Thursday, 31 July 2008

ജനപ്പെരുപ്പത്തിന്‍റെ വര്‍ഗീയ മാനങ്ങള്‍

ജനപ്പെരുപ്പത്തെ മുന്‍ധാരണയോടെയാണ് പലരും വിശകലനം ചെയ്യാറ്. മതത്തിന്‍റെയും ജാതിയുടെയും മാത്രം അടിസ്ഥാനത്തിലുള്ള വിശകലനം പൂര്‍ണ ചിത്രം നല്‍കില്ല. ജനപ്പെരുപ്പത്തിന്‍റെ സാമൂഹിക- സാമ്പത്തിക പശ്ചാത്തലങ്ങള്‍ വിസ്മരിക്കപ്പെടുകയും ചെയ്യും. ഇന്ത്യയിലെ വര്‍ഗീയ ലഹളകള്‍ക്കു പുറമെ, സാമൂഹിക സാംസ്കാരിക രംഗങ്ങളിലെല്ലാം തന്നെ ഒരു സമൂഹത്തെ ഒറ്റപ്പെടുത്താനും, ' അപരസ്വത്വം' (the other) എന്ന് മുദ്രകുത്താനും ഒരു വിഭാഗം നടത്തുന്നശ്രമങ്ങളുടെ പശ്ചാത്തലത്തില്‍ വേണം ഇത്തരം പ്രവണതകളെ വിലയിരുത്താന്‍.

മതാനുശാസനങ്ങള്‍ക്ക് ജനപ്പെരുപ്പത്തിന്‍റെ മേല്‍ പ്രഥമഗണനീയമായ സ്ഥാനം ഉണ്ടെന്ന ഒരു സങ്കല്‍പ്പത്തിന്‍റെ അടിസ്ഥാനത്തില്‍ ജനസാമാന്യത്തിന്‍റെ ഇടയില്‍ അനേകം 'മിത്തുകള്‍' രൂപം കൊണ്ടിട്ടുണ്ട്. 'ഹിന്ദുക്കള്‍ക്ക് ഏക ഭാര്യാത്വമാണ് നിയമം അനുശാസിക്കുന്നത്, എന്നാല്‍ മുസ്ലിങ്ങള്‍ക്ക്‌ ബഹുഭാര്യാത്വം അനുവദനീയമാണ്'; 'ഹിന്ദുമതത്തില്‍ കുടുംബാസൂത്രണത്തെ വിലക്കുന്ന ഒന്നും തന്നെയില്ല, എന്നാല്‍ ഇസ്ലാം കുടുംബാസൂത്രണത്തെ വിലക്കുന്നു, തന്‍മൂലം മുസ്ലിംങ്ങളുടെ ഇടയില്‍ ക്രമാതീതമായ ജനസംഖ്യവര്‍ദ്ധനവ് ഉണ്ട്'; ' അത് കൊണ്ട് ജനസംഖ്യയുടെ കാര്യത്തില്‍ ഹിന്ദുക്കളെ മറികടന്ന് രാജ്യത്തിന്‍റെ ജനസംഖ്യാപരമായ ഇപ്പോഴത്തെ ക്രമം തന്നെ തകരാറിലാക്കും' ഇത്തരത്തിലുള്ള അടിസ്ഥാനരഹിതമായ പ്രചാരണങ്ങളുടെ നിജസ്ഥിതി ലഭ്യമായ കണക്കുകളുടെയും, പരക്കെ അംഗീകൃതമായ ചില നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തില്‍ വിലയിരുത്തുകയാണ് ഈ ലേഖനത്തിന്റെ ലക്ഷൃം.

1971 ലെ സെന്‍സസ് പ്രകാരം ബഹുഭാര്യാത്വം മുസ്ലീങ്ങളെക്കാളധികം ഹിന്ദുക്കളിലാണുള്ളത് (Polygamous marriages in India- A Survey, Series1, Monograph No. 4). ഈ കണക്കുകളനുസരിച്ച് ബഹുഭാര്യാത്വം ഗോത്രവര്‍ഗക്കാരില്‍ 15.25 ശതമാനവും, ബുദ്ധമതക്കാരില്‍ 7.97 ശതമാനവും, ജൈനമതക്കാരില്‍ 6.72 ശതമാനവും ഹിന്ദുക്കളില്‍ 5.80 ശതമാനവും, മുസ്ലിംങ്ങളില്‍ 5.23 ശതമാനവുമാണ്. ബഹുഭാര്യാത്വം മതാനുശാസനങ്ങളേക്കാളുപരി ചില പ്രത്യേക സാമൂഹിക ഘടനകളുടെയും, സാംസ്കാരിക സാഹചര്യങ്ങളുടെയും പ്രതിഫലനമാണെന്ന് അനുമാനിക്കാവുന്നതാണ്. അതുപോലെ, കണക്കുകള്‍ എന്ത് തന്നെയായാലും, ബഹുഭാര്യാത്വം പ്രത്യുല്‍പ്പാദനനിരക്ക് വര്‍ദ്ധിപ്പിക്കാന്‍ സഹായകമാനെന്നതിനു വ്യക്തമായ തെളിവുകള്‍ ഒന്നും തന്നെയില്ല. ഹിന്ദുക്കളിലും മുസ്ലിംങ്ങളിലും സ്ത്രീപുരുഷ അനുപാതം സ്ത്രീകള്‍ക്ക് അനുകൂലമല്ലാത്തതിനാല്‍ (1981 സെന്‍സസ് പ്രകാരം 1000 പുരുഷന്മാര്‍ക്ക് യഥാക്രമം 933 ഉം, 937 ഉം), ഒരു പുരുഷന്‍ ഒന്നിലധികം വിവാഹം ചെയ്‌താല്‍ പ്രത്യുല്‍പ്പാദന നിരക്ക് വര്‍ദ്ധിക്കാനല്ല സാദ്ധ്യത.

