കുറിപ്പ്:
1. 1996 ഫെബ്രുവരി 24 -ആം തീയതി മാധ്യമം ദിനപ്പത്രത്തില്‍ പ്രസിദ്ധീകരിച്ചത്. 23 -ആം തീയതി പ്രസിദ്ധീകരിച്ച ഒന്നാം ഭാഗം ഇവിടെ. അന്ന് പ്രസിദ്ധീകരിച്ച ലേഖനം അതുപോലെ തന്നെ ഇടുകയാണ്. കണക്കുകള്‍ വളരെ പഴയതാണെങ്കിലും
ഇപ്പോഴും പ്രസക്തം എന്ന് വിശ്വസിക്കുന്നു. ഇതൊരു documentation purpose ആയി കരുതിയാല്‍ മതി.
2.കഴിഞ്ഞ ലേഖനത്തില്‍ അനോണികള്‍ സൂചിപ്പിച്ചതിനാല്‍ പുതിയ കണക്കുകള്‍ തിരഞ്ഞു. സമയം ലഭിക്കുമെങ്കില്‍ ഇതിന് തുടര്‍ച്ചയായി മറ്റൊരു ലേഖനം എഴുതണമെന്നുണ്ട്.
**********
(തുടര്‍ച്ച)
ആഭ്യന്തര മന്ത്രാലയത്തിന്‍റെ 1976 -ലെ കണക്കു പ്രകാരം വിവിധ മതവിഭാഗങ്ങളില്‍ പെട്ടവരുടെ ഉര്‍വരത നിരക്ക് (fertility) നഗരപ്രദേശങ്ങളെ അപേക്ഷിച്ച് ഗ്രാമപ്രദേശങ്ങളില്‍ വളരെ കൂടുതല്‍ ആയിരുന്നു. ഹിന്ദുക്കളില്‍ ഇത് ഗ്രാമപ്രദേശങ്ങളില്‍ 5.7 ഉം, മുസ്ലിംങ്ങളില്‍ 6.2 ഉം, ക്രിസ്ത്യാനികളില്‍ 4.4 ഉം ആയിരുന്നു. നഗരപ്രദേശങ്ങളില്‍ ഹിന്ദുക്കളുടെ ഉര്‍വരത നിരക്ക് 4.2 ആയിരുന്നപ്പോള്‍ മുസ്ലിംങ്ങളില്‍ 4.9 ഉം, ക്രിസ്ത്യാനികളില്‍ 4 ഉം ആയിരുന്നു. എല്ലാ മതവിഭാഗങ്ങളില്‍പ്പെട്ടവരുടെയും ശരാശരി ഉര്‍വരത നിരക്ക് ഗ്രാമപ്രദേശങ്ങളില്‍ 5.8 ആയിരുന്നപ്പോള്‍ നഗരപ്രദേശങ്ങളില്‍ 4.3 ആയിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്‍റെ തന്നെ മറ്റൊരു കണക്കു പ്രകാരം (1976) പ്രതിമാസ ആളോഹരി ചെലവ് കൂടുന്നതനുസരിച്ച് (monthly per capita expenses) ഉര്‍വരത നിരക്ക് കുറയുന്നതായ് കാണുന്നു. ഈ കണക്കുകള്‍ എല്ലാം തന്നെ ജനങ്ങളുടെ വിദ്യാഭ്യാസം, ജീവിത നിലവാരം എന്നിവയടങ്ങുന്ന സാമൂഹ്യ- സാമ്പത്തിക പശ്ചാത്തലങ്ങളും ജനസംഖ്യാ വര്‍ദ്ധനവും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്നു. അതിനാല്‍ ഇന്ത്യയില്‍ മുസ്ലിംങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ പിന്നോക്കാവസ്ഥയല്ലേ അവരുടെ ഇടയില്‍ ഹിന്ദുക്കളുടേതിനേക്കാള്‍ അല്പം കൂടുതല്‍ ജനസംഖ്യാ വര്‍ദ്ധനവിനു കാരണം എന്ന് സംശയിക്കുന്നത് തികച്ചും യുക്തിസഹമാണ്.
നാഷണല്‍ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്‍ 1973- 74 -ല്‍ നഗര പ്രദേശങ്ങളില്‍ നടത്തിയ ഒരു സര്‍വേ റിപ്പോര്‍ട്ടില്‍ ഇങ്ങനെ സൂചിപ്പിക്കുന്നു: 'ഇന്ത്യയില്‍ നഗര പ്രദേശങ്ങളിലെ മുസ്ലിംങ്ങളുടെ ശരാശരി പ്രതിമാസ ആളോഹരി ചെലവ് ദേശീയ ശരാശരിയെക്കാള്‍ 20 ശതമാനം കുറവായതിനാല്‍ അവര്‍ പട്ടിക ജാതി- വര്‍ഗ സമുദായങ്ങളൊടൊപ്പം തന്നെ സാമ്പത്തികമായ് പിന്നോക്കം നില്‍ക്കുന്നവര്‍ ആണ്. അതെ സമയം മറ്റു മത വിഭാഗക്കാരുടെ (ജൈനമതക്കാര്‍, പാര്‍സികള്‍, ക്രിസ്ത്യാനികള്‍, സിഖുകാര്‍ മുതലായവര്‍) ശരാശരി പ്രതിമാസ ആളോഹരി ചെലവ് ദേശീയ ശരാശരിയെക്കാള്‍ 18 ശതമാനം കൂടുതലും ആണ്. '
'ഇന്ത്യയിലെ വിവിധ സമുദായങ്ങളിലെ ജനസംഖ്യാ വര്‍ദ്ധനവ് : മിത്തും സത്യാവസ്ഥയും' എന്ന ഗവേഷണ പഠനത്തില്‍ പി എസ് ഭാട്ടിയ ഇപ്പോഴത്തെ വര്‍ദ്ധനനിരക്കനുസരിച്ച് മുസ്ലിംങ്ങലുടെയും ഹിന്ദുക്കളുടെയും വര്‍ദ്ധനനിരക്ക് കണക്കാക്കിയിട്ടുണ്ട്. 1961-71 ല്‍ ഹിന്ദുക്കളുടെ വളര്‍ച്ചാ നിരക്ക് 23.71 ആയിരുന്നതി 1971-81 ല്‍ 24.42 ശതമാനമായി കൂടി. അതായത് രണ്ടു ദശകങ്ങളിലെയും വളര്‍ച്ചാ നിരക്ക് തമ്മിലുള്ള വ്യത്യാസം 0.71. അതേസമയം മുസ്ലിംങ്ങളുടെ ജനസംഖ്യാ വര്‍ദ്ധനവ് 1961-71 ല്‍ 30.85 ശതമാനം ആയിരുന്നത് 1971-81 ല്‍ 30.90 ശതമാനം ആയി കൂടി. രണ്ടു ദശകങ്ങളിലെയും വളര്‍ച്ചാ നിരക്ക് തമ്മിലുള്ള വ്യത്യാസം 0.05. ഇതു ഹിന്ദുക്കളുടെ ജനസംഖ്യാ വളര്‍ച്ചാ നിരക്കിന്‍റെ രണ്ടു ദശകങ്ങളിലെയും വ്യത്യാസത്തെക്കാളും കുറവും. ഈ നിരക്ക് കണക്കിലെടുത്തുകൊണ്ട് ഭാട്ടിയ അനുമാനിക്കുന്നത് 2081 -ല്‍ (അതായത് നൂറു വര്‍ഷങ്ങള്‍ക്കു ശേഷം) ഹിന്ദുക്കളുടെ ഒരു ദശകത്തിലെ വളര്‍ച്ചാ നിരക്ക് 30.71 ശതമാനവും, മുസ്ലിംങ്ങളുടേത് 30.55 ശതമാനവും ആയിരിക്കും എന്നാണ്. ചുരുക്കത്തില്‍ ഇന്ത്യയിലെ മുസ്ലിംങ്ങള്‍ ഒരിക്കലും ജനസംഖ്യയുടെയും ജനസംഖ്യാവളര്‍ച്ചാ നിരക്കിന്റ്റെയും കാര്യത്തില്‍ ഹിന്ദുക്കാളെക്കാള്‍ കൂടുതലാകുകയില്ല. (ആയാലെന്ത് എന്ന ചോദ്യവും ഇവിടെ പ്രസക്തമാണ്).
