ശോഭാ വാര്യര്‍ റീഡിഫ് ഡോട്ട് കോമിനു വേണ്ടി സുനില്‍ മേനോനുമായി നടത്തിയ ഇന്റ്റര്‍വ്യൂവിലെ പ്രസക്ത ഭാഗങ്ങളുടെ അന്തസത്ത മാറാതെ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്താന്‍ ഒരു ശ്രമം. പദാനുപദ തര്‍ജ്ജമ അല്ല ഉദ്ദേശിച്ചിരിക്കുന്നത്.
കുട്ടിക്കാലം:
ആദ്യമായ് ഒരു ആണിനോട് താത്പര്യം തോന്നിയത് എനിക്ക് ഏഴ് വയസ്സുള്ളപ്പോഴാണ്. ആണുങ്ങള്‍ ഉടുപ്പ് ഊരുമ്പോള്‍ ഞാന്‍ തുറിച്ചു നോക്കുമായിരുന്നു. അതുപോലെ വീട്ടിലെ വേലക്കാരനെ ഒരിക്കല്‍ തുറിച്ചു നോക്കിയപ്പോള്‍ ചീത്തക്കാര്യം ആണെന്നും അതിനാല്‍ അങ്ങനെ നോക്കരുതെന്നും അയാള്‍ ഉപദേശിച്ചു. പിന്നീട് പഠിത്തത്തിലും മറ്റ് പാഠ്യേതര വിഷങ്ങളിലുമൊക്കെ വ്യാപൃതനായതിനാല്‍ ഞാന്‍ അക്കാര്യമൊക്കെ മറന്നേ പോയിരുന്നു.
പതിമൂന്നു വയസ്സുള്ളപ്പോള്‍ ഒരു ഇരുപത്തൊന്നുകാരനുമായ് ഞാന്‍ ചങ്ങാത്തത്തിലായ്. മറ്റുള്ളവര്‍ അറിഞ്ഞാല്‍ പ്രശ്നമാകുമെന്നും, സമൂഹം ഞങ്ങളെപ്പോലുള്ളവരെ അംഗീകരിക്കില്ലെന്നും അവനില്‍ നിന്നും ഞാന്‍ മനസ്സിലാക്കി. അതൊരു സ്വകാര്യമായ് അവശേഷിച്ചു. എനിക്ക് ആണുങ്ങളോട് മാത്രമാണ് ആകര്‍ഷണം തോന്നുന്നെന്നും, സ്ത്രീകളോട് ആകര്‍ഷണം തോന്നുന്നില്ലെന്നും, ഞാന്‍ മറ്റുള്ള ആണുങ്ങളില്‍ നിന്നും വ്യത്യസ്ഥനാണെന്നും മനസ്സിലാക്കിയപ്പോള്‍, മനസ്സു വല്ലാതെ അസ്വസ്ഥമായി. ആദ്യമായ് മനസ്സില്‍ തോന്നിയത് 'എന്തുകൊണ്ട് ഞാന്‍ ഇങ്ങനെ' എന്നാണ്. എനിക്ക് മറ്റുള്ള ആണുങ്ങളെ പോലെ, 'സ്ത്രീ' ആണെന്നുള്ള കളിയാക്കലില്‍ നിന്നും ഒഴിവായ് സാധാരണ ജീവിതം നയിക്കണം. ഡാന്‍സും മറ്റു പെര്‍ഫോമിംഗ് ആര്‍ട്സും എനിക്ക് ഇഷ്ടമായിരുന്നു. ആള്‍ക്കാര്‍ കളിയാക്കുമ്പോള്‍ വളരെ വിഷമം തോന്നിയിരുന്നു. എനിക്കും ഒരു സാധാരണ ആണിനെപ്പോലെ ആയാല്‍ മതിയെന്നും തോന്നിയിരുന്നു.
എന്‍റെ ലൈംഗികതയെ കുറിച്ച് അധികം ചിന്തിക്കാതെ ഞാന്‍ പഠിത്തത്തില്‍ വളരെയധികം ശ്രദ്ധ കേന്ദ്രീകരിച്ചു. എണ്‍പതുകളില്‍ ലൈംഗികതയെ കുറിച്ച് ആരും സംസാരിക്കുന്നത് തന്നെ വളരെ കുറവായിരുന്നു.
