ്റെയും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെയും ഇടയില്‍ പ്രചുര-പ്രചാരമാര്‍ജിച്ച 'നവമാല്‍ത്തൂസിയന്‍' ചിന്താഗതി പ്രകാരം മൂന്നാംലോക രാജ്യങ്ങളിലെ അനിയന്ത്രിതമായ ജനപ്പെരുപ്പം ലോകമെമ്പാടുമുള്ള ദാരിദ്ര്യം, പാരിസ്ഥിതിക പ്രശ്നങ്ങള്‍, തൊഴിലില്ലായ്മ, പോഷകാഹാരക്കുറവ്, മറ്റ് ആരോഗ്യപ്രശ്നങ്ങള്‍- ഇവയ്ക്കെല്ലാം ഹേതുവെന്നും, അതുകൊണ്ട് ജനപ്പെരുപ്പം അതിശീഘ്രം കുറയ്ക്കുകയാണ് ഇതിന് പ്രതിവിധിയെന്നും നിര്‍ദ്ദേശിച്ചു കാണുന്നു. അന്താരാഷ്ട്ര നാണയനിധിയുടെ 'സ്ട്രക്ചറല്‍ അഡ്ജസ്റ്റ്മെന്റ്റ്' പദ്ധതിയിലും മറ്റ് അന്താരാഷ്ട്ര സംഘടനകള്‍ സ്പോണ്‍സര്‍ ചെയ്യുന്ന പദ്ധതികളിലും നിറഞ്ഞു നില്ക്കുന്ന തികഞ്ഞ സാങ്കേതിക-കേന്ദ്രീകൃത സ്വഭാവം ഇഇയൊരു വീക്ഷണത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. ജനപ്പെരുപ്പം തടയുന്നതിന് ആധുനിക ഗര്‍ഭനിരോധന മാര്‍ഗങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒരു കാര്യ പരിപാടിയില്‍ ആണ് മിക്ക മൂന്നാംലോക രാഷ്ട്രങ്ങളും ഇന്ന് അവലംബിച്ച് കാണുന്നത്. ചില മതവിഭാഗങ്ങളെ, പ്രത്യേകിച്ച് മുസ്ലിംങ്ങളെ അതിവേഗം പെരുകുന്ന സമൂഹങ്ങളായി മുദ്രകുത്തുന്നതും അതില്‍ ഭീഷണിയുടെ നിറം കലര്‍ത്തി രാഷ്ട്രീയമായ് ഉപയോഗപ്പെടുത്തുന്നതും ഇത്തരം ആഗോള വ്യാപകമായ പദ്ധതികളുടെ ഫലമായിട്ടാണെന്ന് നിസ്സംശയം പറയാം.
ജനപ്പെരുപ്പമാണോ ദാരിദ്ര്യത്തിന് കാരണം അതോ ദാരിദ്ര്യം ജനപ്പെരുപ്പത്തിനു വഴിവെയ്ക്കുന്നുവൊ എന്ന പഴയ ചോദ്യത്തിലേക്ക് നാം മടങ്ങിപ്പോകേണ്ടിയിരിക്കുന്നു. ചരിത്രപരമായ് നോക്കുമ്പോള്‍ ഇന്നത്തെ വികസിത രാജ്യങ്ങളെല്ലാം തന്നെ വികസനത്തിന്‍റെ ചില പ്രത്യേക ഘട്ടങ്ങളില്‍ മരണനിരക്കിനേക്കാള്‍ ഉയര്ന്ന ജനനനിരക്കും തന്‍മൂലം ഉയര്‍ന്ന ജനസംഖ്യാ വളര്‍ച്ചാ നിരക്കും അഭിമുഖീകരിച്ചിരുന്നു. സാമ്പത്തിക-സാമൂഹിക സാഹചര്യങ്ങളില്‍ വന്ന മാറ്റവും പൊതുജനവിദ്യാഭ്യാസത്തിന്‍റെ വളര്‍ച്ചയുമെല്ലാം ചേര്‍ന്ന് ജനപ്പെരുപ്പത്തിനെ സ്വാഭാവികമായിത്തന്നെ നിയന്ത്രിക്കാനും, മരണനിരക്കിനോടൊപ്പം തന്നെ ജനനനിരക്കിനേയും കുറച്ചു കൊണ്ടുവരാനും അവയെ സഹായിച്ചു. അതുകൊണ്ട് തന്നെ വികസ്വര രാഷ്ട്രങ്ങളിലെ സാമ്പത്തിക -സാമൂഹിക സാഹചര്യങ്ങളില്‍ ഗണ്യമായ മാറ്റമുണ്ടാക്കാന്‍ കൂട്ടായി പരിശ്രമിക്കാതെ സാങ്കേതിക-കേന്ദ്രീകൃതമായ കുറുക്കുവഴികള്‍ നിര്‍ദ്ദേശിക്കുന്നതും അവ സ്വീകരിക്കാന്‍ രാഷ്ട്രീയ സമ്മര്‍ദ്ദം ചെലുത്തുന്നതും മിക്കപ്പോഴും വിപരീത ഫലമുളവാക്കും. ഇന്ത്യയില്‍ അടിയന്തിരാവസ്ഥക്കാലത്ത് നിര്‍ബന്ധപൂര്‍വ്വം കുടുംബാസൂത്രണം നടത്തിയത് രാഷ്ട്രീയമായ് സ്വീകാര്യമാല്ലാതായതും ആണ്‍കുട്ടികള്‍ക്ക് പരമ്പരാഗതമായിത്തന്നെ മുന്‍ഗണന നല്‍കിയിരുന്ന ചൈനയില്‍ 'ഒരു കുട്ടി- ഒരു കുടുംബത്തിന്' എന്ന നയം നടപ്പാക്കിയതോടെ കുട്ടിയുടെ ലിംഗ നിര്‍ണയം ഭ്രൂണാവസ്ഥയില്‍ തന്നെ നടത്തി, പെണ്‍കുട്ടിയാണെങ്കില്‍ നശിപ്പിച്ചു കളയുന്നത് വളരെ അധികം കൂടിയതുമെല്ലാം ഇതിന് ഉത്തമോദാഹരണങ്ങളാണ്.
(അവസാനിച്ചില്ല)
കുറിപ്പ്:
ഇത് 1995 ആദ്യം എഴുതി, 1996 ഫെബ്രുവരി 23/24 തീയതികളില്‍ മാധ്യമം ദിനപ്പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനമാണ്. അതിനാല്‍ കണക്കുകള്‍ക്ക് പഴക്കമുണ്ട്. പക്ഷെ എന്‍റെ വീക്ഷണത്തില്‍ കാര്യമായ മാറ്റം വന്നിട്ടില്ല. ഈയിടെ ജനപ്പെരുപ്പവുമായ് ബന്ധപ്പെട്ട ചില ലേഖനങ്ങളും അതുപോലെ കമന്റുകളും കണ്ടത് കൊണ്ട് ഇത് രണ്ടു പോസ്റ്റായി ഇടാം എന്ന് വിചാരിച്ചു.
പല ലേഖനങ്ങളും റെഫര്‍ ചെയ്തിരുന്നു. ഓര്‍മ്മയിലുള്ളത് Dr. അസ്‌ഗര്‍ അലി എന്‍ജിനീയറിന്‍റെ ഒന്നോ രണ്ടോ ലേഖനങ്ങള്‍ (പ്രത്യകിച്ചും ഖുര്‍ആനുമായ് ബന്ധപ്പെട്ട അഭിപ്രായങ്ങള്‍), Dr. മോഹന്‍ റാവു എഴുതിയ ലേഖനം എന്നിവ ഓര്‍മയില്‍ തങ്ങി നില്‍ക്കുന്നു. വര്‍ഷങ്ങള്‍ കുറെ കഴിഞ്ഞതിനാല്‍ ഒന്നും കരുതി വച്ചിട്ടില്ല. ദയവായ് ലിങ്ക് ചോദിക്കരുത് :-)
ഇതിലെ ഭാഷ വളരെ അധികം തിരുത്തി തന്ന ജോര്‍ജ് ജോസഫ് എന്ന സുഹൃത്തിനെയും നന്ദിപൂര്‍വ്വം സ്മരിക്കുന്നു.