Saturday, 1 December 2007

പെദ്ദാപുരത്തെ പെണ്‍കുട്ടി

ഉമ്മറത്തെത്തിയ അതിഥികളെ
സ്നേഹപൂര്‍വം സ്വീകരിച്ചിരുത്തിയപ്പോള്‍‍
അവളുടെ കണ്ണുകളിലെ വിഷാദം
ഒരായിരം കഥകള്‍ പറഞ്ഞു

പത്ത് വയസ്സിന്‍റെ കുട്ടിത്തത്തില്‍ നിന്നും
അന്‍പതു വയസ്സിന്‍റെ പക്വതയിലേയ്ക്കുള്ള
അവളുടെ പ്രയാണം
അതിവേഗമാണെന്നു തോന്നി

അഞ്ചു പേരെയും
ഒരുമിച്ചു സ്വീകരിക്കാന്‍‍
അക്കയ്ക്ക് സമ്മതമില്ലെന്നു പറയുമ്പോള്‍
‍അവളുടെ കണ്ണുകളിലൂറിയ വേദന,
എന്‍റെ ആത്മാവിലെ
മായ്ക്കാനാവാത്ത നൊമ്പരമായി മാറി

അവളുടെ മനസ്സിലപ്പോള്‍ എന്തായിരുന്നു?
അക്കയോടൊപ്പം രമിക്കാനെത്തുന്ന
പുരുഷ വര്‍ഗ്ഗത്തോടുള്ള അടങ്ങാത്ത വിദ്വേഷമോ?
അതോ, സ്വജീവിതത്തില്‍
വരാനിരിക്കുന്ന ദുരന്തങ്ങളെയോര്‍ത്തുള്ള
കുഞ്ഞു മനസ്സിന്‍റെ താളം തെറ്റിയ ചിന്തകളോ?

പേരറിയില്ലെന്നാകിലും
വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണ്ട മുഖം
എന്‍റെ മകളിലൂടെ ഞാന്‍ നിത്യവും കാണുന്നു
ഇപ്പോള്‍ നീ കൌമാരത്തില്‍ നിന്നു
യൌവനത്തിലേയ്ക്ക് കാലൂന്നുമ്പോള്‍,
പെദ്ദാപുരത്തെ ചുവന്ന കഴുകന്‍മാര്‍
കൊത്തിക്കൊണ്ടു പറന്നിരിക്കയില്ലെന്ന്
ആത്മാര്‍ത്ഥമായ് ആഗ്രഹിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു.
-----------------------------------------
ആന്ധ്രപ്രദേശിലെ പെദ്ദാപുരത്ത് AIDS പ്രതിരോധ പ്രവര്‍ത്തനവും, സഹായങ്ങളും നല്‍കുന്ന ഒരു സന്നദ്ധ സംഘടനയിലെ നാലു പ്രവര്‍ത്തകരോടൊപ്പം 2002 -ല്‍ സഞ്ചരിച്ചപ്പോള്‍ കണ്ടുമുട്ടിയ 10 വയസ്സുകാരി പെണ്‍കുട്ടിയെക്കുറിച്ച്......പെദ്ദാപുരം- രാജമുണ്ട്രിക്കടുത്തുള്ള ഒരു വേശ്യാ ഗ്രാമം.

22 comments:

  1. ലിങ്കുകള്‍ ചിന്തയിലും മറ്റും കിട്ടാത്തതിനാല്‍ ഒന്നു കൂടി പോസ്റ്റ് ചെയ്യുന്നു..വായിച്ചവര്‍ ക്ഷമിക്കുക.

    ReplyDelete
  2. ഇന്നത്തെ ദിവസത്തിനു പറ്റിയ കവിത.. നന്നായെഴുതിയിരിക്കുന്നു.

    ReplyDelete
  3. ശ്രീവല്ലഭന്‍...