1991-ല്‍ ഇന്ത്യയിലെ ജനസംഖ്യയുടെ 36 ശതമാനത്തിലധികം 15 വയസ്സിനു താഴെയുള്ള കുട്ടികളാണ്. ഇവരെല്ലാം തന്നെ തങ്ങള്‍ക്കു രണ്ടു കുട്ടികളില്‍ കൂടുതല്‍ വേണ്ട എന്ന് തീരുമാനിച്ചാല്‍ പോലും ജനസംഖ്യ അടുത്ത കുറെ വര്‍ഷങ്ങള്‍ കൂടി വര്‍ദ്ധിക്കാനാണ് സാദ്ധ്യത. കൂടാതെ ഹിന്ദുക്കളോ മുസ്ലിംങ്ങളോ സജാതീയങ്ങള്‍ (homogenous) അല്ലെന്നതും എടുത്തു പറയേണ്ടതാണ്. അവരുടെ ഇടയില്‍ തന്നെ പാവപ്പെട്ടവരും, ഇടത്തരക്കാരും പണക്കാരും ഉണ്ട്. നമുക്കു അവരെ താരതമ്യം ചെയ്യാന്‍ തക്ക കണക്കുകള്‍ ഒന്നും തന്നെയില്ല എന്നതാണ് സത്യം. അത് കൊണ്ട് തന്നെ ജനപ്പെരുപ്പത്തിന് മതത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുന്നത് ജാതി-മത സ്പര്‍ധ വര്‍ദ്ധിപ്പിക്കുന്നതിനല്ലാതെ മറ്റൊന്നിനും സഹായകമല്ല.
കേരളത്തിന്‍റെ പ്രസക്തി
പൊതുജനാരോഗ്യ രംഗത്തും ജനസംഖ്യാ നിയന്ത്രണ രംഗത്തും ഇന്ത്യയിലെ തന്നെ മറ്റു സംസ്ഥാനങ്ങളേക്കാള്‍ വളരെ മുന്‍പന്തിയിലും അതുപോലെ മറ്റു വികസിത രാജ്യങ്ങളോട് കിടപിടിക്കത്തക്ക രീതിയിലുള്ള കണക്കുകളാണ് കേരളത്തിനുള്ളത്. സാക്ഷരത, പ്രത്യകിച്ചും സ്ത്രീ സാക്ഷരത, വിദ്യാഭ്യാസ നിലവാരം, സാമൂഹിക ഭദ്രത, ജീവിത നിലവാരവും ജീവിത രീതികളും, പുരോഗമന പ്രസ്ഥാനങ്ങളുടെ വളര്‍ച്ച എന്നിവയെല്ലാം ഇതിന് അനുകൂലങ്ങളായ ഘടകങ്ങളാണ്. കേരളത്തിലെ തന്നെ പല ജില്ലകള്‍ തമ്മില്‍ ജനസംഖ്യാ വര്‍ദ്ധന നിരക്കിന്‍റെ കാര്യത്തില്‍ വലിയ അന്തരം കാണുന്നുണ്ട്. പത്തനംതിട്ട (5.6 %), ആലപ്പുഴ (7.28 %), കോട്ടയം (7.71 %) എന്നീ ജില്ലകള്‍ ജനസംഖ്യാ വളര്‍ച്ചാ നിരക്ക് ഏറ്റവും കുറവുള്ളവയും, മലപ്പുറം ( 28.87 %), കാസര്‍ഗോഡ് (22.78 %), വയനാട് (21.32 %) എന്നീ ജില്ലകള്‍ വളര്‍ച്ചാ നിരക്ക് ഏറ്റവും കൂടുതലുള്ളവയും ആണ്.
