Tuesday, 18 March 2008

തങ്കമണി- ഒരോര്‍മ്മ

താഴേക്കിടയില്‍ പ്രവര്‍ത്തിച്ചെങ്കിലും, വൈറ്റ് കോളര്‍ ജോലിയിലേക്ക് മാറിക്കഴിയുമ്പോള്‍ കുറച്ചു പ്രാവശ്യം കണ്ടവരെ കുറിച്ച് വലിച്ചു നീട്ടി എഴുതുന്നത് അല്പത്തരം ആണെന്നറിയാം. എങ്കിലും ചില മുഖങ്ങളും, ചിലരുടെ ജീവിത യാഥാര്‍ത്ഥ്യങ്ങളും, നിശ്ചയ ദാര്‍ഢ്യവും എടുത്തെഴുതുന്നതില്‍ തെറ്റില്ലെന്നു തോന്നുന്നു.
**************

തിരുവനന്തപുരത്തെ ജവഹര്‍നഗറിലുള്ള ഓഫീസിലേക്ക് 1999ല്‍ ഒരു ദിവസം ഉച്ചയ്ക്ക് ഊണ് കഴിഞ്ഞു ചെന്നപ്പോള്‍ പുറത്തു നിന്നു തന്നെ ചെറിയ ബഹളം കേള്‍ക്കാം. അങ്ങനെ സാധാരണ സംഭവിക്കാറില്ലാത്തത് കൊണ്ട് സ്കൂട്ടര്‍ ഒരു സൈഡിലേക്ക് മാറ്റി വച്ചു കൊണ്ട്, ശബ്ദം ശ്രദ്ധിച്ചു. പരിചയമുള്ള ശബ്ദം തന്നെ, പക്ഷെ സാധാരണ ഓഫീസില്‍ കേള്‍ക്കുന്നതല്ല. ഗ്ലാസ് പിടിപ്പിച്ച വാതിലിനുള്ളിലേക്ക് നോക്കിയപ്പോള്‍ ആളെ മനസ്സിലായി.

തങ്കമണി ആകെ ചൂടിലാണ്. റിസപ്ഷനിസ്റ്റിനോട് വര്‍ത്തമാനം പറയുകയാണ്‌. കണ്ടാല്‍ വഴക്കിടുകയാണെന്നേ തോന്നൂ. ഉയര്‍ന്ന ശബ്ദത്തിലാണ് മിക്കവാറും തങ്കമണി സംസാരിക്കുക. തിരുവനന്തപുരം നഗരത്തിലെ ഒരു ലൈംഗികതൊഴിലാളി ആയിരുന്നു നാല്‍പ്പതിലധികം പ്രായമുണ്ടായിരുന്ന തങ്കമണി.

ഓഫീസില്‍ അധികം പേരും യാത്രയില്‍ ആണ്. അവിടെയുള്ളവര്‍ക്ക് എന്ത് ചെയ്യണം എന്ന് അറിയാതെ വിഷമിക്കുകയാണെന്ന് എല്ലാരുടെയും മുഖം പറയുന്നു. ആരും പ്രതീക്ഷിച്ചതല്ല തങ്കമണിയുടെ വരവ്.

"എന്തൊക്കെയുണ്ട് തങ്കമണീ വിശേഷങ്ങള്‍?" ചിരിച്ചു കൊണ്ട് ഞാന്‍ ചോദിച്ചു.

" ഓ എന്തോ പറയാനാ സാറേ. സാറിനെ കണ്ടിട്ടു കുറെ നാളായല്ലോ. ഞങ്ങടെ ഓഫീസിലേക്കൊന്നും വരാറില്ലല്ലോ." തങ്കമണി ദേഷ്യം എല്ലാം മുഖത്ത് നിന്നു മാറ്റി.

"കുറച്ചു നാളായ്‌ പത്തനംതിട്ടയും കോട്ടയോം ഒക്കെയാ യാത്ര." ഞാന്‍ പറഞ്ഞു.

" സാററിഞ്ഞില്ലേ. എന്റെ ജോലിയൊക്കെ പോയി."