ആന്ത്രപ്പോളജിയില്‍ ബിരുദാനന്തരബിരുദത്തില്‍ സ്വര്‍ണ മെഡലോടെ മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്നും പാസ്സായ ശേഷം ഞാന്‍ പിഎച്ച്. ഡി ചെയ്യാന്‍ തുടങ്ങി.
ജീവിതത്തെ മാറ്റി മറിച്ച സംഭവം:
ഞാന്‍ 1992 ഇല്‍ പിഎച്ച്.ഡി ചെയ്തുകൊണ്ടിരുന്നപ്പോള്‍ ലോകാരോഗ്യ സംഘടനയിലെ ഒരു ആന്ത്രപ്പോളജിസ്റ്റ് (നരവംശശാസ്ത്രജ്ഞന്‍) വിളിച്ചിട്ട് എച്ച് ഐ വി/ എയിഡ്സുമായ് ബന്ധപ്പെട്ട് കുറച്ചു ജോലി ചെയ്യാമോ എന്ന് ചോദിച്ചു. എന്‍റെ പിഎച്ച്. ഡിയുടെ വിഷയവും hidden ആയിരിക്കുന്ന സ്വവര്‍ഗാനുരാഗികളായ ആണുങ്ങളുടെ വലയത്തെ കുറിച്ചായിരുന്നു. അവരെ കാണുകയും സംസാരിക്കുകയും ചെയ്തപ്പോള്‍ ഞാന്‍ മാത്രമല്ല ഇങ്ങനെ എന്ന് എനിക്ക് മനസ്സിലായ്. അതുവരെ ഞാന്‍ വേറെ സ്വവര്‍ഗ സ്നേഹികളുമായ് അടുത്ത് അറിഞ്ഞിരുന്നില്ല.അവരുടെ കൂടെയുള്ള പ്രവര്‍ത്തനം എന്‍റെ ജീവിതത്തെ മാറ്റിമറിച്ചു. എന്‍റെ ലൈംഗികതയുമായ് പോരുത്തപ്പെടാനുള്ള കരുത്ത് അതിലൂടെ ഞാന്‍ നേടി. ലൈംഗിക തൊഴിലാളികളും സ്വവര്‍ഗാനുരാഗികളും എപ്പോഴും ജീവിതവുമായ് തന്നെ മല്ലിടുന്നതും, ജീവിതത്തില്‍ എല്ലാ ആശകളും നശിച്ചിട്ടും ചെറു പുഞ്ചിരിയോടെ നില്‍ക്കുന്നതും ഞാന്‍ കണ്ടു. അവരുടെ ജീവിതം കാണുമ്പോള്‍ എനിക്ക് സ്വയം സഹതാപിക്കാനുള്ള അവകാശം ഇല്ലെന്നും മനസ്സിലായി. അതിനുശേഷം സ്വയം സഹതപിച്ച് ജീവിക്കുന്നതില്‍ നിന്നും ഞാന്‍ പിന്‍മാറി.