    കവിത പോലെ...കഥ പോലെയൊക്കെ തോന്നി
    എങ്കിലും ഓര്‍മ്മകളില്‍ നിറഞ്ഞു നില്‍ക്കുന്ന ആ പെദ്ദാപുരത്തെ
    വിശേഷങ്ങള്‍ മനസ്സില്‍ ഒരു നൊമ്പരമായി
    ഒരു കഴുക്കന്റെയും കണ്ണില്‍പ്പെടാതെ അവള്‍ സസുഖം വാഴട്ടെ എന്ന പ്രാര്‍ത്ഥനയോടെ...
    ശ്രീവല്ലഭന്‍ മാഷേ... തുടരെ പോസ്റ്റ്‌ ചെയുബോല്‍ പഴയ പോസ്റ്റുകള്‍ പലരും ശ്രദ്ധിക്കപ്പെടാതെ പോകാന്‍ സാധ്യതയുണ്ട്‌... ശ്രദ്ധിക്കുമല്ലോ


    നന്‍മകള്‍ നേരുന്നു

    ReplyDelete
  4. മന്‍സൂര്‍ ഭായ്,
    അത് ശരിയാണല്ലോ പറഞ്ഞത്.ഇനി തീര്‍ച്ചയായും ശ്രദ്ധിക്കാം. സ്നേഹപൂര്‍്വമുള്ള ഉപദേശത്തിനു വളരെ നന്ദി.

    കണ്ണൂരാന്‍ & ഉപാസന :വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും വളരെ നന്ദി.

    ReplyDelete
  5. -----------------
    മഴതുള്ളികിലുക്കം said...
    ശ്രീവല്ലഭന്‍ മാഷേ...

    ഈ ബ്ലോഗ്ഗില്‍ ഇതിന്‌ മുന്‍പ്പ്‌ ഞാന്‍ കമന്‍റ്റിട്ടിരുന്നു..പിന്നെ ഇപ്പോ വന്നു നോകിയപ്പോ കാണുന്നില്ല.... മനസ്സില്‍ വരുന്ന വരികള്‍ അതേപ്പടി എഴുതുന്ന ശീലമാണ്‌ എനിക്കുള്ളത്‌ അതു കൊണ്ട്‌ വീണ്ടും അത്‌ പോലെ എഴുതാന്‍ കഴിയില്ല....എന്ന്‌ പറഞ്ഞോട്ടെ

    പിന്നെ ബ്ലോഗ്ഗുകള്‍ പറിച്ച്‌ നടുബോല്‍ അതില്‍ കിട്ടിയ കമാന്‍റ്റുകളും ബ്ലോഗ്ഗിലെ പോസ്റ്റിനൊപ്പം ചേര്‍ക്കുന്നത്‌ നന്നായിരിക്കും..പൊതുവെ അങ്ങിനെയാണ്‌ ഇവിടെ കാണാറുള്ളത്‌...


    നന്‍മകള്‍ നേരുന്നു

    03 December 2007 09:35

    ReplyDelete
  6. പ്രിയ മന്‍സൂര്‍ ഭായ്,
    സന്ദര്‍്ശിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി. ഇതു കവിതയായത് കൊണ്ടു 'കവിത' പേജിലേക്ക് മാറ്റാനായ് ഉദ്ദേശിച്ചാണ് അവിടെയിട്ടത്. കമന്റുകള്‍ മാറ്റന്‍് നോക്കിയിട്ട് പറ്റാഞ്ഞതിനാല്‍ ഇതു delete ചെയ്തില്ല. അതേതായാലും നന്നായെന്നു തോന്നുന്നു. ഞാന്‍ കവിത പേജിലെ 'പെദ്ദാപുരത്തെ പെണ്‍കുട്ടി' ഡിലീറ്റ് ചെയ്യാം. അപ്പോള്‍ confusion തീരുമല്ലോ.