മുസ്ലിം ഭൂരിപക്ഷമുള്ള തുര്‍ക്കി, ഇന്തോനേഷ്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ കുടുംബാസൂത്രണ മാര്‍ഗങ്ങള്‍ സ്വീകരിച്ച ദമ്പതിമാര്‍ യഥാക്രമം 63, 48, 38 ശതമാനമായിരുന്നു (Operations Research Group, Family Planning Practices in India, Second All India Survey, 1981). ഹിന്ദുക്കള്‍ ഭൂരിപക്ഷമുള്ള ഇന്ത്യയില്‍ ഇന്ത്യയില്‍ 1981 ല്‍ കുടുംബാസൂത്രണ മാര്‍ഗങ്ങള്‍ സ്വീകരിച്ച ദമ്പതിമാര്‍ വെറും 23 ശതമാനവും. 1991 ല്‍ അത് 44 ശതമാനമായി വര്‍ദ്ധിച്ചുവെങ്കിലും, കുടുംബാസൂത്രണ ശസ്ത്രക്രിയകള്‍, പ്രത്യേകിച്ച് പുരുഷന്‍മാരിലെ വന്ധ്യംകരണ ശസ്ത്രക്രിയകള്‍ വളരെ കുറഞ്ഞു വരുന്നതായാണ് കണക്കുകള്‍ കാണിക്കുന്നത്.

ഓപ്പറേഷന്‍സ് റിസര്‍ച്ച് ഗ്രൂപ്പ് 1983 -ലും 1990 -ലും ഇന്ത്യയില്‍ നടത്തിയ സാമ്പിള്‍ സര്‍വേകള്‍ പ്രകാരം ഏതെങ്കിലും ഒരു രീതിയിലുള്ള കുടുംബാസൂത്രണ മാര്‍ഗങ്ങള്‍ സ്വീകരിച്ച ഹിന്ദുക്കള്‍ 1980 -ല്‍ 36 ശതമാനം ആയിരുന്നത് 1989 -ല്‍ 46 ശതമാനം ആയി ഉയര്‍ന്നു. (+10 %). ഇതു മുസ്ലിംങ്ങളില്‍ 23 ശതമാനം എന്നത് 34 ശതമാനം ആയി ഉയര്‍ന്നു (+11%). അതായത് കുടുംബാസൂത്രണ മാര്‍ഗങ്ങള്‍ സ്വീകരിച്ച ദമ്പതികളുടെ ശതമാനത്തിന്‍റെ വര്‍ദ്ധനവില്‍ അല്‍പ്പം കൂടുതല്‍ മുസ്ലിംങ്ങളിലാണ്. അതുപോലെ പട്ടികജാതിക്കാരുടെ ഇടയില്‍ കുടുംബാസൂത്രണ മാര്‍ഗങ്ങള്‍ സ്വീകരിച്ച ദമ്പതിമാര്‍ 1980 -ല്‍ 28 ശതമാനമായിരുന്നത് 1989 -ല്‍ 39 ശതമാനമായപ്പോള്‍ പട്ടികവര്‍ഗ്ഗക്കാരുടെ ഇടയില്‍ ഇതു രണ്ടു വര്‍ഷങ്ങളിലും മാറ്റമില്ലാതെ തുടര്‍ന്നു (33%). സ്ത്രീകളുടെ വിദ്യാഭ്യാസം, വയസ്സ്, ജീവിച്ചിരിക്കുന്ന കുട്ടികളുടെ എണ്ണം, ജീവിച്ചിരിക്കുന്ന ആണ്‍കുട്ടികളുടെ എണ്ണം എന്നിവ കൂടുന്നതനുസരിച്ച് കുടുംബാസൂത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്ന ദമ്പതിമാരുടെ എണ്ണവും കൂടുമെന്ന് ഈ സര്‍വേകള്‍ തെളിയിച്ചു. വിദ്യാഭ്യാസപരമായ ഉന്നതി ഉണ്ടായാല്‍ മുസ്ലിങ്ങളും കുടുംബാസൂത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കും എന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം.

'നിങ്ങള്‍ ദാരിദ്ര്യത്തെ ഭയന്ന് നിങ്ങളുടെ സന്താനങ്ങളെ കൊല്ലരുത്; നാമാണ് നിങ്ങള്‍ക്കും അവര്‍ക്കും നല്കുന്നത്' (ഖുര്‍ആന്‍ 6.15.1) എന്ന വചനം ആണ് ഇസ്ലാം മതത്തില്‍ കുടുംബാസൂത്രണം നിഷിദ്ധമാണ് എന്ന് വാദിക്കുന്നവര്‍ നിരത്താറ്. എന്നാല്‍ ഇതു ഒരിക്കലും കുടുംബാസൂത്രണത്തെ വിലക്കിക്കൊണ്ടുള്ളതല്ലെന്നും ഇസ്ലാം മതത്തിന് മുന്‍പുള്ള അറേബ്യന്‍ അറേബ്യന്‍ സമൂഹത്തില്‍ നിലനിന്നിരുന്ന പെണ്‍ശിശു വധത്തെ ആസ്പദമാക്കിയുള്ളതാണെന്നും ആണ് ഖുര്‍ആന്‍റെ മിക്ക വ്യാഖ്യാതാക്കളും അഭിപ്രായപ്പെട്ടിടുള്ളത്. അക്കാലത്ത് പെണ്‍കുട്ടികള്‍ സമൂഹത്തില്‍ ഒരു ഭാരമായി കരുതപ്പെട്ടിരുന്നതിനു പുറമെ പട്ടിണിയും മാനക്കേടും ഭയന്ന് അവരെ ജനിച്ച ഉടന്‍ തന്നെ വധിക്കുകയും ചെയ്തിരുന്നത് ഒരു പതിവായിരുന്നു. അതിനാല്‍ ഇസ്ലാം മതത്തെ സംബന്ധിച്ചിടത്തോളം കുടുംബാസൂത്രണത്തോടുള്ള എതിര്‍പ്പിനെക്കാളുപരി ഗര്‍ഭച്ഛിദ്രത്തോടും ലൈംഗികതയെ സംബന്ധിച്ച പടിഞ്ഞാറന്‍ രാജ്യങ്ങളുടെ നയത്തോടുമുള്ള രാഷ്ട്രീയവും സാംസ്കാരികവുമായ എതിര്‍പ്പുകള്‍ക്കാണ് പ്രാധാന്യം.