വീട്ടിലെ സപ്പോര്‍ട്ട്:
എന്‍റെ ലൈംഗികതയെ കുറിച്ച് അച്ഛന്‍ മനസ്സിലാക്കിയത് കേരളത്തിലെ ഒരു ബന്ധു അദ്ദേഹത്തെ ബ്ലാക്മെയ്ല്‍ ചെയ്തപ്പോഴാണ്. അച്ഛന്‍ കരയാന്‍ തുടങ്ങിയപ്പോള്‍ 'ഇതു താങ്കളെ സ്തബ്ധനാക്കുകയും, എന്നെ മനസ്സിലാക്കാതിരിക്കുകയും ചെയ്‌താല്‍ ഞാന്‍ ഇനി വീട്ടിലെക്ക് ഒരിക്കലും മടങ്ങി വരില്ല. ഇങ്ങനെ ആണെങ്കിലും ഞാന്‍ താങ്കളുടെ മകനല്ലാതാവുമോ? ' എന്ന് പറയുകയും ചെയ്തു
അമേരിക്കയിലുള്ള എന്‍റെ സഹോദരി ആണ് എന്‍റെ ഏറ്റവും വലിയ സപ്പോര്‍ട്ട്. ഞാന്‍ അവരെ വിളിക്കുകയും എല്ലാം തുറന്നു പറയുകയും ചെയ്തു. പിന്നീട് ഈ വിഷയം വീട്ടില്‍ ചര്‍ച്ചക്ക് വന്നിട്ടേയില്ല. എന്‍റെ 43 വയസ്സുള്ള സഹോദരി ഇതുവരെയും വിവാഹം കഴിക്കാത്തത് കൊണ്ട് എനിക്ക് കുറ്റ ബോധം തോന്നാറുണ്ട്. ഞാന്‍ സ്വവര്‍ഗാനുരാഗിയാണെന്നുള്ളത് പരസ്യമായത് കൊണ്ട്, പല വീട്ടുകാരും അവരേയും സ്വീകരിക്കുന്നില്ല. പക്ഷെ അവരെപ്പോലെയുള്ള സഹോദരിയുള്ളത് കൊണ്ട്, ഞാനേറ്റവും ഭാഗ്യവാനായ് കരുതുന്നു. അവര്‍ ഒരിക്കല്‍ എന്നോടു പറഞ്ഞു ' എന്‍റെ സഹോദരനെ സ്വീകരിക്കാത്ത ഒരു ഭര്‍ത്താവിനെ എനിക്ക് ആവശ്യമില്ല' . ആ നിമിഷം, ഞാനേറ്റവും അനുഗ്രഹീതനായ് തോന്നി.
സഹോദരന്‍റെ തുടക്കം :
ഗവേഷണം 1992 ഇല്‍ തുടങ്ങിയെങ്കിലും ലോകാരോഗ്യ സംഘടനയിലെ പ്രവര്‍ത്തകരുമായ് അഭിപ്രായ വ്യത്യാസം ഉണ്ടായതിനെ തുടര്‍ന്ന് ഇടക്ക് വച്ച് നിര്‍ത്തി. അപ്പോഴേക്കും ഞാന്‍ വളരെ നിരാശനായിരുന്നു (disillusioned).
1992 ഇല്‍ ഞാന്‍ സ്വവര്‍ഗാനുരാഗികളുടെ ഇടയില്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ അതുവരെ ആരും ചെയ്തിരുന്നില്ല. 1993 ഇല്‍ ബെര്‍ലിന്‍ ഇന്റര്‍നാഷണല്‍ എയിഡ്സ് കോണ്ഫെറന്സില്‍ എന്‍റെ പേപ്പര്‍ പ്രസന്റ്റ് ചെയ്തപ്പോള്‍ പലര്‍ക്കും അത് ആദ്യത്തെ അറിവായിരുന്നു.
എച്ച് ഐ.വി/ എയിഡ്സ് പ്രതിരോധം ഫലപ്രദമായ് നടത്തണമെങ്കില്‍ സ്വവര്‍ഗാനുരാഗികളുടെ ഇടയില്‍ പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണെന്ന് ഇപ്പോഴാണ് പലര്‍ക്കും മനസ്സിലായ് തുടങ്ങിയത്. ലോകാരോഗ്യ സംഘടനയുടെ അടുത്ത സമയത്തെ റിപ്പോര്‍ട്ടില്‍ മയക്കുമരുന്ന് കുത്തിവയ്ക്കുന്നവരും സ്വവര്‍ഗാനുരാഗികളും ആണ് എച്ച്.ഐ. വി പകരാന്‍ ഏറ്റവും സാധ്യതയുള്ള ഗ്രൂപ്പുകള്‍ എന്ന് കാണുന്നു.
1994-98 ഇല്‍ ഞാന്‍ ഫാഷനോടുള്ള എന്‍റെ താത്പര്യം മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. പക്ഷെ ബ്രിട്ടനിലെ നാസ് ഫൌണ്ടേഷനില്‍ ജോലി ചെയ്യുന്ന ഒരു സുഹൃത്ത് പ്രവൃത്തി പരിചയം ഉണ്ടായിട്ടും എച്ച്.ഐ.വിയുമായ് ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാതെ എന്തിന് ഫാഷനില്‍ പ്രവര്‍ത്തിച്ച് സമയം കളയുന്നു എന്ന് ചോദിക്കുകയും സ്വവര്‍ഗാനുരാഗികളുടെ ഇടയില്‍ എന്‍റെ ഇഷ്ട പ്രകാരം ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. അങ്ങിനെ ആണ് 'സഹോദരന്‍' തുടങ്ങിയത്.
