Sunday, 1 February 2009

എനിക്കറിയാം, ഞാന്‍ ഒറ്റയ്ക്കല്ല

“We can chase down all our enemies
Bring them to their knees
We can bomb the world in to pieces
But we can’t bomb it in to peace”


രണ്ടായിരത്തി ആറ് മാര്‍ച്ചില്‍ ജനീവയില്‍ വച്ചായിരുന്നു മൈക്കിള്‍ ഫ്രാന്ടിയെ കണ്ടത്. 'ലോക പൊതുജനാരോഗ്യ നേതൃത്വ പരിശീലന പരിപാടിയില്‍' വ്യത്യസ്തമായ നേതൃത്വ ഗുണങ്ങളുള്ള ആള്‍ക്കാരെ പരിചയപ്പെടുത്തുന്നതിന്‍റെ ഭാഗമായി മൈക്കിളിനെ പരിചയപ്പെടുത്തിയപ്പോള്‍, ആദ്യം തന്നെ എന്തോ ഒരു ആകര്‍ഷണം തോന്നിയെങ്കിലും കുറച്ചു സമയമെങ്കിലും 'ഒരു അമേരിക്കക്കാരനും എന്തെങ്കിലും ലാഭം ഇല്ലാതെ ഒന്നിനും തുനിയില്ല' എന്ന് ദോഷൈകദൃക്കായ മനസ്സു പറയുന്നുണ്ടായിരുന്നു. പോരാത്തതിന് 'ഹിപ് ഹോപ് ', 'പോപ്പ്' തുടങ്ങിയ സംഗീതത്തെക്കുറിച്ചും വലിയ ധാരണ ഒന്നും ഉണ്ടായിരുന്നില്ല (ഇപ്പോഴും ഇല്ല!).

മൈക്കിളിന്‍റെ 'എനിക്കറിയാം, ഞാന്‍ ഒറ്റയ്ക്കല്ല' (I know I'm not alone) എന്ന സംഗീതം ആധാരമാക്കിയുള്ള ഒന്നര മണിക്കൂര്‍ ഡോക്യു-ചിത്രം കണ്ടു കഴിഞ്ഞപ്പോള്‍ എന്ത് പറയണം എന്ന് അറിയില്ലായിരുന്നു. ഗായകനായ മൈക്കിള്‍ രണ്ടായിരത്തി നാലില്‍ ബാഗ്ദാദും ഇസ്രയേലും ഗാസയും സന്ദര്‍ശിച്ച് എടുത്തിരിക്കുന്ന ഈ ചിത്രം അവിടുത്തെ അവിടുത്തെ ജനങ്ങളുടെ (പ്രത്യേകിച്ചും ഇറാക്കിലെയും ഗാസയിലേയും) ദുരന്തങ്ങളുടെ കഥ പറയുന്നു.

അശാന്തി നിറഞ്ഞ ലോകത്തില്‍ സംഗീതം മാത്രം അറിയാവുന്നവര്‍ക്കും അവയുടെ കാരണങ്ങളെ കുറിച്ച് ബോധവാന്മാര്‍/ബോധവതികള്‍ ആക്കാന്‍ പ്രാപ്തമായ ഒരു ചിത്രം എന്ന് തോന്നി. ചിത്രം കണ്ട അവിടെയുണ്ടായിരുന്ന എല്ലാവരും തന്നെ കരയുന്നുണ്ടായിരുന്നു. വളരെ ശക്തമായ വ്യക്തിത്വം ഉള്ളവര്‍ എന്ന് ഞാന്‍ വിചാരിച്ചിരുന്ന പലരും ഇറാക്കിലെയും പാലസ്തീനിലെയും ജനങ്ങളുടെ ദുരിതങ്ങള്‍ ചിത്രത്തിലൂടെ കണ്ടപ്പോള്‍ പൊട്ടിക്കരയുന്നത്‌ എനിക്ക് പുതുമയായി.