കൃത്രിമ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ വഴിയുള്ള കുടുംബാസൂത്രണത്തോടുള്ള കാതോലിക്കാ സഭയുടെ യാഥാസ്ഥിതിക സമീപനവും സമീപകാലത്ത് ലോക ശ്രദ്ധയാകര്‍ഷിക്കുകയുണ്ടായല്ലൊ. എങ്കിലും കാതോലിക്കാ ഭൂരിപക്ഷമുള്ള ഫ്രാന്‍സ്, ഇറ്റലി, അയര്‍ലാന്‍റ് എന്നിവിടങ്ങളില്‍ ജനപ്പെരുപ്പമോ, അതിന്‍റെ വളര്‍ച്ചാനിരക്കോ ഒരു പ്രശ്നമേ അല്ല. ഇന്ത്യയിലെ തന്നെ കാതോലിക്കാ ഭൂരിപക്ഷമുള്ള ഗോവ ജനനനിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ്. അതുപോലെ ആകെ ജനസംഖ്യയില്‍ വളരെക്കുറച്ചുമാത്രം (7.8%) മുസ്ലിംങ്ങള്‍ അധിവസിക്കുന്ന രാജസ്ഥാനില്‍ ജനസംഖ്യാ വളര്‍ച്ചാനിരക്ക് 28.4 ശതമാനം ആണ്. ഇത് ജനസംഖ്യയില്‍ മുസ്ലിം ഭൂരിപക്ഷമുള്ള മലപ്പുറത്തെ വളര്‍ച്ചാനിരക്കുമായി (28.87%) താരതമ്യം ചെയ്യുമ്പോള്‍ മതവും ജനപ്പെരുപ്പവുമായ് നേരിട്ടു ബന്ധപ്പെടുത്തുന്ന വാദഗതിയുടെ പൊള്ളത്തരം വ്യക്തമാകും.

ജനസംഖ്യാ 'വിസ്ഫോടനത്തെ' ജാതി-മത വിഭാഗീയതയുമായി ബന്ധപ്പെടുത്തുന്ന ഇത്തരം പ്രവണതയെ ജനസംഖ്യയെയും വികസനത്തെയും പറ്റി ലോക വ്യാപകമായി നടന്നു വരുന്ന വാദവിവാദങ്ങളുടെ ഭാഗമായ് കാണുന്നതില്‍ തെറ്റുണ്ടെന്നു തോന്നുന്നില്ല. 'വികസനമാണ് ഏറ്റവും നല്ല കുടുംബാസൂത്രണ ഉപാധി' എന്ന 1974-ലെ ബുക്കാറസ്റ്റ് ജനസംഖ്യാ കൊണ്‍ഫറന്‍സിലെ പ്രഖ്യാപനത്തിന് ശേഷം 'മു‌ന്നാം ലോക രാഷ്ട്രങ്ങളിലെ ജനപ്പെരുപ്പമാണ് വര്‍ത്തമാന- ഭാവി തലമുറകളിലെ എല്ലാ ആഗോള പ്രശ്നങ്ങള്‍ക്കും കാരണം' എന്ന് പറഞ്ഞുവെക്കുന്ന 1994-ലെ കെയ്റോ കൊണ്‍ഫറന്‍സിലെത്തി നില്‍ക്കുമ്പോള്‍ വികസിത രാജ്യങ്ങളും വികസ്വര രാജ്യങ്ങളിലെ അവരുടെ പിണിയാളുകളും തങ്ങള്‍ക്കനുകൂലമായ ലോകാഭിപ്രായത്തെ രൂപപ്പെടുത്താന്‍ ശ്രമിച്ചതിന്‍റെ ചിത്രമാണ് നാം കാണുന്നത്.

ഇന്നു മിക്ക വികസിത രാജ്യങ്ങളിലും വികസിത-വികസ്വര രാജ്യങ്ങളിലെ ചില ബുദ്ധിജീവികളുടെയും വിജ്ഞാനത്തിന്റെയും നയരൂപീകരണത്തിന്റ്റെയും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെയും ഇടയില്‍ പ്രചുര-പ്രചാരമാര്‍ജിച്ച 'നവമാല്‍ത്തൂസിയന്‍' ചിന്താഗതി പ്രകാരം മൂന്നാംലോക രാജ്യങ്ങളിലെ അനിയന്ത്രിതമായ ജനപ്പെരുപ്പം ലോകമെമ്പാടുമുള്ള ദാരിദ്ര്യം, പാരിസ്ഥിതിക പ്രശ്നങ്ങള്‍, തൊഴിലില്ലായ്മ, പോഷകാഹാരക്കുറവ്, മറ്റ് ആരോഗ്യപ്രശ്നങ്ങള്‍- ഇവയ്ക്കെല്ലാം ഹേതുവെന്നും, അതുകൊണ്ട് ജനപ്പെരുപ്പം അതിശീഘ്രം കുറയ്ക്കുകയാണ് ഇതിന് പ്രതിവിധിയെന്നും നിര്‍ദ്ദേശിച്ചു കാണുന്നു. അന്താരാഷ്ട്ര നാണയനിധിയുടെ 'സ്ട്രക്ചറല്‍ അഡ്ജസ്റ്റ്മെന്റ്റ്' പദ്ധതിയിലും മറ്റ് അന്താരാഷ്ട്ര സംഘടനകള്‍ സ്പോണ്‍സര്‍ ചെയ്യുന്ന പദ്ധതികളിലും നിറഞ്ഞു നില്ക്കുന്ന തികഞ്ഞ സാങ്കേതിക-കേന്ദ്രീകൃത സ്വഭാവം ഇഇയൊരു വീക്ഷണത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. ജനപ്പെരുപ്പം തടയുന്നതിന് ആധുനിക ഗര്‍ഭനിരോധന മാര്‍ഗങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒരു കാര്യ പരിപാടിയില്‍ ആണ് മിക്ക മൂന്നാംലോക രാഷ്ട്രങ്ങളും ഇന്ന് അവലംബിച്ച് കാണുന്നത്. ചില മതവിഭാഗങ്ങളെ, പ്രത്യേകിച്ച് മുസ്ലിംങ്ങളെ അതിവേഗം പെരുകുന്ന സമൂഹങ്ങളായി മുദ്രകുത്തുന്നതും അതില്‍ ഭീഷണിയുടെ നിറം കലര്‍ത്തി രാഷ്ട്രീയമായ് ഉപയോഗപ്പെടുത്തുന്നതും ഇത്തരം ആഗോള വ്യാപകമായ പദ്ധതികളുടെ ഫലമായിട്ടാണെന്ന് നിസ്സംശയം പറയാം.