കേരള സ്റ്റേറ്റ് എയിഡ്സ് കണ്ട്രോള്‍ സൊസൈറ്റിയുടെ (ആരോഗ്യ വകുപ്പ്) സഹായത്തോടെ ലൈംഗിക തൊഴിലാളികളുടെ ഇടയില്‍ എച്ച് ഐ വി/ എയിഡ്സ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് തിരുവനന്തപുരത്തെ 'സോമ' എന്ന സന്നദ്ധ സംഘടനയില്‍ പിയര്‍ എഡ്യൂക്കേറ്റര്‍ ആയി 1997 മുതല്‍ ജോലി ചെയ്യുകയായിരുന്നു തങ്കമണി.

ലൈംഗിക തൊഴിലാളികളെ കാണുകയും അവരുടെയിടയില്‍ എച്ച് ഐ വിയെ കുറിച്ചും മറ്റ് ലൈംഗികരോഗങ്ങളെ കുറിച്ചും ബോധവല്‍ക്കരണം നടത്തുക, ഉറ (condom) ഉപയോഗിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് പറഞ്ഞു മനസ്സിലാക്കുകയും ഉറ വിതരണം ചെയ്യുകയും ചെയ്യുക, ലൈംഗിക രോഗ പരിശോധനയ്ക്കും ചികിത്സക്കും പ്രേരിപ്പിക്കുക, അവരുടെ പ്രശ്നങ്ങളെ കുറിച്ച് മനസ്സിലാക്കി പ്രോജക്ടിന്റ്റെ ഓഫീസില്‍ അറിയ്ക്കുകയും പരമാവധി അവരെ പീഢനങ്ങളില്‍ നിന്നും രക്ഷിക്കാന്‍ സഹായിക്കുക, പുതുതായ് നഗരത്തില്‍ ലൈംഗിക തൊഴിലിനായ് വരുന്ന സ്ത്രീകളെ പ്രോജക്ടിന്റെ ഓഫീസില്‍ കൊണ്ട് ചെന്ന് പ്രത്യേക ആരോഗ്യ ക്ലാസ്സുകള്‍ നടത്തുക, എന്നിങ്ങനെ പോകുന്നു ഒരു പിയര്‍ എഡ്യൂക്കേറ്ററിന്റ്റെ പ്രധാന ജോലികള്‍. ആ പ്രോജെക്ടില്‍ തന്നെ പത്തോളം പിയര്‍ എഡ്യൂക്കേറ്റേഴ്സ് ഉണ്ടായിരുന്നെന്കിലും, പുതിയ കുറെ സ്ത്രീകളെ കൂടെ പിയര്‍ എഡ്യൂക്കേറ്റേഴ്സ് ആയി കൊണ്ടുവരുന്നതിന്റെ ഭാഗമായി പഴയ ആള്‍ക്കാരെ മാറ്റാന്‍ പ്രൊജക്റ്റ് തീരുമാനിക്കുകയായിരുന്നു. അങ്ങിനെ ചെയ്യുമ്പോള്‍ അവര്‍ക്കേറ്റെടുക്കേണ്ട ഉത്തരവാദിത്തവും അതിലൂടെ അവരിലുണ്ടാകുന്ന ശാക്തീകരണവും എല്ലാം ഈ തീരുമാനത്തിന്‍റ്റെ പിന്നില്‍ ഉണ്ടായിരുന്നു. മാസത്തില്‍ എണ്ണൂറോ ആയിരമോ രൂപ അതിന്‍റെ പ്രതിഫലമായി അവര്‍ക്ക് ലഭിച്ചിരുന്നു.

"ഞാനറിഞ്ഞില്ലല്ലോ." അറിഞ്ഞിരുന്നെങ്കിലും തങ്കമണിയുടെ അഭിപ്രായം മനസ്സിലാക്കാന്‍ ഞാന്‍ പറഞ്ഞു.

" ഞാന്‍ ജോസന്‍ സാറിനെ കണ്ടിട്ടേ ഇവിടുന്നു പോകൂ" തിരുവനന്തപുരം ജില്ലയുടെ ചുമതലയുള്ള സഹപ്രവര്‍ത്തകന്‍ വരാതെ അവിടുന്നു പോകില്ല എന്നുറച്ച മട്ടാണ് തങ്കമണി.

ജോസന്‍ എവിടെയോ യാത്രയില്‍ ആയതു കൊണ്ട് തങ്കമണി അവിടെ നിന്നാല്‍ യാതൊരു കാര്യവുമില്ല എന്ന് മനസ്സിലായി. ഓഫീസില്‍ അധികം പേരും യാത്രയിലാണ്. എങ്ങിനെ എങ്കിലും തങ്കമണിയെ തത്കാലം സമാധാനിപ്പിച്ചു നിര്‍ത്തുന്നത് നല്ലതാണെന്ന് തോന്നി.