    ക്ഷമിക്കുക.....താങ്കളുടെ comment ഞാന്‍ ഇപ്പോള്‍ ഇവിടെ കോപ്പി ചെയ്തിട്ടിട്ടുന്ടു. ശരിക്കും എല്ലാം പഠിച്ചു വരുന്നതേയുള്ളൂ.

    കണ്ണൂരാന്‍് & ഉപാസന: പ്രോത്സാഹനത്തിന് നന്ദി.

    ReplyDelete
  7. എന്റെപോസ്റ്റിലെത്തിയ വായനകാരനെ റിട്ടേണ് വിസിറ്റ് ചെയ്യാന് വന്നപ്പോള്‍ക്കണ്ട ഈ വരികള്‍,
    കൂറച്ചുദിവസത്തേക്കെന്റെ ഉറക്കംകെടുത്തും..പത്തുവയസ്സില്‍ അവളെത്രയോ ജീവിതങ്ങളിലെവേദന തിന്നുകാണും.

    ReplyDelete
  8. ഭുമിപുത്രി,
    ശരിയാണ്.....പലപ്പോഴും ഓര്‍ക്കുമ്പോള്‍ വളരെ വേദനിക്കും.

    ReplyDelete
  9. നല്ല പോസ്റ്റ്, വല്ലഭന്‍ മാഷേ... ഓര്‍മ്മകളില്‍ ഇങ്ങനേയും ചില മുഖങ്ങള്‍ അല്ലേ?
    അവള്‍ക്ക് ഒന്നും സംഭവിച്ചിരിയ്ക്കില്ല എന്ന് വെറുതേയെങ്കിലും ആശിയ്ക്കാം.

    ReplyDelete
  10. പൊള്ളുന്ന അനുഭവം അല്ലേ മാഷേ

    ReplyDelete
  11. ഇത്തരം ഗ്രാമങ്ങളില്‍ ജനിക്കുന്നതിനേക്കാള്‍ തെരുവുനാ‍യ്ക്കളായി പിറക്കുന്നതല്ലേ നല്ലത്?

    ReplyDelete
  12. വല്ലഭ് ജി,
    നല്ല പോസ്റ്റ്.
    ആ പെണ്‍കുട്ടിയെങ്കിലും രക്ഷപ്പെടട്ടെ ..

    ReplyDelete
  13. ആ ദു:ഖം നന്നയി എഴുതിയിരിക്കുന്നു

    ReplyDelete
  14. നല്ല വരികള്‍....നല്ല ചിന്ത....

    സസ്നേഹം,
    ശിവ.

    ReplyDelete
  15. ഒന്നും പറയാനില്ല മാഷേ... ഞാനും ആ കണ്ണുകള്‍ കാണുന്നു.. ഈ വരികളിലൂടെ..

    ReplyDelete
  16. വേട്ടയാടപ്പെടുന്ന, മനസ്സില്‍ നിന്നൊരിക്കലും മാഞ്ഞ് പോകാത്ത ചില ഓര്‍മ്മകള്‍, അല്ലെ?

    വായിച്ചു, വേദനിച്ചു!

    ReplyDelete
  17. ശ്രീ, മനു, പാമരന്‍, കൈതമുള്ള്, ഗോപന്‍, പ്രിയ, ശിവ, സജി: ഓര്‍മ്മകളില്‍ ഇതുപോലെ വളരെ അധികം മുഖങ്ങള്‍! ആന്ധ്രയിലും, തമിള്‍ നാട്ടിലും, കേരളത്തിലും ഇതുപോലെ വളരെയധികം ആള്‍ക്കാരെ പരിചയപ്പെടുകയും, അവരില്‍ നിന്നും പല പാഠങ്ങള്‍ പഠിക്കുകയും ചെയ്തു. നന്ദി.