ജനപ്പെരുപ്പമാണോ ദാരിദ്ര്യത്തിന് കാരണം അതോ ദാരിദ്ര്യം ജനപ്പെരുപ്പത്തിനു വഴിവെയ്ക്കുന്നുവൊ എന്ന പഴയ ചോദ്യത്തിലേക്ക് നാം മടങ്ങിപ്പോകേണ്ടിയിരിക്കുന്നു. ചരിത്രപരമായ് നോക്കുമ്പോള്‍ ഇന്നത്തെ വികസിത രാജ്യങ്ങളെല്ലാം തന്നെ വികസനത്തിന്‍റെ ചില പ്രത്യേക ഘട്ടങ്ങളില്‍ മരണനിരക്കിനേക്കാള്‍ ഉയര്ന്ന ജനനനിരക്കും തന്‍മൂലം ഉയര്‍ന്ന ജനസംഖ്യാ വളര്‍ച്ചാ നിരക്കും അഭിമുഖീകരിച്ചിരുന്നു. സാമ്പത്തിക-സാമൂഹിക സാഹചര്യങ്ങളില്‍ വന്ന മാറ്റവും പൊതുജനവിദ്യാഭ്യാസത്തിന്‍റെ വളര്‍ച്ചയുമെല്ലാം ചേര്‍ന്ന് ജനപ്പെരുപ്പത്തിനെ സ്വാഭാവികമായിത്തന്നെ നിയന്ത്രിക്കാനും, മരണനിരക്കിനോടൊപ്പം തന്നെ ജനനനിരക്കിനേയും കുറച്ചു കൊണ്ടുവരാനും അവയെ സഹായിച്ചു. അതുകൊണ്ട് തന്നെ വികസ്വര രാഷ്ട്രങ്ങളിലെ സാമ്പത്തിക -സാമൂഹിക സാഹചര്യങ്ങളില്‍ ഗണ്യമായ മാറ്റമുണ്ടാക്കാന്‍ കൂട്ടായി പരിശ്രമിക്കാതെ സാങ്കേതിക-കേന്ദ്രീകൃതമായ കുറുക്കുവഴികള്‍ നിര്‍ദ്ദേശിക്കുന്നതും അവ സ്വീകരിക്കാന്‍ രാഷ്ട്രീയ സമ്മര്‍ദ്ദം ചെലുത്തുന്നതും മിക്കപ്പോഴും വിപരീത ഫലമുളവാക്കും. ഇന്ത്യയില്‍ അടിയന്തിരാവസ്ഥക്കാലത്ത് നിര്‍ബന്ധപൂര്‍വ്വം കുടുംബാസൂത്രണം നടത്തിയത് രാഷ്ട്രീയമായ് സ്വീകാര്യമാല്ലാതായതും ആണ്‍കുട്ടികള്‍ക്ക് പരമ്പരാഗതമായിത്തന്നെ മുന്‍ഗണന നല്‍കിയിരുന്ന ചൈനയില്‍ 'ഒരു കുട്ടി- ഒരു കുടുംബത്തിന്' എന്ന നയം നടപ്പാക്കിയതോടെ കുട്ടിയുടെ ലിംഗ നിര്‍ണയം ഭ്രൂണാവസ്ഥയില്‍ തന്നെ നടത്തി, പെണ്‍കുട്ടിയാണെങ്കില്‍ നശിപ്പിച്ചു കളയുന്നത് വളരെ അധികം കൂടിയതുമെല്ലാം ഇതിന് ഉത്തമോദാഹരണങ്ങളാണ്.

(അവസാനിച്ചില്ല)

കുറിപ്പ്:
ഇത് 1995 ആദ്യം എഴുതി, 1996 ഫെബ്രുവരി 23/24 തീയതികളില്‍ മാധ്യമം ദിനപ്പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനമാണ്. അതിനാല്‍ കണക്കുകള്‍ക്ക് പഴക്കമുണ്ട്. പക്ഷെ എന്‍റെ വീക്ഷണത്തില്‍ കാര്യമായ മാറ്റം വന്നിട്ടില്ല. ഈയിടെ ജനപ്പെരുപ്പവുമായ് ബന്ധപ്പെട്ട ചില ലേഖനങ്ങളും അതുപോലെ കമന്റുകളും കണ്ടത് കൊണ്ട് ഇത് രണ്ടു പോസ്റ്റായി ഇടാം എന്ന് വിചാരിച്ചു.

പല ലേഖനങ്ങളും റെഫര്‍ ചെയ്തിരുന്നു. ഓര്‍മ്മയിലുള്ളത് Dr. അസ്‌ഗര്‍ അലി എന്‍ജിനീയറിന്‍റെ ഒന്നോ രണ്ടോ ലേഖനങ്ങള്‍ (പ്രത്യകിച്ചും ഖുര്‍ആനുമായ് ബന്ധപ്പെട്ട അഭിപ്രായങ്ങള്‍), Dr. മോഹന്‍ റാവു എഴുതിയ ലേഖനം എന്നിവ ഓര്‍മയില്‍ തങ്ങി നില്‍ക്കുന്നു. വര്‍ഷങ്ങള്‍ കുറെ കഴിഞ്ഞതിനാല്‍ ഒന്നും കരുതി വച്ചിട്ടില്ല. ദയവായ് ലിങ്ക് ചോദിക്കരുത് :-)

ഇതിലെ ഭാഷ വളരെ അധികം തിരുത്തി തന്ന ജോര്‍ജ് ജോസഫ് എന്ന സുഹൃത്തിനെയും നന്ദിപൂര്‍വ്വം സ്മരിക്കുന്നു.

19 comments:

  1. ജനപ്പെരുപ്പമാണോ ദാരിദ്ര്യത്തിന് കാരണം അതോ ദാരിദ്ര്യം ജനപ്പെരുപ്പത്തിനു വഴിവെയ്ക്കുന്നുവൊ എന്ന പഴയ ചോദ്യത്തിലേക്ക് നാം മടങ്ങിപ്പോകേണ്ടിയിരിക്കുന്നു.

    ReplyDelete
  2. വല്ലഭ്ജി, വളരെ പ്രസക്തമായ വിഷയം. നല്ല ലേഖനം. ഇടയന്‍മാരുടെ വചനങ്ങളും കൂടി ഫോക്കസ് ചെയ്യണമായിരുന്നു എന്നു തോന്നുന്നു.

    ReplyDelete
  3. പ്രസക്തമായ ലേഖനം. എന്നാല്‍ ചില കമ്പാരിസണുകള്‍ ആപ്പിളും ഓറഞ്ചും തമ്മിലായോ എന്നൊരു ശങ്ക ഇല്ലാതില്ല. മലപ്പുറത്തെ രാജസ്താനുമായി താരതമ്യം ചെയ്യുന്നതില്‍ എന്തര്‍ത്ഥം. മലപ്പുറത്തെ ആലപ്പുഴയുമായും ജൈസല്‍മേറിനെ റാം പൂരുമായും താരതമ്യപ്പെടുത്തൂ.