" പിന്നെ എങ്ങനുണ്ട് തങ്കമണീ കച്ചവടം ഒക്കെ?" ലൈംഗിക തൊഴില്‍ നിര്‍ത്തി തിരുവനന്തപുരം സിറ്റിയില്‍ കരിക്ക് കച്ചവടം നടത്താന്‍ തങ്കമണിയും മറ്റൊരു സ്ത്രീയും തീരുമാനിച്ചിരുന്ന വിവരം അറിയാവുന്നത് കൊണ്ട് ചോദിച്ചു.

"എന്തോ പറയാനാ സാറേ. അവന്‍മാര് സമ്മതിക്കുകേല. ഞാനതങ്ങു നിര്‍ത്തി"

"ആരുടെ കാര്യമാ?"

" പൊലീസുകാര്. കഴിഞ്ഞയാഴ്ച ഞങ്ങടെ കരിക്ക് മൊത്തം ജീപ്പിലിട്ടോണ്ട് ഒരേമാനങ്ങു പോയി. സാറേ എടുത്തോണ്ട് പോകല്ലേന്ന് മാന്യമായിട്ടു പറഞ്ഞു നോക്കി. ഞാനും വിട്ടു കൊടുത്തില്ല"

"എന്ത് ചെയ്തു? "

" ഞാന്‍ ഓട്ടോ പിടിച്ചു നേരെ സറ്റേഷനില്‍ ചെന്നു. എസ് ഐ സാറിനോട് എല്ലാം തുറന്നു പറഞ്ഞു. ഞാന്‍ പ്രോജെക്ടില്‍ ജോലി ചെയ്യുവാണെന്നും എല്ലാം നിര്‍ത്തി കരിക്ക് കച്ചവടം തുടങ്ങിയതാന്നും പറഞ്ഞു."

"എന്നിട്ട് ?"

"സാറിനെല്ലാം മനസ്സിലായി. ഉടനെ കരിക്ക് കൊടുത്തേക്കാന്‍ പറഞ്ഞു. ഇനീം തെരക്കില്ലാത്ത സ്ഥലത്ത് റോഡിന്റ്റെ സൈഡിലേക്ക് മാറി നിന്നു കച്ചവടം ചെയ്തോളാന്‍ പറഞ്ഞു"

"അപ്പം പ്രശ്നമില്ലല്ലോ"

" എന്ത് പ്രശ്നമില്ലല്ലോന്ന്? സാറേ, തിരക്കുള്ളിടത്തു നിന്നാലെ ഞങ്ങടെ കയ്യീന്ന് ആരെങ്കിലും കരിക്ക് മേടിക്കൂ. അല്ലാതെ വണ്ടി നിര്‍ത്താത്തിടത്ത് നിന്നാ ആരാ ഇതൊക്കെ മേടിക്കുക?. എല്ലാ അവന്‍മാരും അവിടെ നിന്നു പഴോം പച്ചക്കറീം ഒക്കെ കച്ചവടം ചെയ്യുന്നുണ്ടല്ലോ. അതിനൊന്നും ഇവന്‍മാര്‍ക്ക് ഒരു കുഴപ്പോമില്ല" അല്‍പം ചൂടിലാണ് തങ്കമണി.

" അത് ശരിയാ. അപ്പം പിന്നെ എന്തോ ചെയ്തു?"

" ഞങ്ങള് അവിടെ തന്നെ നിന്നു കച്ചവടം ചെയ്തു. പിന്നേം മറ്റേ ഏമാന്‍ വന്ന് എല്ലാം കൂടി മു‌ന്നാല് ദിവസം മുന്നേ വാരി കെട്ടി കൊണ്ടു പോയി. അവനോടു മര്യാദക്ക് പറഞ്ഞു നോക്കി. ഒരു രക്ഷേമില്ല. ഇന്നലെ ഞാനവനെ പിടികു‌ടി നല്ല നാലെണ്ണം അങ്ങ് പറഞ്ഞു കൊടുത്തു."

