ഉമ്മറത്തെത്തിയ അതിഥികളെ
സ്നേഹപൂര്‍വം സ്വീകരിച്ചിരുത്തിയപ്പോള്‍
അവളുടെ കണ്ണുകളിലെ വിഷാദം
ഒരായിരം കഥകള്‍ പറഞ്ഞു
പത്ത് വയസ്സിന്‍റെ കുട്ടിത്തത്തില്‍ നിന്നും
അന്‍പതു വയസ്സിന്‍റെ പക്വതയിലേയ്ക്കുള്ള
അവളുടെ പ്രയാണം
അതിവേഗമാണെന്നു തോന്നി
അഞ്ചു പേരെയും
ഒരുമിച്ചു സ്വീകരിക്കാന്‍
അക്കയ്ക്ക് സമ്മതമില്ലെന്നു പറയുമ്പോള്‍
അവളുടെ കണ്ണുകളിലൂറിയ വേദന,
എന്‍റെ ആത്മാവിലെ
മായ്ക്കാനാവാത്ത നൊമ്പരമായി മാറി
അവളുടെ മനസ്സിലപ്പോള്‍ എന്തായിരുന്നു?
അക്കയോടൊപ്പം രമിക്കാനെത്തുന്ന
പുരുഷ വര്‍ഗ്ഗത്തോടുള്ള അടങ്ങാത്ത വിദ്വേഷമോ?
അതോ, സ്വജീവിതത്തില്‍
വരാനിരിക്കുന്ന ദുരന്തങ്ങളെയോര്‍ത്തുള്ള
കുഞ്ഞു മനസ്സിന്‍റെ താളം തെറ്റിയ ചിന്തകളോ?
പേരറിയില്ലെന്നാകിലും
വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണ്ട മുഖം
എന്‍റെ മകളിലൂടെ ഞാന്‍ നിത്യവും കാണുന്നു
ഇപ്പോള്‍ നീ കൌമാരത്തില്‍ നിന്നു
യൌവനത്തിലേയ്ക്ക് കാലൂന്നുമ്പോള്‍,
പെദ്ദാപുരത്തെ ചുവന്ന കഴുകന്‍മാര്‍
കൊത്തിക്കൊണ്ടു പറന്നിരിക്കയില്ലെന്ന്
ആത്മാര്‍ത്ഥമായ് ആഗ്രഹിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു.
-----------------------------------------
ആന്ധ്രപ്രദേശിലെ പെദ്ദാപുരത്ത് AIDS പ്രതിരോധ പ്രവര്‍ത്തനവും, സഹായങ്ങളും നല്‍കുന്ന ഒരു സന്നദ്ധ സംഘടനയിലെ നാലു പ്രവര്‍ത്തകരോടൊപ്പം 2002 -ല്‍ സഞ്ചരിച്ചപ്പോള്‍ കണ്ടുമുട്ടിയ 10 വയസ്സുകാരി പെണ്‍കുട്ടിയെക്കുറിച്ച്......പെദ്ദാപുരം- രാജമുണ്ട്രിക്കടുത്തുള്ള ഒരു വേശ്യാ ഗ്രാമം.