ഞങ്ങള്‍ എല്ലാവരും ഒറ്റപ്പെട്ടു ജീവിക്കുന്നവര്‍ ആയതിനാല്‍ ആണ് സഹോദരന്‍ എന്ന പേരു സ്ഥാപനത്തിന് ഇട്ടത്. 'സഹോദരന്‍' സ്വവര്‍ഗാനുരാഗികളുടെ ഒരു സുഹൃത്ത് മാത്രമല്ല, അവരുടെ ആവശ്യങ്ങള്‍ക്കായ് സമീപിക്കാവുന്ന സ്ഥാപനം കൂടി ആണ്. അവരുടെ സുരക്ഷ ഉറപ്പു വരുതിയിട്ടുള്ള ഒരു സ്ഥാപനം കുടിയാണ് സഹോദരന്‍. അവിടെ അവര്‍ സുരക്ഷിതരാണ്. അതൊരു ലൈംഗിക ആരോഗ്യ കേന്ദ്രവും ആണ്. കൂടാതെ മാനസികാരോഗ്യവും, മറ്റ് ആരോഗ്യ പ്രശ്നങ്ങളും അവിടെ കൈകാര്യം ചെയ്യുന്നു.
ബോംബെയിലെ 'ഹംസഫര്‍' എന്ന സ്ഥാപനവും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നെങ്കിലും അത് കൂടുതലും വരേണ്യ വര്‍ഗത്തിലുള്ള സ്വവര്ഗാനുരാഗികള്‍ക്ക് വേണ്ടി ആയിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. സഹോദരനില്‍ ഞങ്ങള്‍ കൂടുതലും പാവപ്പെട്ട, പാര്‍ശ്വവത്കരിക്കപ്പെട്ട, 'കോത്തികള്‍' എന്നറിയപ്പെടുന്ന, സ്ത്രീ പ്രകൃതമുള്ള പുരുഷന്മാരുടെ കുറെ ആണ്. അതില്‍ മിക്കവരും ലൈംഗിക തൊഴിലാളികളും ആണ്. എച്ച് ഐ വി പകരാന്‍ ഏറ്റവും കുടുതല്‍ സാധ്യത ഇവരില്‍ ആണ്.
ഭാരതത്തിലെ ഒരു സ്വവര്‍ഗാനുരാഗിയുടെ ജീവിതം:
ഭാരതത്തില്‍ സ്വവര്‍ഗാനുരാഗിയായ് ജീവിക്കുക എന്നത് ഏറ്റവും ദുഷ്കരം പിടിച്ച ഒന്നാണ്. ഭാരതത്തിനു പുറത്തു പോയ് ജീവിക്കണം എന്ന് മോഹം ഉണ്ടായിരുന്നു. അത് സാധിച്ചില്ല. ഒരു പക്ഷെ ദൈവത്തിനു വേറെ പ്ലാനുകള്‍ ഉണ്ടായിരുന്നിരിക്കണം. സഹോദരന്‍ തുടങ്ങിയതിനു ശേഷം ഇവിടുന്നു മാറി നില്ക്കാന്‍ സാധിക്കുമായിരുന്നില്ല. പലര്‍ക്കും എന്‍റെ സാന്നിധ്യം ആവശ്യമായിരുന്നു. ഞാനും പുറത്തുപോയാല്‍ ആരാണ് ഇവിടെ എന്‍റെ രാജ്യത്ത് മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ പ്രയത്നിക്കുക എന്നും തോന്നിയിരുന്നു.