" അയ്യയ്യോ. അപ്പം ഇനി കരിക്ക് വില്‍ക്കാന്‍ പറ്റുമോ"

" അത് പോട്ടെ സാറേ. അവന്‍ പാന്‍റ്റും ഷര്‍ട്ടും ഇട്ട് ഉടുത്തൊരുങ്ങി ബസ്സ് കേറാന്‍ വന്ന പരുവത്തിന് ഞാന്‍ അവനോടു ചോദിച്ചു എടാ ---- മോനേ നീ ഇനി ഞങ്ങടെ കരിക്കെടുത്തോണ്ട് പോകുമോടാ? പിന്നെ അറിയാവുന്ന എല്ലാ തെറിം വിളിച്ചു. അവിടെ കൂടി നിന്ന പെണ്ണുങ്ങളും ആണുങ്ങളും എല്ലാം നോക്കി. അവന്‍റെ മുഖം ഒന്നു കാണണമാരുന്നു. എന്നാലും ഇനീം അവന്‍ ഒരു പെണ്ണിന്‍റ്റേം അടുത്ത് ഇതുപോലൊരു പണി ചെയ്യില്ല."

"അത് കലക്കി." വെറുതെ ലൈസെന്‍സ്‌ പോക്കറ്റില്‍ ഇല്ലാത്തപ്പോള്‍ ഒരു പൊലീസുകാരനെ കണ്ടാല്‍ അനാവശ്യമായ് മുട്ടു കൂട്ടി മുട്ടുന്ന എനിക്ക് അവരുടെ ധൈര്യത്തെ അഭിനന്ദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

പിന്നേം കുറെ എന്തൊക്കെയോ വര്‍ത്തമാനം പറഞ്ഞു. പിന്നെ ഒന്‍പതാം ക്ലാസ്സില്‍ പഠിയ്ക്കുന്ന മോളുടെ കാര്യവും. ആലപ്പുഴയില്‍ എവിടെയോ ഹോസ്റ്റലില്‍ നിര്‍ത്തി പഠിപ്പിക്കുകയാണ്. പഠിയ്ക്കാന്‍ മിടുക്കിയാണ്.

"അവക്ക് വേണ്ടിയാ സാറേ ഞാനീ കഷ്ടപ്പെടുന്നതൊക്കെ" മോളെ കുറിച്ചു പറയുമ്പോള്‍ തങ്കമണിയുടെ മുഖം വീണ്ടും പ്രസന്നമായി.

***************

" ജോസന്‍ സാര്‍ എപ്പോഴാ വരുന്നേ?"

" മറ്റന്നാള്‍ പ്രോജെക്ടില്‍ വരും. അപ്പൊ തങ്കമണി എല്ലാം പറഞ്ഞാല്‍ മതി. ഞാനും പറഞ്ഞേക്കാം."

" അല്ലേല്‍ തങ്കമണീടെ വിധം മാറുമേ. അതും കൂടൊന്ന് സാറിനോട് പറഞ്ഞേക്ക്‌. മുഖ്യമന്ത്രിയെ കാണണേലും ഞാന്‍ പോയ് കാണും"

"ശരി ശരി. അതൊന്നും വേണ്ടി വരില്ലെന്നെ."

" നിങ്ങളൊക്കെ ഈ എസി മുറീല്‍ ഇരിക്കുന്നതേ ഞങ്ങടെ പൈസ കൊണ്ടാ. അപ്പം ഞങ്ങടെ ജോലീം കളഞ്ഞിട്ടു അങ്ങനാരേം വെറുതെ വിടില്ല."

പറയുന്ന സത്യം അംഗീകരിക്കാതെ നിവൃത്തിയില്ല. ഒരു വിധത്തില്‍ തങ്കമണിയെ പറഞ്ഞു വിട്ടു കഴിഞ്ഞാണ് അവിടെയിരുന്ന കുറച്ചു പേര്‍ക്കെങ്കിലും ശ്വാസം നേരെ വീണത്. എച്ച് ഐ വി പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട സന്നദ്ധ സംഘടനകളെ ഏകോപിപ്പിക്കാനുള്ള ഒരു മാനേജ്മെന്റ് ഏജന്‍സിയില്‍ ആയിരുന്നു ഞങ്ങള്‍ ജോലി ചെയ്തിരുന്നത്. ഓഫീസിലെ സാമൂഹ്യ പ്രവര്‍ത്തനവും ആയ്‌ ബന്ധപ്പെട്ട ആള്‍ക്കാര്‍ക്ക് മാത്രമെ പ്രോജക്ടുകള്‍ സന്ദര്‍ശിക്കുകയും ലൈംഗിക തൊഴിലാളികളുമായ് പരിചയപ്പെടുകയും അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുകയും ചെയ്യേണ്ടതുള്ളായിരുന്നു. ലൈംഗിക തൊഴിലാളികള്‍ ആരും തന്നെ ഞങ്ങളുടെ ഓഫീസില്‍ അന്ന് വരെ വന്നിരുന്നില്ല. അതിനാല്‍ പലര്‍ക്കും തങ്കമണി ഓഫീസില്‍ ദേഷ്യത്തില്‍ വന്നപ്പോള്‍ എന്ത് ചെയ്യണമെന്ന് ഒരു നിശ്ചയവും ഇല്ലായിരുന്നു.
***************