യുദ്ധം ഏറ്റവും കൂടുതല്‍ നേരിട്ടു ബാധിക്കുന്നത് ജനങ്ങളുടെ മാനസിക ആരോഗ്യത്തെ ആണ്. യുദ്ധം എത്തുന്നതോടെ പൊതുവെ ദുര്‍ബലമായ പൊതുജനാരോഗ്യ കേന്ദ്രങ്ങള്‍ താറുമാറാകുന്നു. യുദ്ധത്തെക്കുറിച്ച് പത്ര-ദൃശ്യ മാദ്ധ്യമങ്ങള്‍ തരുന്ന ചിത്രങ്ങള്‍ എത്ര തുച്ഛമാണ് എന്ന് ഈ ചിത്രം കണ്ടപ്പോള്‍ മനസ്സിലായി.

ചിത്രം പ്രദര്‍ശനത്തിന് എത്തിച്ചത് Stay Human Films ആണ്. പേരിനെ അന്വര്‍ത്ഥമാക്കുന്ന ചിത്രം തന്നെ ആണ് 'എനിക്കറിയാം ഞാന്‍ ഒറ്റയ്ക്കല്ല'. ഇതിലെ സംഗീതം എല്ലാം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. പ്രത്യേകിച്ചും If I told you what I’ve seen ....... വളരെ വളരെ ഇഷ്ടപ്പെട്ടു. ബാഗ്ദാദില്‍ സ്നേഹത്തിന്‍റെ കവിത ചൊല്ലുന്ന കൊച്ചു പെണ്‍കുട്ടി ആരുടെയും കണ്ണ് നനയിപ്പിക്കും. ആറര അടിയില്‍ അധികം ഉയരവും, നീണ്ട ജടപിടിച്ച മുടിയുമായ്, ആകര്‍ഷകമായ മന്ദസ്മിതവുമായി സമീപിക്കുന്ന മൈക്കിളിനെ ആരും ഒരിക്കല്‍ നേരിട്ടു കണ്ടാല്‍ മറക്കില്ല. നാലഞ്ചു മണിക്കൂര്‍ മൈക്കിളുമായി സംസാരിക്കാനും മൈക്കിളിന്റെ പാട്ടുകള്‍ കേള്‍ക്കാനും കഴിഞ്ഞത് വളരെ നല്ല കാര്യമായി തോന്നി. Spearhead എന്ന ബാന്‍ഡ് നടത്തുന്ന മൈക്കിള്‍ സംഗീതത്തിനും രാഷ്ട്രീയം ഉണ്ടാകാം എന്നും, അത് മനുഷ്യത്വത്തിന്‍റെ രാഷ്ട്രീയം ആണെന്നും നമ്മെ കാണിച്ചു തരുന്നു.

ചിത്രം പല പ്രാവശ്യം കാണുകയും സി ഡി പല മീറ്റിംഗുകളിലും കാണിക്കുകയും ചെയ്തു. അപ്പോഴെല്ലാം പലരുടെയും ഹൃദയത്തില്‍ പതിഞ്ഞതായും മനസ്സിലായി. ഈയിടെ യൂ ട്യൂബില്‍ ചിത്രത്തിന്‍റെ ലിങ്ക് കണ്ടപ്പോള്‍ മൈക്കിളിനെയും ചിത്രത്തെയും ബൂലോകരെ പരിചയപ്പെടുത്താം എന്ന് കരുതി.

I know I'm not alone എന്ന ഡോക്യു ചിത്രം താഴെ കാണുന്ന യൂ ട്യൂബ് ലിങ്കുകളില്‍ കാണാം.

*****
പട്ടിണിക്കെതിരായി പാദരക്ഷ ഒരിക്കലും ധരിക്കില്ല എന്ന് രണ്ടായിരാം ആണ്ടില്‍ മൈക്കിള്‍ ശപഥം ചെയ്തിരുന്നു എന്ന് വിക്കിയില്‍ കണ്ടപ്പോള്‍, ഞങ്ങളെ കണ്ടപ്പോഴും പാദരക്ഷ ധരിച്ചിട്ടില്ലായിരുന്നു എന്ന് എല്ലാ ചിത്രങ്ങളും നോക്കി ഉറപ്പു വരുത്തി!
*****
Part 1of 9


Part 2of 9



Part 3of 9


Part 4of 9


Part 5of 9


Part 6of 9


Part 7 of 9


Part 8 of 9


Part 9 of 9