റോസിനു ഭാഗ്യം ഉണ്ട്. കാരണം റോസ് ഇപ്പോഴാണ് ആക്റ്റിവിസം തുടങ്ങുന്നത്, ഞാന്‍ 1990 കളിലും. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്പ് എനിക്കും ഇതിനെ കുറിച്ച് ഇങ്ങനെ നിങ്ങളോട് ചര്‍ച്ച ചെയ്യാന്‍ സാധിക്കുമായിരുന്നില്ല. ലൈംഗികതയെ കുറിച്ചും ഞങ്ങളുടെ പ്രശ്നങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്യാന്‍ മാധ്യമങ്ങളെ ഞാന്‍ ഉപയോഗിച്ചിട്ടുണ്ട്. ഞങ്ങളും സാധാരണ മനുഷ്യര്‍ തന്നെ ആണെന്ന് സമൂഹത്തെ വ്യക്തമായ് മനസ്സിലാക്കിക്കാന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കും. എന്‍റെ ലൈംഗിക താത്പര്യങ്ങള്‍ വ്യത്യസ്ഥമാണെന്നത് കൊണ്ട് ഞാന്‍ ഒരു ചീത്ത മനുഷ്യന്‍ ആകുന്നില്ല. ഇപ്പോള്‍ സമൂഹം കുറച്ചുകൂടി സഹിഷ്ണുത കാണിക്കാറുണ്ട്. പതുക്കെ സ്വീകാര്യതയും (acceptance) ഉണ്ടാവും. കുറച്ചു സമയം എടുക്കും എന്ന് മാത്രം. പക്ഷെ പീഢനങ്ങള്‍ (harrassment) നിര്‍ത്തേണ്ടത് അത്യാവശ്യം ആണ്. ചെറുപ്പം മുതല്‍ സ്ത്രീ പ്രകൃതം ഉള്ളതിനാല്‍ കളിയാക്കലുകള്‍ സഹിക്കേണ്ടി വന്നു. അത് വളരെ വേദനാജനകമാണ്. അന്ന് എന്തിനാണ് എന്നെ പല പേരുകള്‍ വിളിക്കുന്നതെന്ന് മനസ്സിലായിരുന്നില്ല.
മറ്റ് വ്യത്യസ്തമായ കഴിവുകള്‍ (differently- abled) ഉള്ള കുട്ടികളെ പരിപാലിക്കുന്നത് പോലെ ചെറുപ്പത്തിലെ തന്നെ ഞങ്ങളേയും പരിപാലിക്കേണ്ടതാണ്. എനിക്ക് തോന്നുന്നത് അമ്മമാരാണ് ഇങ്ങനെയുള്ള കുട്ടികളെ സ്വീകരിക്കാന്‍ മടി കാണിക്കാത്തത് എന്നാണ്. തങ്ങളുടെ പുരുഷത്വത്തിനും ഈഗോയ്ക്കും ക്ഷതമേല്‍പ്പിക്കുന്നുവെന്ന തോന്നല്‍ ഉള്ളത് കൊണ്ട് അച്ഛന്‍മാര്‍ക്ക് ഇവരെ സ്വീകരിക്കാന്‍ ബുദ്ധിമുട്ട് വരുന്നു.
ഭാഗ്യം കൊണ്ട് ഞാന്‍ ഒരു ഫാഷന്‍ ഡിസൈനര്‍ എന്ന നിലയിലും choreographer എന്ന നിലയിലും പേരെടുത്തു. അതിനാല്‍ ഞാന്‍ ഫാഷന്‍ choreographer ആയ സുനില്‍ മേനോന്‍ എന്ന പേരില്‍ ആണ് അറിയപ്പെടുന്നത്. എന്നെ അറിയാത്തവര്‍ക്ക് ഇപ്പോഴും ഞാന്‍ ഒരു സ്വവര്‍ഗാനുരാഗി മാത്രവും. ഞാന്‍ ഫാഷന്‍ ഉപയോഗിച്ച് എച്ച് ഐ വി ആക്ടിവിസത്തിനു വേണ്ടിയും പ്രവര്‍ത്തിക്കുന്നു.