പിന്നീട് കുറെ വര്‍ഷങ്ങള്‍ കൂടി തങ്കമണി 'സോമ'യില്‍ ജോലി ചെയ്തു. തങ്കമണിയെ പിന്നീട് പലപ്പോഴും കണ്ടിരുന്നു.

രണ്ടായിരത്തി ഏഴില്‍ 'സോമ'സന്ദര്‍ശിച്ചപ്പോള്‍ തങ്കമണിയുടെ ആകസ്മിക മരണത്തെ കുറിച്ച് അറിഞ്ഞു. തീപ്പോള്ളലേറ്റ് മരിക്കുകയായിരുന്നു അത്രേ. വളരെ യാദൃശ്ചികമായ് വീട്ടില്‍ വച്ച് സാരിയില്‍ മണ്ണെണ്ണ വിളക്കില്‍ നിന്നും തീപടര്‍ന്നു. മകളെ ഒറ്റയ്ക്കാക്കി ആ അമ്മ യാത്രയായ്.

സന്നദ്ധ സംഘടനയില്‍ നിന്നും അവസാന നിമിഷം വരെയും അവരെ സഹായിച്ചിരുന്നതായ് മനസ്സിലാക്കി.

പല ലൈംഗിക തൊഴിലാളികളെ പോലെതന്നെ ധൈര്യശാലിയായ തങ്കമണിയുടെ ഓര്‍മ്മയ്ക്ക്‌ മുന്‍പില്‍ എന്‍റെ പ്രണാമം.

28 comments:

  1. പല ലൈംഗിക തൊഴിലാളികളെ പോലെതന്നെ ധൈര്യശാലിയായ തങ്കമണിയുടെ ഓര്‍മ്മയ്ക്ക്‌ മുന്‍പില്‍ എന്‍റെ പ്രണാമം.

    ReplyDelete
  2. ശ്രീ വല്ലഭേട്ടാ എന്നത്തേയും പോലെ നന്നായിരിക്കുന്നു ഈ പോസ്റ്റും.....

    ReplyDelete
  3. അതെ, തങ്കമണി ഒരു ധൈര്യശാലി തന്നെ. പിന്നെ ഏമാന്മാര്‍ എപ്പോഴും ഏമാന്മാര്‍ തന്നെയാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുന്നുവെന്ന് തങ്കമണിയിലൂടെ വെളിപ്പെടുന്നു.

    ReplyDelete
  4. വളരെ നല്ല പോസ്റ്റ്..

    ReplyDelete
  5. ജോലിയുടെ ഭാഗമാണെങ്കിലും,
    ഉള്ളിന്‍റെ ഉള്ളിലെ
    നന്‍മയുടെ നിറം ഞാന്‍ കാണുന്നു.
    ഒരു സ്ത്രീയും ഒരിക്കലും ഒരു ലൈംഗീഗ തൊഴിലാളിയാകാതിരിക്കട്ടെ.

    തങ്കമണിയ്ക്കു വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.

    ReplyDelete
  6. നല്ല പോസ്റ്റ്.... :)

    ReplyDelete
  7. നല്ല പോസ്റ്റ് ശ്രീ വല്ലഭാ.
    -സുല്‍

    ReplyDelete
  8. ശ്രീവല്ലഭന്‍, നല്ല വിവരണം, നന്നയിരിക്കുന്നു പോസ്റ്റ്..