    ReplyDelete
  4. അറിവില്ലായ്മയാണ് പ്രധാന ശത്രു

    ReplyDelete
  5. വിദ്യാഭ്യാസ,സാമ്പത്തിക,സാംസ്കാരിക പുരോഗതികളിലൂടെയുള്ള സ്വാഭാവികമായ മാറ്റങളേ സമൂഹത്തില്‍ നിലനില്‍ക്കുകയുള്ളൂ.
    അതില്ലാതെ എന്തെങ്കിലും അടിച്ചേല്‍ പിക്കാന്‍ ശ്രമിച്ചാല്‍ ഉണ്ടാകുന്ന ഏതിര്‍ പ്രതികരണങള്‍ സ്വാഭാവികം മാത്രം.
    (എച്ച്.ജി.വെല്‍സ്....?... )

    ReplyDelete
  6. ഈ വസ്തുതകള്‍ ഒന്നുകൂടി ഫോക്കസ്സിലേയ്ക്ക് കൊണ്ട്വന്ന്ത് നന്നായി ശ്രീവല്ലഭന്‍.
    അധികാരക്കസേര പിടിച്ചെടുക്കാനായി വറ്ഗ്ഗീയവികാരമിളക്കിവിടുന്നവരുടെ സ്ഥിരം വായ്ത്താരിയാണ്‍ ഏതാനും വറ്ഷങ്ങള്‍ക്കുള്ളില്‍
    ഹിന്ദുമതം(?)തന്നെയില്ലാതാകുമെന്നൊക്കെയുള്ള
    പ്രചരണം.കേട്ടതൊക്കെ അപ്പാടേവിഴുങ്ങുന്ന സാധാരണക്കാരില്‍ ഒരു തരം പാനിക്ക് സൃഷ്ടിച്ച്
    അത് മുതലെടുക്കുകയാണല്ലൊ ഇവരുടെ പതിവ്
    അജണ്ട

    ReplyDelete
  7. കുറേ നാളുകള്‍ക്കു ശേഷമുള്ള വരവാണല്ലോ മാഷേ?

    ലേഖനം നന്നായി.
    :)

    ReplyDelete
  8. ഇതു വായിച്ചു.... ഇവിടെ ഒരു അഭിപ്രായം പറയാന്‍ തക്ക കഴിവൊന്നും എനിക്ക് ഇല്ല...ഇതൊക്കെ വലിയ കാര്യങ്ങളാണല്ലോ...എന്നാലും ഈ നിരീക്ഷണങ്ങള്‍ വളരെ നന്നായി ചെയ്തിരിക്കുന്നു...

    ReplyDelete
  9. ജനങ്ങള്‍ one sided ആയി മാത്രം കാര്യങ്ങള്‍ മനസ്സിലാക്കേണ്ടിവരുന്നതാണു് ഒരു പ്രധാന പ്രശ്നമെന്നു് തോന്നുന്നു. താരതമ്യം ചെയ്യാനുള്ള സാദ്ധ്യതകള്‍ ഇല്ലെങ്കില്‍ പിന്നെ എന്തറിവു്? ജനങ്ങള്‍ polarize ചെയ്യപ്പെടുന്നതിനു് പിന്നില്‍ പ്രവര്‍ത്തിക്കുന്നതു് രാഷ്ട്രീയത്തിലേയും മതങ്ങളിലേയും നേതാക്കള്‍ മാത്രമാണു്. ജനപ്പെരുപ്പം അവര്‍ക്കെന്തു് പ്രശ്നം? വിതരണം ചെയ്യപ്പെടാന്‍ രാജ്യത്തിന്റെ പൊതുസമ്പത്തു് മാത്രമേയുള്ളു എന്നതു് അവര്‍ക്കു് ബാധകമല്ലല്ലോ. അനുയായികളുടെ അംഗസംഖ്യ കൂടിയാല്‍ സ്വന്തം പോക്കറ്റില്‍ വീഴുന്ന അപ്പക്കഷണങ്ങളുടെ എണ്ണവും കൂടുമല്ലോ എന്നതാണു് നേതാക്കളുടെ “വിശാലമനസ്ഥിതി”! മാധ്യമങ്ങളുടെ കാര്യം അതില്‍ കഷ്ടം! ഒന്നുകില്‍ പക്ഷവാദം അല്ലെങ്കില്‍ ലാഭേച്ഛ!

    അനുയായികളെ എന്നാളും സ്വന്തം ലായങ്ങളില്‍ പിടിച്ചുനിര്‍ത്താന്‍ “അപരസ്വത്വത്തെ” ചെകുത്താന്‍ ആയി ചിത്രീകരിക്കുന്നതല്ലേ ഏറ്റവും എളുപ്പം? ശത്രുചിത്രങ്ങള്‍ കാണിച്ചു് ജനങ്ങളെ തമ്മിലടിപ്പിച്ചു്, ആടുകള്‍ ഇടികൂടുമ്പോള്‍ വീഴുന്ന ചോര നക്കുന്ന കുറുക്കനെപ്പോലെയുള്ള നേതൃത്വം! പൊക്കിക്കൊണ്ടു് നടക്കാന്‍ രക്തസാക്ഷികളെ കിട്ടുമെന്നതിനാല്‍, കുത്തിലും വെട്ടിലുമൊക്കെ ആരെങ്കിലും ചത്തുകിട്ടാന്‍ ആറ്റുനോറ്റു് കാത്തിരിക്കുന്ന കശ്മലന്മാര്‍!

    സാമൂഹികപ്രശ്നങ്ങളുടെ പരിഹാരത്തിനായി ഇവരില്‍ നിന്നൊക്കെ നിഷ്പക്ഷവും, ക്രിയാത്മകവും, നിര്‍മ്മാണാത്മകവുമായ എന്തു് നന്മകളാണു് പ്രതീക്ഷിക്കാനാവുക?‍ അവര്‍ നിലനില്‍ക്കുന്നതുതന്നെ ഇത്തരം സാമൂഹികപ്രശ്നങ്ങള്‍ ഉള്ളതുകൊണ്ടും അവ മുതലെടുത്തുകൊണ്ടുമല്ലേ? ഈ പ്രശ്നങ്ങള്‍ ഇല്ലാതാവണമെന്നു് പ്രസംഗിക്കുക എന്നല്ലാതെ, അവ ഇല്ലാതായാല്‍ പിന്നെ ഇക്കൂട്ടര്‍ എങ്ങനെ ജീവിക്കും?