ഒരു ജന്തുശാസ്ത്രജ്ഞനില്‍ നിന്നും നരവംശ ശാസ്ത്രജ്ഞ്നിലേക്കും, പിന്നീട് ഫാഷന്‍ ഡിസൈനര്‍, എച്ച് ഐ വി/ എയിഡ്സ് activist എന്നിവയിലെക്കുമുള്ള മാറ്റം വളരെ സ്വാഭാവികമായിരുന്നു.എഴു വയസ്സില്‍ ആരും എന്നോടു പുരുഷന്‍മാരെ നോക്കാന്‍ പറഞ്ഞിരുന്നില്ല. ഞാന്‍ ജനിച്ചപ്പോള്‍ തന്നെ അങ്ങിനെ ആയിരുന്നിരിക്കണം. എങ്ങിനെ ആണ് ചില മനുഷ്യര്‍ സ്വവര്ഗാനുരാഗികള്‍ ആകുന്നതെന്ന് ഞാന്‍ വളരെ അധികം വായിച്ചിട്ടുണ്ട്. ജനിതകമായുള്ളതോ, ജീവിതപരിസ്ഥിതി കൊണ്ടോ ഒക്കെ ഇങ്ങനെ ആവാം. എനിക്ക് ഇപ്പോള്‍ കാരണങ്ങള്‍ അറിയേണ്ട. ഞങ്ങള്‍ ഇങ്ങനെ ജീവിക്കാന്‍ താത്പര്യം ഉള്ളവര്‍ അല്ലെന്നും, ഞങ്ങള്‍ ഇങ്ങനെ ജനിച്ചവര്‍ ആണെന്നും സമൂഹത്തെയും നിയമത്തെയും മനസ്സിലാക്കിക്കാന്‍ സാധിച്ചാല്‍ തന്നെ ഞങ്ങളുടെ ജീവിതം വളരെ മെച്ചപ്പെടും. ഞങ്ങള്‍ക്ക് മറ്റു മാര്‍ഗങ്ങള്‍ ഒന്നും ഇല്ല. ദൈവത്തിന്റെ മൂശയില്‍ നിന്നും വന്നവര്‍. തമാശയായ് ചിന്തിക്കുമ്പോള്‍ ജനപ്പെരുപ്പം നിയന്ത്രിക്കാനായ് ദൈവത്തിന്റെ ഒരു മാര്‍ഗം ആയിരിക്കും ഇതെന്ന് തോന്നുന്നു.
കടപ്പാട്:
ഫാഷന്‍ ഡിസൈനര്‍, എച്ച് ഐ വി/ എയിഡ്സ് activist എന്നീ നിലകളില്‍ അറിയപ്പെടുന്ന സുനില്‍ മേനോന്‍, ഒരു സ്വവര്‍ഗാനുരാഗിയും ആണ്. സുനിലിനെ ഞാന്‍ പരിചയപ്പെടുന്നത് രണ്ടായിരാം ആണ്ടില്‍ ആലുവയില്‍ വച്ച് കേരളത്തിലെ എച്ച് ഐ വി പ്രതിരോധപ്രവര്‍ത്തകരെ സ്വവര്‍ഗാനുരാഗികളുടെ പ്രശ്നങ്ങളെക്കുറിച്ച് മനസ്സിലാക്കിക്കുവാനും അവരുടെ ഇടയില്‍ ഫലവത്തായ എച്ച് ഐ വി പ്രതിരോധ പ്രവര്ത്തനങ്ങള് നടത്തുവാനുമുള്ള ഒരു പരിശീലന പരിപാടിയില്‍ വച്ചാണ്. വളരെയധികം കഴിവുകളുള്ള സുനില്‍ അന്ന് പരിശീലകനായാണ് എത്തിയത്. 'സഹോദരന്‍' എന്ന സര്‍ക്കാരിതര സ്ഥാപനവും നടത്തുന്നു.
ReplyDeleteറീഡിഫില്‍ ഇന്നു വരെ ഏകദേശം 140 ഇല്‍ അധികം കമന്റ് ഈ ഇന്റ്റര്‍വ്യൂവിന് വന്നു കഴിഞ്ഞു. പലതും വളരെ നികൃഷ്ടമായ കളിയാക്കലുകള്‍. ചിലതൊക്കെ വളരെ സഹിഷ്ണുതയോടെ ഉള്ളതും.
ഇവിടെ പരാമര്‍ശിച്ചിരിക്കുന്ന സുനില്‍ മേനോന്‍ പനമ്പിള്ളി ഗോവിന്ദ മേനോന്റെ ആരെങ്കിലുമാണൊ, ഇരിങ്ങാലക്കുടക്കാരനാണൊ, എങ്കില്‍ അദ്ദേഹത്തിന്റെ കുറച്ചു കാര്യങ്ങള്‍ നേരിട്ടു കണ്ടിട്ടുണ്ട്.