    ReplyDelete
  9. മകള്‍ക്കു വേണ്ടി തെരുവോരത്തു കരിക്കു കച്ചവടത്തിനിരുന്ന അവരെ അവിടെ നിന്നോടിക്കാന്‍ കൂട്ടുനിന്ന വ്യവസ്ഥിതിയേയും,പോലീസിനേയും സത്യമായും പച്ചത്തെറിതന്നെ എഴുതണമെന്നണ്ട്.അവരവിടെ കച്ചവടം ചെയ്യുന്നത് ബസ്സിറങ്ങുന്ന മാന്യന്മാര്‍ക്കങ്ങു സുഖിച്ചിരിക്കില്ല.അധ്വാനത്തിന്റെ ഉപ്പു ചേര്‍ന്ന വറ്റിന്റെ രുചിയറിഞ്ഞ ഒരു പെണ്ണ് അഭിമാനം പണയം വച്ച് ആണിന്റെ അടിയില്‍ കിടക്കാന്‍ പോവുമോ? ഇരകളെ നഷ്ടപ്പെടുന്നത് മാന്യകേസരികള്‍ക്ക് സഹിക്കുമോ?.

    കഷ്ടം അവര്‍ ആത്മഹത്യ ചെയ്തതായിരിക്കണം.അഴുക്കിന്റെ ചതുപ്പിലേയ്ക്കു തിരിച്ചിറങ്ങാനാവാതെ.

    ReplyDelete
  10. കഥ പറയുന്ന ലാഘവത്തോടെയുള്ള നല്ല ഓര്‍മ്മകുറിപ്പ് ..കൂടുതല്‍ ആരും ഓര്‍ക്കാനും എഴുതാനും തുനിയാത്ത വിഷയം തിരഞ്ഞെടുത്തതിലും
    പച്ചയായ അനുഭവത്തെ ഒരു മുഖവുരയില്ലാതെ
    ഇവിടെ പങ്കുവെച്ചതിനും നന്ദി..

    തങ്കമണി ഈ വരികളില്‍ ജീവിക്കുന്നു...

    ReplyDelete
  11. നന്നായി, മാഷേ ഈ കുറിപ്പ്. തങ്കമണിയേപ്പോലെ ഉള്ള സ്ത്രീകളും ഉണ്ട് അല്ലേ? ആ ധൈര്യവും സമ്മതിയ്ക്കണം.

    ReplyDelete
  12. തങ്കമണി എന്ന് വായിച്ചപ്പോള്‍ ഞാന്‍ വിചാരിച്ചു ,മദ്യ ദുരന്തം ആയിരിക്കുമെന്ന് ...കൊള്ളാം മാഷേ,ഒരു കഥ പോലെ ജീവിതം അവതരിപ്പിച്ചത് ഗോല്ലാം...:)
    ഈ എമാന്മാരെ കൊണ്ട് മനിസന് ജീവിക്കണ്ടാന്നെ,ഈ ബ്ലോഗ്ഗിലും കാണുമല്ലോ കുറെ പോലീസ്

    ReplyDelete
  13. തങ്കമണിയെക്കുറിച്ചുള്ള ഈ കുറിപ്പ് നന്നായി

    ReplyDelete
  14. നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു:)

    ReplyDelete
  15. നല്ല പോസ്റ്റ് വല്ലഭന്‍‌ജീ

    ReplyDelete
  16. നല്ല പോസ്റ്റ്‌ വല്ലഭ്ജീ..

    ജനങ്ങളുമായി നേരിട്ടിടപെടാന്‍ അവസരം കിട്ടുന്ന ജോലികള്‍ ചെയ്യുന്നവരോട് എനിക്കു എന്നും അസൂയയാണ്.. ഈ കംപ്യൂട്ടര്‍ എനിക്കും ജിവിതാനുഭവങ്ങള്‍ക്കുമിടയില്‍ വലിയൊരു മതിലാണുയര്‍ത്തിയിരിക്കുന്നത്‌... :(

    ReplyDelete
  17. എന്നാലും എന്റെ തങ്കമണി സമ്മതിച്ചിരിക്കുന്നു

    ReplyDelete
  18. ഈ ലോകത്ത് എത്ര പുണ്യമായ ജോലിയാണു വല്ലഭ ഭഗവാന്‍ അങ്ങേക്കു നല്‍കിയത്.എനിക്കൊന്നു അഗ്രഹിച്ചത് കിട്ടിയില്ല മനുഷ്യനെ സേനഹിക്കാനും സേവിക്കാനും കഴിയുക തന്നെ പുണ്യമല്ലെ

    ReplyDelete
  19. നല്ല പോസ്ടാണ് മാഷേ

    ReplyDelete
  20. തോന്ന്യാസി , പൊറാടത്ത്, ഷാരു, സുല്‍, നാട്ടുപടങ്ങള്‍, പൈങ്ങോടന്‍, sv , പ്രിയ, സജി, ജിഹേഷ്, വേതാളം, : പോസ്റ്റ് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം. നന്ദി. :-)