    രാഷ്ട്രീയത്തിലാണെങ്കില്‍, ഓരോ വിഭാഗവും കഴിഞ്ഞകാലങ്ങളില്‍ ചെയ്ത നാറിത്തരങ്ങള്‍ പരസ്പരം വിളിച്ചുപറഞ്ഞു് സ്വന്തം “യോഗ്യത” തെളിയിക്കാന്‍ ശ്രമിക്കുന്ന കുരങ്ങുനാടകങ്ങള്‍ അവതരിപ്പിച്ചു് ജനങ്ങളെ “രസിപ്പിക്കുക”, അഥവാ മണ്ടന്‍ കളിപ്പിക്കുക എന്നതാണല്ലോ മുഖ്യഹോബി!

    ReplyDelete
  10. Dear Shri,

    Here is an article related to this post.

    Thank you for post!

    ReplyDelete
  11. മലപ്പുറത്ത് നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം കൂടിയത് അവിടെ ഹിന്ദുക്കളുറ്റെ എണ്ണ്‌ത്തിൾ വന്ന വർധന കൊണ്ടാണെന്നു ഇപ്പൊൾ മസ്സിലായി. നല്ല ലേഖനം. ഇനിയും ഇത്ത്രം ലേഖനം എഴുതണേ

    ReplyDelete
  12. കണക്കുകളൊക്കെ പഴയതാണെന്ന് വല്ലഭന്‍ ജി പറഞ്ഞതുകൊണ്ട് മനസ്സിലാക്കുന്നു. അല്ലെങ്കിലും എനിക്കിതൊരു ആധികാരികമായ ലേഖനം തന്നെ. നന്ദി

    ReplyDelete
  13. Before publishing such an old data at least search yourself on web. You talk about population and then inside percentage of people doing family planning.

    ReplyDelete
  14. മുസ്ലീങ്ങളുടെയിടയിൽ ജനനനിരക്കു കൂടുതലാണെന്നത്‌ മാത്രമാണ് ഇതുവരെ ആധികാരികമായി തെളിയിക്കപ്പെട്ടിട്ടുള്ളത്. അല്ലാതെ, അതിന് ബഹുഭാര്യാത്വം ഒരു കാരണമാകുന്നുണ്ട്‌ എന്നൊന്നും കണ്ടെത്തിയിട്ടുള്ളതായി കേട്ടിട്ടില്ല. അത്തരമൊരു പഠനം നടന്നതായി (നടക്കുമെന്നും) തോന്നുന്നില്ല.

    മുസ്ലീങ്ങളെ സംബന്ധിച്ച പൊതുധാരണകൾ തിരുത്താനുദ്ദേശിച്ച്‌ ഇത്തരം പലലേഖനങ്ങളും ഇടയ്ക്കു വരാറുള്ളതു നല്ലതാണ്. പക്ഷേ, കാര്യങ്ങൾ യാഥാർത്ഥ്യബോധത്തോടെ സമ്പൂർണ്ണമായി വിലയിരുത്താൻ കഴിയാതെ, ഒരു വശം മാത്രം പരിശോധിച്ചും പ്രതിരോധത്തിലൂന്നിയും മാത്രം സംസാരിക്കുന്നവയാണ് അവയെല്ലാം എന്നതുകൊണ്ട്‌ അവ വിപരീതഫലമുളവാക്കുന്നില്ലേ എന്നു കൂടി സംശയിക്കണം. ദേശീയകുടുംബാസൂത്രണപദ്ധതിയുടെ ഏറ്റവും ഒടുവിലത്തെ അവലോകനറിപ്പോർട്ടിലെ ചില കണക്കുകൾ പുറത്തുവന്നിട്ട്‌ ഏതാനും ആഴ്ചകളേ ആയിട്ടുള്ളൂ. കേരളത്തിലെ ജനനനിരക്ക്‌ 1.7 മാത്രമാണ്. ദേശീയശരാശരിയായ 2.9 എന്നതിലും താഴെ. പക്ഷേ, മലപ്പുറം ജില്ലയിൽ മാത്രം ജനനനിരക്ക്‌ ദേശീയശരാശരിയിലും ഏറെ മുകളിലാണ് - 4.5! സംസ്ഥാനശരാശരിയേക്കാൾ 2.64 മടങ്ങ്‌ അധികം. ‘ഭൂമിപുത്രി’ പറഞ്ഞതുപോലെ സാധാരണക്കാരിൽ ഇതു വലിയ ‘പാനിക്’ ഒന്നും ഉണ്ടാക്കിയില്ലെങ്കിലും, അത്‌ കുറഞ്ഞപക്ഷം ദേശീയ കുടുംബക്ഷേമവകുപ്പിനെയെങ്കിലും ഞെട്ടിപ്പിച്ചുകളഞ്ഞ ഒരു കണക്കുതന്നെയാണ്.

    കേരളത്തിൽ പലയിടത്തും അസംബ്ലി മണ്ഡലങ്ങൾ ഇല്ലാതായപ്പോൽ മലപ്പുറം ജില്ലയിൽ മാത്രം അഞ്ചുമണ്ഡലങ്ങളാണ് വർദ്ധിച്ചത്‌ എന്നതും മറ്റൊരു കേവലയാഥാർത്ഥ്യമാണ്. മുസ്ലീങ്ങൾക്കു മൃഗീയഭൂരിപക്ഷമുള്ള ജില്ലയിൽ മാത്രം ഇത്തരമൊരു ഭീമമായ വ്യത്യാസം ഉണ്ടാകുന്നത്‌ എന്തുകൊണ്ടാണെന്നു വിശദീകരിക്കുന്നതിൽ പരാജയപ്പെടുന്നിടത്താണ് ഇത്തരം ലേഖനങ്ങളുടെ ന്യൂനതവ്യക്തമാകുന്നത്‌. ‘അപരസ്വത്വം’ എന്നൊക്കെയുള്ള വാക്കിൽത്തൂങ്ങിയുള്ള കളി രചനയുടെ പ്രധാന ഉദ്ദേശം വെളിപ്പെടുത്തുന്നുണ്ട്‌. ആ ഉദ്ദേശം മോശമാണെന്നല്ല. പക്ഷേ, കമന്റുകളുടെ പൊതുസ്വഭാവം നോക്കിയാലുമറിയാം - അങ്ങനെയൊരു ‘പ്രതിരോധ’ത്തിന്റെ ടോണിലേയ്ക്ക്‌ ആളുകളെ കൊണ്ടുപോകുക മാത്രമാണ് ഈ ലേഖനം ചെയ്യുന്നതെന്ന്‌. അതുതന്നെയാണിതിന്റെ പരാജയവും.