    ജിഹേഷ്: ഒരു തരത്തില്‍ ശരി തന്നെ. പക്ഷെ ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍, അല്ലെങ്കില്‍ പൊതുജനാരോഗ്യ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ മുന്‍വിധികളോടെ ആരെയും സമീപിക്കാന്‍ സാധിക്കില്ല.

    പെദ്ദാപുരം വളരെ notorious ആയ ഒരു വേശ്യ ഗ്രാമം ആണ്. പോലീസിന്റെ തണലില്‍, വളരെ അധികം സൌകര്യങ്ങളോടു കു‌ടിയ വീടുകളുള്ള ഒരു ഗ്രാമം. നു‌റോളം വീടുകളില്‍ ഇന്ത്യയുടെ എല്ലാ ഭാഗത്ത് നിന്നും വരുന്ന അഞ്ഞൂറോളം സ്ത്രീകള്‍! പലതും പുതിയ മോഡല്‍ വീടുകള്‍. TV, ഫ്രിഡ്ജ്‌ എല്ലാ സൌകര്യങ്ങളും. ഗ്രാമത്തിനു ചുറ്റും വട്ടമിട്ടു പറക്കുന്ന എജനറ്റുമാര്‍! ആര് അവിടെ എത്തിയാലും സ്ത്രീ ശരീരത്തിന് വേണ്ടി മാത്രം വരുന്നതെന്ന് കരുതുന്നവര്‍! ആ വീട്ടിനകത്തേക്കു പോയ കുട്ടി ചെന്നു പറഞ്ഞു അഞ്ചാണുങ്ങള്‍ എത്തിയിട്ടുണ്ടെന്ന്. അവളുടെ ചേച്ചി ആയിരിക്കണം, പറഞ്ഞു വിട്ടു- അഞ്ചുപേരെം കൂടി ഒന്നിച്ചു പറ്റില്ലെന്ന്. അതാണ് ഇവിടെ പറയാന്‍ ശ്രമിച്ചത്. ഒരു പക്ഷെ ഒരു കഥ പോലെ ആക്കാമായിരുന്നു.

    ReplyDelete
  18. വൈകിയാണ് ഇവിടെ എത്തിയത്.

    നല്ല എഴുത്ത്...

    ആരെങ്കിലും ഉണ്ടാകട്ടെ ആ മകളെ രക്ഷിക്കാന്‍...
    അവളൊരു“ നൊമ്പരത്തിപ്പൂവ്”ആകാതിരിക്കട്ടെ

    അഭിനന്ദനങ്ങള്‍.

    ReplyDelete
  19. വൈകിയാണ് ഇവിടെ എത്തിയത്.

    നല്ല എഴുത്ത്...

    ആരെങ്കിലും ഉണ്ടാകട്ടെ ആ മകളെ രക്ഷിക്കാന്‍...
    അവളൊരു“ നൊമ്പരത്തിപ്പൂവ്”ആകാതിരിക്കട്ടെ

    അഭിനന്ദനങ്ങള്‍.

    ReplyDelete
  20. “പെദ്ദാപുരത്തെ ചുവന്ന കഴുകന്‍മാര്‍
    കൊത്തിക്കൊണ്ടു പറന്നിരിക്കയില്ലെന്ന്
    ആത്മാര്‍ത്ഥമായ് ആഗ്രഹിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു“

    പ്രതീക്ഷക്ക് ഒരു വകയുമില്ല വല്ലഭാ..നമ്മുടെ ആണ്‍സമൂഹമല്ലേ? അവളെ ഒരു പ്രൊഫഷണലാക്കിയിട്ടുണ്ടാകും..അല്ലെങ്കില്‍ ഭൂമിയില്‍നിന്നേ മായ്ച്ചിട്ടുണ്ടാകും..അതുമല്ലെങ്കില്‍ മഹാരോഗങ്ങളുടെ കൊക്കയിലെവിടെയെങ്കിലും പഴുത്തുനാറി ജീവിതം കഴിക്കുന്നുണ്ടാകും..

    ReplyDelete