ReplyDeleteഅറിയില്ല കുഞ്ഞന്‍. ഈ ലേഖനത്തിന്റെ ഉദ്ദേശം പ്രധാനമായും മലയാളികളിലും സ്വവര്ഗാനുരാഗികള്‍ ഉണ്ട് എന്നും, സമൂഹത്തില്‍ അവരുടെ ചില കഷ്ടപ്പാടുകള്‍ ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ കാണിക്കുക എന്നതും ആണ്. അത് ഈ ഇന്റ്റര്‍വ്യൂവിന്ടെ പല ഭാഗത്തും കൃത്യമായ് വരുന്നതു കൊണ്ടാണ് ഇതു വിവര്ത്തനം ചെയ്യാന്‍ മിനക്കെട്ടത്.
ReplyDeleteസുനിലിനെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ബോസ്റ്റണിലെ ഒരു പാര്‍ട്ടിയില്‍ വച്ച് പരിചയപ്പെട്ടിരുന്നു.
ReplyDelete‘സഹോദരന്റെ’ ചുക്കാന്‍ പിടിച്ചു കൊണ്ടു ധീരനായി ബോധവല്‍ക്കരണം നടത്തുന്ന ഈ സഹോദരന് എന്റെ അഭിവാദ്യങ്ങള്‍.
ശ്രീവല്ലഭന്‍, റീഡിഫ് ഇന്റര്‍വ്യൂ ഞാന്‍ വായിച്ചിട്ടുണ്ടായിരുന്നു. പരിഭാഷപ്പെടുത്തിയതില്‍ വളരെ നന്ദി.
ഇത്തരം ധീരമായ ഇടപെടലുകള്ക്ക്, സുനില്‍ അഭിനന്ദനമര്‍ഹിക്കുന്നു. ഭൂരിപക്ഷതിന്റെ ശരി, ചോദ്യം ചെയ്യപ്പെടരുത് എന്ന വാദത്തിന്റെ നേരെ വിരല്‍ ചൂണ്ടുക എന്നത് വിപ്ലവാത്മകമായി മാത്രമേ കാണാന്‍ കഴിയൂ..(വല്ലഭാ.. സുന്ദരമായ ട്രാന്‍സലേഷന്‍ നന്ദി)
ReplyDeleteചാന്ദുപൊട്ടെന്ന സിനിമയില്‍ ദിലീപ് ചെയ്ത വേഷം ഇങ്ങനെ ഒരു കഥാപാത്രത്തിന്റെ ആയിരുന്നു എന്നോര്‍ക്കുന്നു. അതിന്റെ അവസാനം നമ്മുടെ സ്ഥിരം മലയാളം പടം രീതിയില്‍ സമൂഹത്തിലെ ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തിനനുസരിച്ച് ആ ഗേ കഥാപാത്രം പെട്ടെന്ന് സ്ട്രയിട്ട് ആകുന്നതായ് കാണിച്ചു എന്ന അബദ്ധമേ ഉള്ളൂ.
ReplyDeleteനന്നയിട്ടുണ്ട്..പതിവു രീതികള്‍ വിട്ടുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ കാണിക്കുന്ന ആത്മാര്‍ത ത അഭിനന്ദനീയം തന്നെ...
ReplyDeleteവളരെ അപ്രതീക്ഷിതമായിട്ടാണ്
ReplyDeleteഈ പോസ്റ്റില്‍ എത്തിയത് ,
ഇത്തരം ഒരു പൊസ്റ്റ് ഇട്ടത്
അഭിനന്ദനീയം തന്നെ,
ഞാന്‍ മുംബേയില്‍ വച്ചാണ് ആദ്യമായി
ഈ വിവരങ്ങള്‍ മനസ്സിലാക്കിയത്
ഇന്ന് ഇവിടെ ക്യാന്‍ഡായില്‍ ഏത് സെക്‍സ് ആണെന്ന് ചോദിക്കുന്നതു പോലും
സെക്‍ഷ്വല്‍ ഹറാസ്സ്മെന്റ് ആണ്.