    കുഞ്ഞന്‍: എഴു വര്‍ഷത്തെ ജോലിക്കിടയില്‍ വളരെ നല്ല എമാന്മാരെയും കണ്ടിട്ടുണ്ട്. ഇതില്‍ തന്നെ പറഞ്ഞിരിക്കുന്ന എസ്. ഐ യുടെ കാര്യം ശ്രദ്ധിക്കുക. നന്ദി, അഭിപ്രായം അറിയിച്ചതിന്.

    കാപ്പിലാന്‍: തങ്കമണി മദ്യ ദുരന്തം അല്ല കാപ്പിലാനെ, ഇടുക്കിയിലെ തങ്കമണി ഗ്രാമത്തില്‍ 1986 ഇല്‍ ആദിവാസി സ്ത്രീകളെ പോലീസ് കൂട്ട ബലാല്‍സംഗം ചെയ്തതിനെ ആണ് തങ്കമണി സംഭവം എന്ന് അറിയപ്പെടുന്നത്. കേരളത്തിന്‍റെ ചരിത്രത്തിലെ തന്നെ വളരെ നീചമായ ഒരു സംഭവം. വളരെ അധികം പൊലീസുകാര്‍ ഇങ്ങനെ കാണുമെങ്കിലും, ഞാന്‍ വളരെ കുറച്ചു നല്ല പോലിസുകാരേം കണ്ടിട്ടുണ്ട്. നന്ദി.

    അത്ക്കന്‍: നന്ദി.

    കാവലാന്‍: രോഷം മനസ്സിലാക്കുന്നു. എന്‍റെ അറിവ് അതൊരു ആത്മഹത്യ അല്ല എന്നാണ്.

    ഗോപന്‍: നന്ദി. അഭിപ്രായത്തിന്.

    ശ്രീ : നന്ദി. തങ്കമണിയേപ്പോലെ പതിനായിരങ്ങള്‍ ഉണ്ട് ഇന്ത്യയില്‍.

    അനൂപ്‌ : നന്ദി, എന്നെക്കാള്‍ അവരുടെ കൂടെ സ്ഥിരമായ്‌ ജോലിയുമായ് ബന്ധപ്പെട്ട് ഇടപെടുന്ന വളരെ അധികം ഫീല്‍ഡ് workers കേരളത്തിലും, മറ്റ് സംസ്ഥാനങ്ങളിലും ഉണ്ട്. പലരും അഭ്യസ്തവിദ്യരും ആണ്. അവരൊക്കെ ബ്ലോഗ് എഴുതാന്‍ തുടങ്ങിയാല്‍, അവരുടെ അനുഭവവുമായ് തട്ടിച്ചാല്‍ ഇതൊന്നും ഒന്നുമില്ല. പലരും രാത്രിയും പകലും എന്നില്ലാതെ വളരെ ആത്മാര്‍ത്ഥമായ് യാതൊരു ജാടകളും ഇല്ലാതെ ജോലി ചെയ്യുന്നത് കണ്ടിട്ടുണ്ട്. ആണ്‍ കുട്ടികള്‍ മാത്രമല്ല, ധൈര്യശാലികളായ പെണ്‍കുട്ടികളും.

    ഇതുവഴി എത്തിയ എല്ലാവര്‍ക്കും നന്ദി.

    ReplyDelete
  21. നന്ദി മാഷേ,തെറ്റ് തിരുത്തിയതില്‍..ഒത്തിരി നാളായില്ലേ കേരളം വിട്ട് പ്രയാണം തുടങ്ങിയിട്ട് ..എന്തോ ഒരു സംഭവം ആണ് ഈ തങ്കമണി എന്നറിയാമായിരുന്നു അത്ര തന്നെ ...

    ReplyDelete
  22. ഈ പരിചയപ്പെടുത്തല്‍ നന്നായി.
    ഗീതു മോഹന്‍ദാസ്‌ അഭിനയിച്ച 'ഒരിടം' എന്ന സിനിമയും ഇതേ വിഷയമാണ്‌ കൈകാര്യം ചെയ്യുന്നത്‌.രക്ഷപെടാന്‍ ആഗ്രഹമുണ്ടായിട്ടും അതിനു കഴിയാതെ കഷ്ടപ്പെടുന്നവര്‍.. കണ്ടു കഴിഞ്ഞപ്പോള്‍ വല്ലാതെ വിഷമം തോന്നി..