തൃശ്ശൂരിനു വടക്കോട്ടുള്ള എല്ലാ ജില്ലകളിലെയും വളര്‍ച്ചാ നിരക്ക് കേരളത്തിന്‍റെ ശരാശരി വളര്‍ച്ചാ നിരക്കിനെക്കാള്‍ (14.32 %) അധികമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ മുസ്ലിംങ്ങള്‍ അധികമില്ലാത്ത വയനാടും ഉള്‍പ്പെടും. ഈ ജില്ലകള്‍ തന്നെയാണ് സാമ്പത്തിക പിന്നോക്കാവസ്ഥ കൊണ്ടും സമ്പത്തിന്‍റെ ആനുപാതികമല്ലാത്ത കേന്ദ്രീകരണം കൊണ്ടും വിദ്യാഭ്യാസ, സാമൂഹിക, ആരോഗ്യ സൌകര്യങ്ങളുടെ അപര്യാപ്തത കൊണ്ടും ശ്രദ്ധേയമായിരിക്കുന്നത്. 1991 ലെ സെന്‍സസ് പരിശോധിച്ചാല്‍ ഭാരതത്തിലെ ജനസംഖ്യാ വളര്‍ച്ചാനിരക്ക് ഏറ്റവും കുറവുള്ള ജില്ലകളില്‍ സാക്ഷരത, പ്രത്യേകിച്ചും സ്ത്രീ സാക്ഷരത ഏറ്റവും കൂടുതലും, ജനസംഖ്യാ വളര്‍ച്ചാനിരക്ക് ഏറ്റവും കുറവുള്ള ജില്ലകളില്‍ സാക്ഷരതയും അതോടൊപ്പം സ്ത്രീ സാക്ഷരതയും താരതമ്യേന കുറവുമാണ്.
ഭാരതത്തിലെ ആനുകാലിക സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ സാമൂഹിക പഠനത്തിന്‍റെ എല്ലാ മേഖലകളിലേക്കും മതത്തെ സ്ഥാനത്തും അസ്ഥാനത്തും വലിച്ചിഴയ്ക്കുന്നത് അപകടകരമായ ഫാസിസ്റ്റ് പ്രവണതകള്‍ക്ക് വഴി വയ്ക്കുമെന്ന് ചരിത്രാനുഭവങ്ങളുടെ വെളിച്ചത്തില്‍ പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ജഖ്‌നപ്പെരുപ്പ നിയന്ത്രണത്തിലും മറ്റു സാമൂഹിക, സാമ്പത്തിക, പൊതുജനാരോഗ്യ രംഗങ്ങളിലും കേരളം ആര്‍ജിച്ച നേട്ടങ്ങള്‍ ഏതെങ്കിലും ഒരു മതത്തിനോ ഒരു പ്രദേശത്തിനൊ കര്‍ത്തൃത്വം അവകാശപ്പെടാനാവില്ല.
സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളും പുരോഗമന പ്രസ്ഥാനങ്ങളും വിദ്യാഭ്യാസ സാഹചര്യങ്ങളും എല്ലാം ചേര്‍ന്ന് രൂപപ്പെടുത്തിയ ഒരു ജീവന അവബോധവും അവകാശബോധവും നിറഞ്ഞ രാഷ്ട്രീയ കേരളത്തിന് വേണം ഇതിന്‍റെ ബഹുമതി സമ്മാനിക്കാന്‍ (ഇന്നു ഈ രംഗങ്ങളില്‍ നേരിടുന്ന പ്രശ്നങ്ങള്‍ അവഗണിക്കുന്നില്ല). സാമ്പത്തിക അസന്തുലിതാവസ്ഥയും സാമൂഹിക പിന്നോക്കാവസ്ഥയുമെല്ലാം നിര്‍മാര്‍ജനം ചെയ്തുകൊണ്ട് വികസനത്തിന്‍റെ ഫലങ്ങള്‍ എല്ലാവരിലും കഴിവതും തുല്യമായ് എത്തിക്കുകയാണ് ജനപ്പെരുപ്പവും അതിനോടനുബന്ധിച്ച പ്രശ്നങ്ങള്‍ക്കും ഒരേയൊരു പ്രതിവിധി.
(അവസാനിച്ചു)