    ജനപ്പെരുപ്പത്തിന് തീർച്ചയായും ചില വർഗ്ഗീയമാനങ്ങളൊക്കെയുണ്ട്‌. അത്‌ ആരും കൃത്രിമമായി സൃഷ്ടിക്കുന്നതൊന്നുമല്ല. അതൊരു കേവലയാഥാ‍ർത്ഥ്യം മാത്രമാണ്. ഒരു സമുദായത്തിൽ മാത്രം ജനസംഖ്യാവർദ്ധനവ്‌ ക്രമാതീതമാണെന്നതു കണ്മുന്നിൽ ദൃശ്യമാകുകയും ആധികാരികമായ കണക്കുകൾ അതിനെ പിന്തുണയ്ക്കുകയും ചെയ്യുമ്പോൾ ആളുകൾ അതേപ്പറ്റി സംസാരിക്കുന്നതു സ്വാഭാവികമാണ്. അതേപ്പറ്റി പറയുന്നവർ ‘ഗൂഢോദ്ദേശ്യ‘ത്തോടെയാണ് പറയുന്നത്‌ എന്നൊക്കെയുള്ള മുൻ‌വിധികളിലേയ്ക്ക്‌ എടുത്തുചാടി ഉടൻ‌തന്നെ അതിനെ പ്രതിരോധിക്കുന്നതും തീർച്ചയായും ഒരു വർഗ്ഗീയസമീപനം തന്നെയാണ്. അതൊഴിവാക്കി, ജനസംഖ്യാനിയന്ത്രണമടക്കമുള്ള കാര്യങ്ങൾ തികച്ചും മതേതരമനസ്സോടെ സമീപിച്ച്‌, യാഥാർത്ഥ്യബോധത്തോടെ കാര്യങ്ങൾ വിലയിരുത്തി, ഫലപ്രദമായ പദ്ധതികൾ ആവിഷ്കരിക്കാനാണു ശ്രമിക്കേണ്ടത്‌. കുടുംബാസൂത്രണം അടിച്ചേൽ‌പ്പിക്കുന്നത്‌ ദേശീയനയമല്ലെങ്കിലും, ഇതുസംബന്ധിച്ച ബോധവൽക്കരണപ്രവർത്തനങ്ങൾക്ക്‌ മലപ്പുറം ജില്ലയിൽ കൂടുതൽ ഊന്നൽ കൊടുക്കാൻ തന്നെയാണ് ദേശീയകുടുംബക്ഷേമവകുപ്പ്‌ നിർദ്ദേശിച്ചതും.

    ദേശീയകുടുംബക്ഷേമവകുപ്പ്‌ വർഗ്ഗീയതാല്പര്യങ്ങളോടെ പ്രവർത്തിക്കുന്നു എന്ന മട്ടിലൊക്കെയുള്ള ദുരാരോപണങ്ങൾ ഉയർത്തിക്കൊണ്ടുള്ള ലേഖനങ്ങൾ ഉണ്ടാവാതെയിരിക്കട്ടെ എന്നും എല്ലാവരും തികഞ്ഞ ഉത്തരവാദിത്തബോധത്തോടെ പ്രവർത്തിക്കട്ടെ എന്നും പ്രാർത്ഥിക്കാം.

    ReplyDelete
  15. അറിവു പകര്‍ന്ന ലേഖനം.
    എല്ലായിടത്തും മതം ജാതി ഒക്കെ വലിഞ്ഞു കയറി വരുന്നു.

    ReplyDelete
  16. നന്ദി ശ്രീ വല്ലഭന്‍ തേടി കൊണ്ടു നടന്ന നിരവധി കാര്യങ്ങളറിയാന്‍ കഴിഞ്ഞതില്‍..

    ReplyDelete
  17. ദരിദ്രരുടെ ഇടയിലാണ്‍ ജനനനിരക്ക് കൂടുതല്‍ എന്ന് കേട്ടിട്ടുണ്ട്.

    ReplyDelete
  18. പാമരന്‍: നന്ദി. ഇതു പതിമൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പെഴുതി പ്രസിദ്ധീകരിച്ച ലേഖനം അതുപോലെ ഇട്ടതാണ്. നോക്കട്ടെ, സമയമുണ്ടെങ്കില്‍ വീണ്ടും എഴുതാം.

    അയല്‍ക്കാരന്‍ : നന്ദി. തീര്‍ച്ചയായും നല്ല ഒബ്സര്‍വേഷന്‍ ആണ്. പക്ഷെ എന്‍റെ ഉദ്ദേശം 'മതം' അല്ല ജനപ്പെരുപ്പത്തിന്റെ ആത്യന്തികമായ കാരണം. അങ്ങിനെ ആണെങ്കില്‍ മുസ്ലിംങ്ങള്‍ ഉള്ള സ്ഥലങ്ങളില്‍ എല്ലാം ജനപ്പെരുപ്പം വളരെ അധികവും, ഹിന്ദുക്കള്‍ അധികം ഉള്ള സ്ഥലങ്ങളില്‍ എല്ലാം ജനപ്പെരുപ്പം കുറവും ആകണമല്ലോ.

    പ്രിയ ഉണ്ണികൃഷ്ണന്‍; തീര്‍ച്ചയായും അതും ഒരു കാരണം ആണ്. അടുത്ത ഭാഗം ഇന്നു ഇട്ടിട്ടുണ്ട്. ഒന്നു നോക്കുമല്ലോ.

    അടകോടന്‍ : (എച്ച്.ജി.വെല്‍സ്....?... ) :-)

    Anonymous 1 : .. .. .. :-)

    ഭൂമിപുത്രി, ശ്രീ, ശിവ, നിരക്ഷരന്‍ : നന്ദി. കുറച്ചു തിരക്കിലായതിനാല്‍ ഒന്നും എഴുതാന്‍ പറ്റിയിരുന്നില്ല.

    സി. കെ. ബാബു : അതെ. വാസ്തവം.

    സലാം: ലിന്കിനു നന്ദി. കൂടുതല്‍ വായിക്കേണ്ടിയിരിക്കുന്നു.

    Anonymous 2: ഇനിയും എഴുതാം. ഓര്‍ഗനൈസറില്‍ വന്ന ഒരു ലേഖനം ഉണ്ട്. അതിനെ ശ്ലാഘിച്ചു കൊണ്ടു ഒരു ലേഖനം ഇട്ടാലോ എന്നും ആലോചിക്കുന്നുണ്ട്. :-)

    Anonymous 3: Thanks. This is an old publication of mine in a newspaper (1996). I have added many of the available date at that point by reading articles and reports. I was not using internet at that time! I have checked in the web, and to my surprise, found a number of similar articles written in English! I hope to come out with more if time permits.