    ReplyDelete
  23. വെള്ളെഴുത്തിന്റെ ബ്ലോഗില്‍നിന്നാണ്‍ ഇങ്ങോട്ടെത്തിയതു.
    നളിനീജമിലയുടെ കഥ വായിച്ചപ്പോളാണ്‍ ഈ നിറ്ഭാഗ്യ
    ജീവിതങ്ങളുടെ അകത്തളങ്ങളിലേയ്ക്ക് ഒരുള്‍ക്കാഴ്ച്ചകിട്ടിയതു.
    ശ്രീവല്ലഭന്റെ ചില പോസ്റ്റുകള്‍
    വായിയ്ക്കുമ്പോള്‍,അനൂപ് പറഞ്ഞതുതന്നെ എനിയ്ക്കും തോന്നാറുണ്ട്.താങ്കളുടെതൊകെയാണ്‍
    ശരിയ്ക്ക് സാറ്ത്ഥകമായ ജീവിതം

    ReplyDelete
  24. നല്ല പോസ്റ്റ്. തങ്കമണിയെ പരിചയപ്പെടുത്തിയതിനു നന്ദി.

    ഈ പോസ്റ്റിനോടു ചേര്‍ത്തു വച്ചു വായിക്കേണ്ടതാണ് മാധവിക്കുട്ടിയുടെ ‘പദ്മാവതി എന്ന വേശ്യ’ എന്ന ചെറുകഥ.

    ReplyDelete
  25. കാപ്പിലാന്‍ : :-)
    കൊച്ചുത്രേസ്യ: വായനയ്ക്ക് നന്ദി. ഒരിടം കണ്ടില്ല. ഇവരില്‍ പലര്‍ക്കും ഒരേ കഥ തന്നെ ആവും പറയാന്‍ ഉണ്ടാവുക. പക്ഷെ അവര്‍ പ്രതികരിക്കുന്ന രീതികള്‍ പലതും. ഇവിടെ ഒരു കുറച്ചു പോസിറ്റീവ് അനുഭവം പങ്കുവയ്ക്കുക എന്നതാണ് ഞാന്‍ ഉദ്ദേശിച്ചത്.

    ഭൂമിപുത്രി: വായനയ്ക്കും അഭിപ്രായത്തിനും നന്ദി. തീര്‍ച്ചയായും ഞാന്‍ കണ്ട പലരില്‍ നിന്നും പല കാര്യങ്ങളും പഠിച്ചിട്ടുണ്ട്. മുന്‍പുള്ള കമന്റില്‍ എഴുതിയത് പോലെ എന്നെക്കാള്‍ ഇവരോടൊപ്പം അടുത്തു പ്രവൃത്തിക്കുന്ന പല സാമൂഹ്യ പ്രവര്‍ത്തകരും ഉണ്ട്. അവര്‍ക്ക് ഇതിലും വളരെ അധികം കഥകള്‍ പറയാന്‍ ഉണ്ടാവും. കൂടാതെ നളിനി ജമീലയെ പോലുള്ളവര്‍ എഴുതിയാലോ? അതുമൊക്കെ ആയ്‌ compare ചെയ്യുമ്പോള്‍ ഇതൊക്കെ വളരെ പെരിഫറല്‍ ആയ അനുഭവങ്ങള്‍.

    കിഷോര്‍: എന്‍റെ വായന വളരെ ചെറുതാണ്. പലപ്പോഴും യാത്രയായതിനാല്‍ വര്‍ഷങ്ങള്‍ ആയി വായിച്ചിട്ട്. നാട്ടില്‍ വര്‍ഷത്തില്‍ ഒരിക്കല്‍ പോകുമ്പോള്‍ അളന്നു മുറിച്ച ദിവസങ്ങള്‍, പിന്നെ തൂക്കം നോക്കിയുള്ള ലഗേജുകള്‍. അതിനിടെ ബുക്കുകള്‍ക്ക് ഇരിക്കാന്‍ സ്ഥലം ഉണ്ടാവില്ല. വായനയ്ക്ക് നന്ദി.

    ReplyDelete
  26. തങ്കമണി എന്ന ആ അമ്മക്ക് എന്റെയും പ്രണാമങ്ങള്‍!

    ReplyDelete