    I also have a suggestion for you. Please search the link between family planning and population growth, and you will get thousands of scientific articles. I could give some links later.

    കാണാപ്പുറം നകുലന്‍: വിശദമായ കമന്റിനു നന്ദി. തീര്ച്ചയായും ഇതൊരു കുറ്റവും കുറവും ഇല്ലാത്ത ലേഖനം അല്ല. ഗവേഷണ വിദ്യാര്ത്ഥി ആയിരുന്നപ്പോള്‍ എഴുതിയത് അത് പോലെ പകര്‍ത്തി എഴുതി എന്ന് മാത്രം. അതിന് രാഷ്ട്രീയം ഉണ്ട്. (ഞാന്‍ ഇതു വരെ ഒരു പാര്‍ട്ടിയുടേയും അംഗമോ, കൊടിപിടിക്കുകയോ ചെയ്തിട്ടില്ല)

    ബഹുഭാര്യാത്വവും fertility rate മായ് ബന്ധപ്പെടുത്തി വളരെ അധികം scientific articles വന്നിട്ടുണ്ട്. മറ്റു രാജ്യങ്ങളിലും, ഇന്ത്യയിലും. പക്ഷെ അതില്‍ എല്ലാം തന്നെ ബഹുഭാര്യാത്വം കുടുംബത്തിന്റെ ശരാശരി വലിപ്പം കൂട്ടുമെങ്കിലും fertility rate കുറയ്ക്കും എന്ന് തന്നെ ആണ് കാണുന്നത്. പല കാരണങ്ങള്‍ പറയുന്നുണ്ട്. (പിന്നീട് വിശദീകരിക്കാം). എന്ന് വച്ചു ഞാന്‍ അതിനെ പിന്താങ്ങുന്നു എന്നല്ല! ഇവിടെ ഞാന്‍ ഉന്നയിച്ച പ്രശ്നം 'അതിന് ബഹുഭാര്യാത്വം ഒരു കാരണമാകുന്നുണ്ട്‌' എന്നുള്ള പ്രൊപൊഗന്ടകളെയും, വിശ്വാസത്തെയും കുറിച്ചാണ്. (ഇതു ഖണ്ടിച്ചു കൊണ്ടും ലേഖനങ്ങള്‍ വന്നിട്ടുണ്ട്.)

    ഏറ്റവും പുതിയ കണക്കുകള്‍ വെബില്‍ തപ്പിയെങ്കിലും കിട്ടിയിട്ടില്ല. നോക്കാം.

    "ജനപ്പെരുപ്പത്തിന് തീർച്ചയായും ചില വർഗ്ഗീയമാനങ്ങളൊക്കെയുണ്ട്‌. അത്‌ ആരും കൃത്രിമമായി സൃഷ്ടിക്കുന്നതൊന്നുമല്ല. അതൊരു കേവലയാഥാ‍ർത്ഥ്യം മാത്രമാണ്. ഒരു സമുദായത്തിൽ മാത്രം ജനസംഖ്യാവർദ്ധനവ്‌ ക്രമാതീതമാണെന്നതു കണ്മുന്നിൽ ദൃശ്യമാകുകയും ആധികാരികമായ കണക്കുകൾ അതിനെ പിന്തുണയ്ക്കുകയും ചെയ്യുമ്പോൾ ആളുകൾ അതേപ്പറ്റി സംസാരിക്കുന്നതു സ്വാഭാവികമാണ്. അതേപ്പറ്റി പറയുന്നവർ ‘ഗൂഢോദ്ദേശ്യ‘ത്തോടെയാണ് പറയുന്നത്‌ എന്നൊക്കെയുള്ള മുൻ‌വിധികളിലേയ്ക്ക്‌ എടുത്തുചാടി ഉടൻ‌തന്നെ അതിനെ പ്രതിരോധിക്കുന്നതും തീർച്ചയായും ഒരു വർഗ്ഗീയസമീപനം തന്നെയാണ്."

    അത്രയ്ക്ക് ശുദ്ധമനസ്കരല്ല ഇതൊക്കെ സംസാരിക്കുന്നത് എന്ന് കാണുമ്പോള്‍ ചിലപ്പോള്‍ തെളിവുകള്‍ നിരത്തേണ്ടി വരും! അത് കണ്ടില്ല എന്ന് നടിക്കുന്നതാണ് പലപ്പോഴും അത്തരക്കാരുടെ കുഴപ്പം. (താങ്കളെ അല്ല ഉദ്ദേശിച്ചത്)

    "ഒരു സമുദായത്തിൽ മാത്രം ജനസംഖ്യാവർദ്ധനവ്‌ ക്രമാതീതമാണെന്നതു കണ്മുന്നിൽ ദൃശ്യമാകുകയും"- അത് തന്നെ ആണ് ഞാന്‍ പറഞ്ഞു വന്നതും. ഒരു സമുദായത്തില്‍ മാത്രമല്ല വര്‍ദ്ധനവ്. ഒരു മലപ്പുറം എവിടെ കിടക്കുന്നു ഇന്ത്യാ മഹാരാജ്യം എവിടെ കിടക്കുന്നു? ആളുകള്‍ സംസ്സാരിക്കുന്നതില്‍ തെറ്റില്ല. അതിനുള്ള ചില തിരുത്തലുകള്‍ മാത്രം ആണ് ഇത്തരം ലേഖനം.

    "ദേശീയകുടുംബക്ഷേമവകുപ്പ്‌ വർഗ്ഗീയതാല്പര്യങ്ങളോടെ പ്രവർത്തിക്കുന്നു എന്ന മട്ടിലൊക്കെയുള്ള ദുരാരോപണങ്ങൾ ഉയർത്തിക്കൊണ്ടുള്ള ലേഖനങ്ങൾ ഉണ്ടാവാതെയിരിക്കട്ടെ"
    അങ്ങിനെ ഉണ്ടായാല്‍ തീര്ച്ചയായും അതിനെതിരെയും ലേഖനങ്ങള്‍ വരും. അതല്ലേ അതിന്റെ ശരി?

    ഗീതാഗീതികള്‍, നചികേതസ്സ് : നന്ദി

    Asokan: ദാരിദ്ര്യം, അറിവില്ലായ്മ, വിദ്യാഭ്യാസം എല്ലാം അതിന് കാരണം ആണ്.

    ReplyDelete